അമ്മയായും വില്ലത്തി അമ്മായിയമ്മയായും സഹനടിയായും മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെയായിരുന്നു സീനത്തിന്റെ തുടക്കം. പിന്നീട് 1978 ല്‍ 'ചുവന്ന വിത്തുകള്‍' എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. സീരിയലുകളിലും താരം അഭിനയിക്കാറുണ്ട്. പരദേശി, പെണ്‍പട്ടണം, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ തുടങ്ങിയ സിനിമകളില്‍ ശ്വേത മേനോന് ശബ്ദം നല്‍കിയത് സീനത്തായിരുന്നു. നാല് പതിറ്റാണ്ടിലേക്ക് കടന്നിരിക്കുകയാണ് ഈ അഭിനേത്രിയുടെ കലാജീവിതം.
മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ അറുപത്തിയൊന്നാം പിറന്നാളിന് നിരവധിയാളുകളാണ് ആശംസകളുമായി രംഗത്തെത്തിയിരുന്നത്. മോഹന്‍ലാലിനു പിറന്നാള്‍ ആശംസ നേര്‍ന്ന നടി സീനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അശ്ലീല കമന്റിട്ട യുവാവിനു കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് സീനത്ത് ഇപ്പോള്‍. സീനത്തിന്റെ മറുപടി സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്.
'മോഹന്‍ലാല്‍ എന്ന വ്യക്തി അഥവാ മോഹന്‍ലാല്‍ എന്ന നടന്‍ എത്ര ഉയരങ്ങളില്‍ എത്തുന്നുവോ അത്രയും എളിമയും മറ്റുള്ളവരോടുള്ള സ്‌നേഹവും കാത്തു സൂക്ഷിക്കുന്ന വ്യക്തി ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതുപോലെ സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തിലും മോഹന്‍ലാല്‍ മുന്‍പന്തിയില്‍ തന്നെ. ഏതു ആള്‍ക്കൂട്ടത്തില്‍ നിന്നാലും ലാലിന് ചുറ്റും ഒരു വല്ലാത്ത തേജസ് ഉള്ളതുപോലെ.. ഉള്ളതുപോലെ അല്ല ഉണ്ട്. എന്നും എപ്പോഴും അതേ തേജസ്വടെയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും കാണാന്‍ ആഗ്രഹിക്കുന്നു. മനസറിഞ്ഞു പ്രാര്‍ത്ഥിക്കുന്നു.'- എന്നായിരുന്നു സീനത്തിന്റെ പിറന്നാളാശംസാ പോസ്റ്റ്.
ഇതിനു മഹമൂദ് വൈ എം എന്ന യുവാവിന്റെ അശ്ലീമ കമന്റിനു സീനത്ത് നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. 'സ്ത്രീ കളോട് ഒരു വീക്ക്‌നെസ് ആണെന്ന് കേട്ടിട്ടുണ്ട് ചേച്ചിക്ക് വല്ല അനുഭവും ഉണ്ടായിട്ടുണ്ടോ?' എന്നായിരുന്നു യുവാവിന്റെ കമന്റ്. ഇതിനെതിരെ നിരവധിയാളുകള്‍ രംഗത്തെത്തി. മോഹന്‍ലാല്‍ ഫാന്‍സും രംഗത്തെത്തി. കൃത്യ മറുപടി നല്‍കിയത് സീനത്ത് ആയിരുന്നു.
സീനത്ത് നല്‍കിയ മറുപടി ഇങ്ങനെ, സ്ത്രീ എന്നും ഒരു വീക്ക്‌നെസ്സ് തന്നെയാണ് മോനേ. അതുകൊണ്ടാണല്ലോ നമ്മളൊക്കെ ജനിച്ചത് തന്നെ. എന്നാല്‍ കൂട്ടത്തില്‍ ഇത്തിരി ബഹുമാനം ലാലിന് ഉണ്ട് എന്ന് പറഞ്ഞത് തെറ്റാണോ? എല്ലാ മനുഷ്യരിലും നല്ലതും ചീത്തയും ഉണ്ട്. ലോകം മുഴുവന്‍ വൈറസ് കൊണ്ട് നിറഞ്ഞിരിക്കുന്നു. അതുകൊണ്ട് ഉള്ള സമയം മറ്റുള്ളവരുടെ കുറ്റം കണ്ടെത്തുന്നതിന് വേണ്ടി കളയാതെ സ്വന്തം സന്തോഷത്തിനുവേണ്ടി ജീവിക്കാന്‍ നോക്ക്. നല്ലതിന് വേണ്ടി പ്രാര്‍ത്ഥിക്കാം എന്നായിരുന്നു സീനത്തിന്റെ മറുപടി.
ഒരു നാടക കലാകാരിയില്‍നിന്നാണ് സീനത്ത് ചലച്ചിത്ര അഭിനേത്രിയായി ചുവടുമാറ്റം നടത്തിയത്. 2007 ല്‍ പരദേശി എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിംഗ് കലാകാരിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അവരുടെ സഹോദരി ഹഫ്‌സത്തിനോടൊപ്പം പങ്കിട്ടിരുന്നു. രണ്ടു തവണ വിവാഹിതയായ അവരുടെ ആദ്യ വിവാഹം 1981 ജൂണ്‍ 10-ന് മലയാളനാടക സംവിധായകനും നിര്‍മ്മാതാവുമായ കെ. ടി. മുഹമ്മദുമായിട്ടായിരുന്നു. എന്നാല്‍ ഈ ബന്ധം വിവാഹമോചനത്തില്‍ കലാശിച്ചു. ഈ ബന്ധത്തിലെ പുത്രനായ ജിതിന്‍ സലീനാ സലിം എന്ന വനിതയെ വിവാഹം കഴിച്ചു. സീനത്ത് പിന്നീട് അനില്‍ കുമാര്‍ എന്നയാളെ വിവാഹം കഴിക്കുകയും കൊച്ചിയില്‍ താമസമാക്കുകയും ചെയ്തു. ദമ്പതികള്‍ക്ക് നിതിന്‍ അനില്‍ എന്ന പേരില്‍ ഒരു പുത്രനുമുണ്ട്.