ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ. മലയാളത്തിലെ യുവതാരങ്ങള്‍ക്കും സൂപ്പര്‍ സ്റ്റാര്‍സിനുമൊപ്പവും അഭിനയിച്ച അനുശ്രീ താരജാഡകള്‍ ഒന്നുമില്ലാത്ത ഒരു താരമാണ് താനെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. തന്റെ നാട്ടിലെ പരിപാടികള്‍ക്കെല്ലാം അനുശ്രീ സജീവമായി പങ്കെടുക്കാറുണ്ട്. ലോക്ഡൗണില്‍ കൊല്ലത്തെ കമുകുംചേരിയിലെ വീട്ടിലാണ് താരമുള്ളത്. എന്നാൽ ഇന്ന് ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഇത്തവണ കണ്ണന്റെ പ്രിയ രാധയായി നടി അനുശ്രീ എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ‘രാധാമാധവം’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. പ്രണയം നിറയുന്ന രീതിയിൽ നീല ദാവണിയുടുത്ത് ശ്രീകൃഷ്ണനൊപ്പം ഊഞ്ഞാലില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ ആണ് താരം പങ്കുവച്ചിരിക്കുന്നത്.
നാട്ടിലെ ബാലഗോകുലം എല്ലാ വര്‍ഷങ്ങളിലും ശ്രീകൃഷ്ണ ജയന്തിക്ക് സംഘടിപ്പിക്കുന്ന ഘോഷയാത്രയിലും അനുശ്രീ ഭാഗമാകാറുണ്ട്. സോഷ്യൽ മീഡിയയിൽ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന ഘോഷയാത്രയില്‍ ഭാരതാംബയായി വേഷമിട്ട അനുശ്രീയുടെ വീഡിയോയും ചിത്രങ്ങളും തരംഗമായി മാറിയിരുന്നു.
ഇതേ തുടർന്ന് താരത്തിന് നേരെ സൈബര്‍ ആക്രമണങ്ങളും ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും സംഘിയാണെന്നും ആര്‍.എസ്.എസ്‌കാരിയെന്നും മുദ്രകുത്തി താരത്തെ അവഹേളിക്കുകയും അസഭ്യ വര്‍ഷം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ താന്‍ പാര്‍ട്ടി പ്രവര്‍ത്തകയല്ലെന്ന വിശദീകരണവുമായി അനുശ്രീ ഏവർക്കും മുന്നിൽ എത്തുകയും ചെയ്തിരുന്നു.
കുഞ്ഞു നാള്‍ മുതലേ ഘോഷയാത്രയില്‍ പങ്കെടുക്കാറുണ്ടെന്നും ഭാരതാംബയുടെ വേഷം കെട്ടിയതില്‍ ആരും രാഷ്ട്രീയം കാണരുതെന്നും അഭ്യര്‍ത്ഥിച്ച് അനുശ്രീ രംഗത്തെത്തിയിരുന്നു. കോവിഡ് ലോക്ഡൗണിനിടെ തന്റെ ബോള്‍ഡ് ലുക്കിലുള്ള ചിത്രങ്ങളും അനുശ്രീ പങ്കുവച്ചിരുന്നു.