മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നന്ദു. നിരവധി ചിത്രങ്ങളിലൂടെ സഹനടനായും, നായകനായും, വില്ലൻ കഥാപത്രങ്ങളിലൂടെയും എല്ലാം തന്നെ താരം പ്രേക്ഷക മനസ്സിൽ ഇടം നേടുകയും ചെയ്തു. മമ്മൂട്ടി, മോഹൻലാൽ തുടങ്ങി സൂപ്പർതാരങ്ങളുടെ ചിത്രത്തിൽ കൊച്ചു വേഷങ്ങളിൽ കരിയർ തുടങ്ങിയ നന്ദു ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. 1986ൽ പുറത്തെത്തിയ സർവ്വകലാശാലയാണ് നന്ദു ആദ്യമായി അഭിനയിക്കുന്ന ചിത്രം.
‘ഏയ് ഓട്ടോ’ എന്ന സിനിമയിൽ വേണു നാഗവള്ളിയുടെ നിർദേശപ്രകാരം അസിസ്റ്റന്റ് ഡയറക്ടർ ആയി എത്തിയതും താരമായിരുന്നു. അതായിരുന്നു സിനിമയിലേക്കുള്ള തന്റെ ഔദ്യോഗിക ചുവടുവെപ്പെന്ന് നന്ദു ഒരുവേള തുറന്ന് പറഞ്ഞത്. അടൂർ ഗോപാലകൃഷ്ണൻ സാറിന്റെ നാല് പെണ്ണുങ്ങളിലാണ് തനിക്ക് നല്ല ഒരു കഥാപാത്രത്തെ കിട്ടിയിട്ടുള്ളത് എന്നും നന്ദു വെളിപ്പെടുത്തിയിട്ടുണ്ട്. നന്ദു ഇപ്പോൾ
ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘ആറാട്ട്’ലാണ് അഭിനയിക്കുന്നത്. എന്നാൽ ഇപ്പോൾ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും എല്ലാം തന്നെ മനസ്സ് തുറക്കുകയാണ് താരം.
സിനിമയിൽ നിന്നും എന്ത് നേടിയെന്ന് ചോദിച്ചാൽ ഞാൻ സംതൃപ്തനാണ്. ഒരു കുടുംബമുണ്ട്. അത്യാവശ്യം ആളുകൾ തിരിച്ചറിയുന്നുണ്ട്. അതൊക്കെയാണ് വലിയ കാര്യങ്ങൾ. ഭാര്യ കവിതയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം. മകൾ നന്ദിത, മകൻ കൃഷാൽ. തന്റേത് ഒരു പ്രണയ വിവാഹമായിരുന്നു. അഹം എന്ന സിനിമയിൽ ഞാൻ അസിസ്റ്റന്റായി ചെയ്യുന്നു. ചിത്രത്തിൽ ഒരു ഡോക്ടറുടെ വേഷമുണ്ട്. നടൻ മോഹൻലാലാണ് തന്റെ സുഹൃത്തായ കൃഷ്ണകുമാർ മദ്രാസിലുണ്ടെന്ന് പറയുന്നത്. അങ്ങനെ അദ്ദേഹം വന്ന് അഭിനയിച്ചിട്ട് പോയി.
അദ്ദേഹത്തിന് ഒരു ആയൂർവേദ മരുന്ന് ഫാക്ടറിയാണ്. ഞങ്ങൾ നല്ല സുഹൃത്തുക്കളായി. മദ്രാസിൽ പോകുമ്പോൾ എന്നെ വിട്ടിലേക്ക് വിളിക്കും. ആഹാരം കഴിക്കും. അങ്ങനെ ആ സൗഹൃദം വളർന്നു. അദ്ദേഹത്തിന്റെ മകളാണ് കവിത. സുഹൃത്തിന്റെ മകളെ പ്രേമിച്ചത് ശരിയായോ എന്ന് ചോദിച്ചാൽ ഞങ്ങളങ്ങ് പ്രേമിച്ചു. അത്രേയുള്ളു ഉത്തരം.