ഒരുകാലത്ത്vമലയാള സിനിമയില്‍ നിറഞ്ഞുനിന്ന നായികമാരില്‍ ഒരാളാണ് നടി മേനക സുരേഷ്. വിവാഹ ശേഷമാണ് മുന്‍നിര താരങ്ങളുടെയും സംവിധായകരുടെയുമെല്ലാം സിനിമകളില്‍ അഭിനയിച്ച നടി സിനിമ വിട്ടത്. മകള്‍ കീര്‍ത്തി സുരേഷും സിനിമയില്‍ മേനകയ്ക്ക് പിന്നാലെ തിളങ്ങി. എന്നാൽ കീര്‍ത്തിയെ പോലെ തന്നെ സഹോദരി രേവതി സുരേഷും എല്ലാവര്‍ക്കും സുപരിചിതയാണ്. കാശ്മീരം എന്ന സുരേഷ് ഗോപി ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചിരുന്നു താരപുത്രി. എന്നാൽ ഇപ്പോൾ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശരീരഭാരത്തിന്‌റെ പേരില്‍ കളിയാക്കപ്പെട്ടതിനെ കുറിച്ചും വണ്ണം കുറച്ചതിനെ കുറിച്ചുമൊക്കെ താരപുത്രി തുറന്ന് പറയുകയാണ്.
'ഒരു സ്ത്രീ ചോദിച്ചു; അമ്മയും അനിയത്തിയും നല്ല സൗന്ദര്യമുളളവരാണല്ലോ, നീ എന്താ ഇങ്ങനെയായത് എന്ന്'.'മുഖം നോക്കി ഒരാള്‍ അങ്ങനെ ചോദിച്ചപ്പോള്‍ മനസ് തകര്‍ന്ന് പോകും പോലെ തോന്നിയെന്ന്' രേവതി പറയുന്നു. 'കൗമാരക്കാലത്ത് ഇത്തരം കമന്റുകള്‍ എന്നില്‍ വല്ലാത്ത അരക്ഷിതാവസ്ഥ ഉണ്ടാക്കിയിരുന്നു. ഫോട്ടോ എടുക്കാന്‍ പോലും ആരെയും സമ്മതിച്ചില്ല. ക്യാമറ കണ്ടാല്‍ ഓടിയൊളിക്കണമെന്ന തോന്നാലായിരുന്നു. ഫാഷനിലും ശ്രദ്ധിക്കാറില്ല, എന്റെ വസ്ത്രങ്ങള്‍ തിരഞ്ഞെടുത്തു തരുന്നതും ഏതൊക്കെ ആഭരണങ്ങളാണ് മാച്ചിംഗ് എന്ന് പറഞ്ഞു തരുന്നതുമൊക്കെ കീര്‍ത്തിയാണ്'.
'ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ നാടകങ്ങളില്‍ ആനയുടെയും ഹിപ്പൊപ്പൊട്ടാ മസിന്‌റെയും വേഷമേ എനിക്ക് കിട്ടിയുളളൂ. ക്ലാസിലെ മെലിഞ്ഞ് കുട്ടിയാകും നായിക, എനിക്കും നായികായാകാമല്ലോ. പിന്നെന്താ അവര്‍ ചാന്‍സ് തരാത്തത് എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്. അത്തരം കുഞ്ഞുകുഞ്ഞു സങ്കടങ്ങള്‍ എത്രമാത്രം ഒരു കുട്ടിയെ സ്വാധീനിക്കുന്നു എന്നൊക്കെ ഇപ്പോഴാണ് മനസിലാകുന്നത്'.
കുഞ്ഞാലി മരക്കാര്‍ സിനിമയുടെ സമയത്താണ് വണ്ണം കുറയ്ക്കണമെന്ന് തീരുമാനമെടുത്തത് . 'സമയം തെറ്റിയുളള ഭക്ഷണം, ഉറക്കകുറവ് എല്ലാം പ്രശ്‌നം ആയപ്പോള്‍ വണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചു. ശരീരത്തില്‍ വന്ന മാറ്റത്തിന് നന്ദി പറയുന്നത് യോഗ ഗുരു താര സുദര്‍ശനോട് ആണെന്നും' താരപുത്രി പറഞ്ഞു. 'ഭക്ഷണ നിയന്ത്രണവും യോഗയും കൊണ്ട് ഏഴ് മാസത്തിനുളളില്‍ 20 കിലോ ഭാരം കുറഞ്ഞു'.
'100ല്‍ നിന്നും 80ല്‍ എത്തിയെങ്കിലും ശ്രമം ചിട്ടയോടെ തുടരുന്നു. 65ല്‍ എത്തുകയാണ് ലക്ഷ്യം' രേവതി പറയുന്നു. '10 വര്‍ഷമായി യോഗ തുടങ്ങിയിട്ട്. അമ്മയാണ് യോഗയിലേക്ക് എത്തിച്ചത്. എന്നാല്‍ യാത്രകളും തിരക്കുമാകുമ്പോള്‍ ഡയറ്റും യോഗയും ഒന്നും കൃത്യമായി നടക്കില്ല. യോഗാ ക്ലാസില്‍ ചേര്‍ന്നപ്പോള്‍ ആദ്യം നല്ല ശരീര വേദനയുണ്ടായിരുന്നു. മെഡിറ്റേഷനിരിക്കുമ്പോള്‍ വേദന കൊണ്ട് കണ്ണ് നിറഞ്ഞൊഴുകും. ഞാന്‍ വെജിറ്റേറിയനാണ്. ആന്റി നിര്‍ദ്ദേശിച്ച ഡയറ്റാണ് ഇപ്പോഴും പിന്തുടരുന്നത്. ഇതു വായിക്കുന്ന, സമാനമായ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ആത്മവിശ്വാസം കിട്ടാനാണ് ഞാനിത്രയും പറഞ്ഞത്. ഒരു ഘട്ടത്തില്‍ സ്വയം വെറുത്തുതുടങ്ങിയ ഞാന്‍ ഇപ്പോള്‍ സ്വയം ഇഷ്ടപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. എല്ലാവരും അങ്ങനെയാവട്ടെ',രേവതി സുരേഷ് പറഞ്ഞു.