ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്രയുടെ ഷൂട്ടിങ് അവസാനഘട്ടത്തിലാണ്. ചിത്രത്തിലെ ഗാനരംഗ ചിത്രീകരണത്തിനായി ഷൂട്ടിങ് സംഘം റഷ്യയില്‍ ആണ് ഉള്ളത്. ദിലീപും തമന്നയുമാണ് ഗാനരംഗത്ത് അഭിനയിക്കുക. ഇതോടെ ബാന്ദ്രയുടെ ചിത്രീകരണം പൂര്‍ത്തിയാകും.
ഷാജി കുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.എന്നാല്‍ ഷാജി കുമാറിന് പകരം സുജിത് വാസുദേവ് ആണ് ഗാനരംഗം ചിത്രീകരിക്കുക.മൂന്നു ദിവസമാണ് ഗാനരംഗ ചിത്രീകരണം. തെന്നിന്ത്യന്‍താരം തമന്ന ആദ്യമായാണ് മലയാളത്തില്‍ അഭിനയിക്കുന്നത്. അണ്ടര്‍ വേള്‍ഡ് ഡോണായി ദിലീപ് എത്തുന്ന ചിത്രത്തിന് കൊച്ചിയിലും മുംബയിലും കോയമ്പത്തൂരിലും ചിത്രീകരണം ഉണ്ടായിരുന്നു.
മുംബയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ത്രില്ലര്‍ മൂഡിലാണ് ഒരുങ്ങുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം ദിലീപിന്റെ കരിയറിലെ 147-ാമത്തെ സിനിമയാണ്. ശരത് കുമാര്‍,മംമ്ത മോഹന്‍ദാസ്, ഈശ്വരി റാവു, വി.ടി.വി ഗണേഷ്, ഡിനോ മോറിയ, ആര്യന് സന്തോഷ്, സിദ്ദിഖ്, ലെന, കലാഭവന്‍ ഷാജോണ്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്നു. രാമലീലയ്ക്കുശേഷം ദിലീപും അരുണ്‍ഗോപിയും ഒരുമിക്കുന്ന ചിത്രം എന്നതാണ് ബാന്ദ്രയുടെ മറ്റൊരു പ്രത്യേകത.
ഉദയകൃഷ്ണ ആണ് രചന. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് നിര്‍മ്മാണം. അതേസമയം ദിലീപിനെ നായകനാക്കി റാഫി രചനയും സംവിധാനവും നിര്‍വഹിക്കുന്ന വോയിസ് ഒഫ് സത്യനാഥന് അടുത്ത മാസം റിലീസ് ചെയ്യും. വീണ നന്ദകുമാര്‍ ആണ് നായിക.