സംഗീത ഇതിഹാസം ഇളയരാജയുടെ ജീവിതം സിനിമയാകുന്നതായി റിപ്പോര്‍ട്ട്. തമിഴ് താരം ധനുഷായിരിക്കും ചിത്രത്തില്‍ ഇളയരാജയായി ചിത്രത്തില്‍ വേഷമിടുക. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ ലത ശ്രീനിവാസാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
ധനുഷിന്റെ അഭിനയ ജീവിതത്തിലെ ആദ്യ ബയോപിക് ആണിതെന്നും അത് തന്നെ ഒരു ഐക്കോണിക് വേഷത്തിലെത്താന്‍ കഴിയുന്നുവെന്നും ലത ശ്രീനിവാസ് കുറിച്ചു. അടുത്ത വര്‍ഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും 2025ല്‍ ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇളയരാജയുടെ ബയോപിക്കില്‍ ധനുഷ് നായകനാകണമെന്ന് താന്‍ ആഗ്രഹിക്കുന്നതായി യുവന്‍ ശങ്കര്‍ രാജ പറഞ്ഞിരുന്നു.
അതേസമയം ക്യാപ്റ്റന്‍ മില്ലറാണ് ധനുഷിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. 'സാനി കായിദം' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം അരുണ്‍ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ കന്നഡ നടന്‍ ശിവരാജ്കുമാറും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ധനുഷിന്റെ സഹോദരനായാണ് നടന്‍ എത്തുന്നത്. പ്രിയങ്ക മോഹന്‍ നായികയായി എത്തുന്ന ചിത്രത്തില്‍ സുന്‍ദീപ് കിഷന്‍, നിവേദിത സതീഷ്, ജോണ്‍ കോക്കന്‍, ഡാനിയല്‍ ബാലാജി, വിനായകന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന താരങ്ങളും അഭിനയിക്കുന്നുണ്ട്.
സംവിധാന സംരംഭം 'ഡി 50'യുടെ തിരക്കുകളിലാണ് നിലവില്‍ താരമുള്ളത്. 'കര്‍ണ്ണ'ന് ശേഷം മാരി സെല്‍വരാജിനൊപ്പം പുതിയ സിനിമയും പ്രഖ്യാപിച്ചു കഴിഞ്ഞു. ശേഖര്‍ കമ്മുലയ്ക്കൊപ്പം ഒരു പാന്‍-ഇന്ത്യന്‍ സിനിമയും ആനന്ദ് എല്‍ റായിയുടെ ഹിന്ദി ചിത്രമായ 'തേരേ ഇഷ്‌ക് മേ'യും ധനുഷിന്റെതായി അണിയറയിലുണ്ട്.