മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ടിനി ടോം. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലാകെ താരം ചീത്തവിളിച്ചു എന്ന പേരില്‍ ഓഡിയോ ക്ലിപ്പുകള്‍ പ്രചരിക്കുകയാണ്. എന്നാൽ ഇതിന്റെ സത്യാവസ്ഥ താരം വെളിപ്പെടുത്തി കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്.
ഞാനും വളരെ സാധാരണക്കാരനായ ഒരു വ്യക്തിയാണ് എനിക്കും പ്രതികരിക്കാന്‍ അറിയാം. പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ല. സ്ഥിരമായി കുത്തി മുറിവേല്‍പ്പിക്കുന്ന ഒരാളിനെതിരെ ഏതൊരു മനുഷ്യനും തോന്നുന്ന വികാരമാണ് എനിക്കും തോന്നിയത്. ഞാന്‍ അയാളെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും നേരിട്ട് വന്ന് എന്നോട് സംസാരിക്കാന്‍ പറയുകയും ചെയ്തു. ഇവരുടെയെല്ലാം കുഴപ്പം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല ഞാന്‍ വലിയ മഹാനാണെന്ന് ഒന്നും പറയുന്നില്ല. ഞാനും അമ്പലപ്പറമ്പില്‍ പരിപാടി അവതരിപ്പിച്ച് വളര്‍ന്നുവന്ന ആള്‍ തന്നെയാണ്. ഇവരൊക്കെ ചെയ്യുന്ന ജോലികള്‍ പോലെ ഞാന്‍ ചെയ്യുന്നതും ഒരു ജോലിയാണ്.
എനിക്ക് ജോലി അറിയാവുന്നതുകൊണ്ട് തന്നെയാണ് വലിയ വലിയ സംവിധായകര്‍ എന്നെ വിളിച്ച് ഓരോ വേഷം ഏല്‍പ്പിക്കുന്നത്. ഇങ്ങനെയുള്ളവര്‍ മോശം കമന്റ് ഇട്ടാല്‍ നശിച്ചു പോകുന്നതല്ല എന്റെ കഴിവ്, അത് ദൈവസിദ്ധമാണ്. കുറെ നാളായി എനിക്കെതിരെ മനഃപൂര്‍വം കളിക്കുന്ന ചിലരുണ്ട്. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഇവര്‍ക്കൊക്കെ കിട്ടുന്ന സംതൃപ്തി എന്താണ്? മാത്രമല്ല നല്ല വിമര്‍ശനങ്ങളെ നല്ല രീതിയില്‍ എടുക്കാറുമുണ്ട്.
നമ്മള്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തികള്‍ ആരും കാണാറില്ല. മോശം ആക്കി കാണിക്കാനാണ് ആള്‍ക്കാര്‍ ഉള്ളത്. ഇപ്പോള്‍തന്നെ ഈ വ്യക്തിക്ക് ആ ഓഡിയോ റെക്കോര്‍ഡ് ചെയ്ത് ഇടേണ്ട ആവശ്യം ഉണ്ടായിരുന്നോ? അപ്പോള്‍ അത് അയാള്‍ മനഃപൂര്‍വം ഉപദ്രവിക്കാന്‍ ചെയ്തതല്ലേ. നമ്മളെ സ്ഥിരമായി പ്രകോപിപ്പിച്ചിട്ട് ഇതുപോലെ വിളിക്കുമ്പോള്‍ ഓഡിയോ റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ഇടുന്നത് നമ്മളെ മോശക്കാരന്‍ ആക്കാന്‍ തന്നെയല്ലേ? ഇവര്‍ക്കൊക്കെ വേറെ പണിയില്ലേ?
എന്റെ പേജ് വഴി ഞാന്‍ ഒരു പാവപ്പെട്ട സുഖമില്ലാത്ത ആള്‍ക്ക് സഹായം അഭ്യര്‍ഥിക്കുകയും 12 മണിക്കൂര്‍ കൊണ്ട് വളരെയധികം പണം അതില്‍ വരികയും അയാള്‍ക്ക് അത് ഉപകാരപ്പെടുകയും ചെയ്തു. ഇതൊന്നും ഒരു സംഘടനയുടെയും പിന്‍ബലത്തില്‍ ചെയ്യുന്നതല്ല. ഞാന്‍ വളരെ കാലമായി അയാള്‍ക്ക് സഹായം ചെയ്തു കൊണ്ടിരിക്കുകയാണ്. അയാള്‍ക്ക് വേണ്ടിയാണ് ഞാനത് ചെയ്തത്. ഇതുപോലെതന്നെ പലവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളും ഞാന്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ഇതൊന്നും ഇവര്‍ ഒന്നും കാണുന്നില്ല. ഞാന്‍ സെലിബ്രിറ്റി ആയത് കൊണ്ട് എന്നെ വിമര്‍ശിച്ചാല്‍ ഇവര്‍ക്ക് വിസിബിലിറ്റി കിട്ടും അതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.
