2002ല്‍ പുറത്തിറങ്ങിയ വിനയന്‍ ചിത്രമായ ഊമപെണ്ണിന് ഉരിയാട പയ്യന്‍ എന്ന ചിത്രത്തിലൂടെ കാവ്യമാധവന്റെ നായകനായിട്ടായിരുന്നു ജയസൂര്യയുടെ അരങ്ങേറ്റം. താരത്തിനെ ശ്രദ്ധേയനാക്കിയത് തന്റെ വേറിട്ട അഭിനയ പാടവം തന്നെയായിരുന്നു. മലയാളത്തിലെ മുന്‍നിര നായികമാരുടെ നായകറോളിലെത്തിയതോടെയാണ് താരത്തിന് ശ്രദ്ധേയമായ വേഷങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചതും. കോമഡി മുതല്‍ വില്ലന്‍ കഥാപാത്രങ്ങള്‍ വരെ തന്റെ കയ്യില്‍ ഭദ്രമാണെന്ന് ജയസൂര്യ തെളിയിച്ചു കഴിഞ്ഞു. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയുമൊക്കെ ജയസൂര്യയുടെ കുടുംബവും ആരാധകര്‍ക്ക് സുപരിചിതമാണ്.
ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രം വെള്ളം. ക്യാപ്റ്റന് ശേഷം ഇരുവരും ഒന്നിയ്ക്കുന്ന ചിത്രം കൂടിയാണ് വെള്ളം. മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് വെള്ളം പറയുന്നത്. എന്നാൽ ഇപ്പോള്‍ ചിത്രത്തിലെ തന്റെ കഥാപാത്രത്തിന് വേണ്ടി ചെയ്ത കാര്യങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് പ്രജേഷ്. ക്യാപ്റ്റനിലെ തന്റെ അനുഭവവും വെള്ളത്തിലെ തന്റെ അനുഭവവുമാണ് പ്രജേഷ് പറഞ്ഞത്.
'' ക്യാപ്റ്റന്‍ എന്ന സിനിമയില്‍ ജയസൂര്യയുടെ കഥാപാത്രം ഒരു പൊലീസ് ക്യാംപിലെ ടോയ്‌ലെറ്റ് വൃത്തിയാക്കുന്ന സീനുണ്ട്. അത് ഷൂട്ട് ചെയ്യാന്‍ ഒരുങ്ങുമ്ബോള്‍ ആദ്യം സെറ്റിട്ടു. പക്ഷേ ജയസൂര്യ വന്നപ്പോള്‍ ഇതെന്തിനാണ് എന്ന ചോദ്യമാണ് ഉണ്ടായത്. യഥാര്‍ഥ ടോയ്‌ലെറ്റ് തന്നെ വൃത്തിയാക്കിക്കോളാം എന്ന് അദ്ദേഹം ഇങ്ങോട്ട് ആവശ്യപ്പെട്ടു. പിന്നാലെ ആ പൊലീസ് ക്യാംപിലെ ടോയ്‌ലെറ്റ് വൃത്തിയാക്കി തന്നെയാണ് ആ സീന്‍ എടുത്തത്.
വെള്ളം സിനിമയിലേക്ക് വരുമ്ബോഴും അതിന് മാറ്റമില്ല. ആശുപത്രിയുടെ തറയില്‍ വീണ് സ്പിരിറ്റ് നാക്ക് കൊണ്ട് നക്കിയെടുക്കുന്ന ഒരു ഷോട്ടുണ്ട്. ഫ്‌ലോര്‍ സെറ്റിടാം എന്ന് പറഞ്ഞെങ്കിലും ജയസൂര്യ കേട്ടില്ല. ആശുപത്രിയിലെ ഫ്‌ലോറില്‍ തന്നെയാണ് ആ സീന്‍ ചിത്രീകരിച്ചത്.'' പ്രജേഷ് പറയുന്നു.