അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമ മേഖലയിലേക്ക് ചുവട് വച്ച താരമാണ് നടന്‍ കൃഷ്ണ ശങ്കര്‍. തുടർന്ന് നിരവധി സിനിമകളായിരുന്നു താരത്തെ തേടി എത്തിയതും. എന്നാൽ ഇപ്പോൾ നടൻ ജോജു ജോര്‍ജിനെയും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ പരിശ്രമങ്ങളെയും അഭിനന്ദിച്ച് കൊണ്ട് കൃഷ്ണ ശങ്കര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ചൈനീസ് മുള പോലെ വര്‍ഷങ്ങളോളം പണിയെടുത്ത് മലയാള സിനിമയില്‍ വേരുറപ്പിച്ച നടനാണ് ജോജു ജോര്‍ജെന്ന് കൃഷ്ണ ശങ്കര്‍ ഇപ്പോൾ തുറന്ന് പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു നടന്‍ ഹൃദയഹാരിയായി ചെറുകുറിപ്പ് പങ്കുവെച്ചത്.
‘ചൈനീസ് മുളയ്ക്ക് ഒരു പ്രത്യേകതയുണ്ട്. അത് നട്ട്, ആദ്യത്തെ 5 വര്‍ഷം നമുക്ക് കാര്യമായ വളര്‍ച്ചയൊന്നും കാണാന്‍ പറ്റില്ല. പക്ഷെ അഞ്ചാം വര്‍ഷം അതിന്റെ വേര്, വെറും 6 ആഴ്ച കൊണ്ട് ഏകദേശം 80 അടി താഴേക്ക് വളര്‍ന്നിരിക്കുന്നത് കാണാം.ഈ വളര്‍ച്ച ശരിക്കും 6 ആഴ്ചയില്‍ ഉണ്ടായതല്ല. ആ മരം അത്രയും നാള്‍ കൊണ്ട് അതിന്റെ ശക്തമായ വേരുകള്‍ ഉണ്ടാക്കിയെടുക്കുകയായിരുന്നു. അതുപോലെ, മലയാള സിനിമയില്‍ തന്റെ ആത്മസമര്‍പ്പണം കൊണ്ട് വേരുറപ്പിച്ച ആളാണ് ജോജു ജോര്‍ജ്,’ കൃഷ്ണ ശങ്കര്‍ പറഞ്ഞു. ജോജു ജോര്‍ജ് തങ്ങള്‍ക്കെല്ലാം പ്രചോദനമാണെന്നും കൃഷ്ണ ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
നീണ്ട വര്‍ഷങ്ങള്‍ മലയാള സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടര്‍ന്നതിന് ശേഷമാണ് ജോജുവിന് കരിയറില്‍ ഒരു ബ്രേക്ക് ലഭിക്കുന്നത്. 1995ല്‍ മഴവില്‍ക്കൂടാരം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ജോജു 2010ലാണ് സഹതാരമായി മാറുന്നത്.