മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് അഭിരാമി. മലയാളം. തമിഴ്, തെലുങ്ക് , കന്നട എന്നീ ഭാഷാച്ചിത്രങ്ങളിൽ അഭിരാമി വേഷമിട്ടിട്ടുണ്ട്. ഒരു ടെലിവിഷൻ അവതാരകയായി ഏഷ്യാനെറ്റ് ചാനലിലെ ടോപ് ടെൻ എന്ന പരിപാടിയിലൂടെയാണ് വെള്ളിത്തിരയിലേക്ക് അഭിരാമി കടന്നു വന്നത്. 1999 ൽ ഇറങ്ങിയ മലയാളചലച്ചിത്രമായ പത്രം എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തു. പിന്നീട് മില്ലേനിയം സ്റ്റാർസ് ഞങ്ങൾ സന്തുഷ്ടരാണ് , ശ്രദ്ധ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. എന്നാൽ ഇപ്പോൾ ഇന്നത്തെ തനിക്ക് ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന സിനിമയോട് യോജിക്കാനാകില്ലെന്ന് തുറന്ന് പറയുകയാണ് താരം. 1999 ല്‍ ആ സിനിമ ചെയ്യുമ്പോള്‍ തനിക്ക് 15 വയസ് മാത്രമായിരുന്നു പ്രായമെന്നും അഭിരാമി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്,
‘അന്നത്തെ കാലഘട്ടത്തില്‍ അത്തരത്തിലുള്ള ധാരാളം സിനിമകള്‍ ഇറങ്ങിയിരുന്നതിനാല്‍ അന്നത് വലിയ വിഷയമായില്ല. കുറച്ച് തന്റേടമുള്ള സ്ത്രീയാണെങ്കില്‍ അവളെ ഒന്ന് അടിച്ചൊതുക്കണം. ജീന്‍സിട്ട സ്ത്രീ ആണെങ്കില്‍ സാരി ഉടുപ്പിക്കണം. അതൊക്കെ അന്നത്തെ സിനിമകളില്‍ ധാരാളം ഉണ്ടായിരുന്നു,’ എന്നാല്‍ ഇപ്പോള്‍ താന്‍ അങ്ങനത്തെ സിനിമകള്‍ കാണാറില്ലെന്നും അതോടൊപ്പം തന്നെ ഇന്ന് അഭിരാമി എന്ന വ്യക്തിക്ക് അതിനോട് യോജിക്കാനാകില്ല. ഇത്തരം ആശയങ്ങള്‍ ഒന്നും ഒരിക്കലും ജീവിതത്തിലേക്ക് എടുക്കരുതെന്നും അഭിരാമി പറഞ്ഞു.
ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന സിനിമ ജയറാമിനേയും അഭിരാമിയേയും കേന്ദ്രകഥാപാത്രങ്ങളാക്കി രാജസേനന്‍ ആയിരുന്നു സംവിധാനം ചെയ്തത്. ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ജഗതി ശ്രീകുമാര്‍, നരേന്ദ്രപ്രസാദ്, മഞ്ജു പിള്ള തുടങ്ങിയവരും അഭിനയിച്ചിരുന്നു.