ഇപ്പോള്‍തന്നെ ആ ഓഡിയോ ഇട്ടയാളുടെ പേര് പത്തുപേര്‍ അറിഞ്ഞില്ലേ അതുതന്നെയാണ് ഇവരുടെ ആവശ്യം. സാധാരണക്കാരനായ ഒരാളെ വിമര്‍ശിച്ചാല്‍ ഇവരുടെ ആവശ്യം നടക്കില്ല അതുകൊണ്ടാണ് ഇവര്‍ ഇങ്ങനെ സെലിബ്രിറ്റികളുടെ പുറകെ നടക്കുന്നത്. സോഷ്യല്‍ മീഡിയ നല്ല കാര്യത്തിനും ചീത്ത കാര്യത്തിലും ഉപയോഗിക്കാം. ഞാന്‍ നല്ല കാര്യങ്ങള്‍ക്ക് വേണ്ടിയാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്. ചിലര്‍ പക്ഷേ ദുഷ്ടലാക്കോടെ പെരുമാറുന്നു. ഇതിന്റെയൊന്നും പിറകെ നടക്കാന്‍ നമുക്ക് സമയമില്ല.. ഇവരൊക്കെ ഇങ്ങനെ ചെയ്തു എന്ന് കരുതി എനിക്ക് അവസരങ്ങള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഇപ്പോള്‍ തന്നെ വലിയ മൂന്ന് ഡയറക്ടറുടെ ചിത്രങ്ങള്‍ ഞാന്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇവരൊക്കെ എന്നെ തേടിവന്നത് കഴിവുകൊണ്ട് തന്നെയാണ്.
ഇങ്ങനെ നെഗറ്റീവ് ആയി ചെയ്തുകൊണ്ടിരിക്കുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റികളെ കൊല്ലാന്‍ നടക്കുന്നവരാണ്. സലിംകുമാര്‍ ചേട്ടനെ എത്രയോ പ്രാവശ്യം ഇവരൊക്കെ കൊന്നുകളഞ്ഞു. അതുപോലെ ഓരോരുത്തരെയും എന്തുമാത്രം ബുദ്ധിമുട്ടിക്കുന്നു. നല്ലത് ചെയ്തു ജീവിക്കാന്‍ ശ്രമിക്കുന്നതിനു പകരം ഇവരൊക്കെ ഇങ്ങനെയാണ് ചെയ്യുന്നത് കഷ്ടം എന്നല്ലാതെ എന്തു പറയാന്‍ കൂടുതലൊന്നും പറയാനില്ല.മറ്റുള്ളവര്‍ക്കെതിരെ നെഗറ്റീവ് ആയി പ്രവര്‍ത്തിക്കുന്നവരെ ശ്രദ്ധിച്ചു നോക്കിയാല്‍ അറിയാം അവര്‍ ജീവിതത്തില്‍ എവിടെയും എത്തിയിട്ടുണ്ടാകില്ല. ഇങ്ങനെ ഉള്ളവരെ ശ്രദ്ധിച്ചാല്‍ അറിയാം അവര്‍ക്ക് ഒരു കഴിവും ഉണ്ടായിരിക്കില്ല. അതിന്റെ ഫ്രസ്‌ട്രേഷന്‍ ആണ് അവര്‍ നന്നായി ജീവിക്കുന്നവര്‍ക്ക് എതിരെ കാണിക്കുന്നത്. അവരുടെ ജീവിതം അങ്ങനെ തന്നെ തീരുമെന്നും എന്നെ തകര്‍ക്കാന്‍ എനിക്ക് മാത്രമേ കഴിയൂ. ബാഡ് കമന്റ്‌സ് ഫ്‌ലഷ് ചെയ്യുന്ന പണി ഇനിയും തുടരും.