തൊണ്ണൂറുകളിലെ സിനിമാ പ്രേക്ഷകരുടെ മനംകവര്‍ന്ന സുന്ദരിയായിരുന്നു മധുബാല. ബോളിവുഡിലും സൌത്തിന്ത്യന്‍ സിനിമകളിലും ഒരുപോലെ തന്റെ സാനിധ്യം അറിയിച്ച നടി അടുത്തിടെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ ചിത്രമായിരുന്നു ശാകുന്തളം.
ചിത്രത്തില്‍ നടന്‍ മോഹന്‍ ബാബു ദുര്‍വാസാവായും മധൂ അപ്സര സുന്ദരി മേനകേയും അവതരിപ്പിച്ചിരുന്നു.എന്നാല്‍ സിനിമ വേണ്ടത്ര വിജയം നേടിയില്ല എന്നു മാത്രമല്ല സാമന്തയുടെ കരിയറിലെ ഏറ്റവും വലിയ പരാജയമായി ചിത്രം മാറുകയും ചെയ്തു. ഇപ്പോഴിതാ ശാകുന്തളത്തിന് സംഭവിച്ച പരാജയത്തില്‍ തനിക്ക് വളരെ വിഷമമുണ്ടെന്ന് പറയുകയാണ് നടി .സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടും ബോക്സോഫീസില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ചിത്രത്തിനായില്ലെന്നും താരം പറയുന്നു.
നിര്‍മ്മാതാക്കളും മേക്കേഴ്സുമെല്ലാം അവരുടെ ഏറ്റവും മികച്ചത് നല്‍കിയിട്ടും ശാകുന്തളം ബോക്സോഫീസില്‍ പരാജയപ്പെട്ടതില്‍ എനിക്ക് വളരെയധികം സങ്കടമുണ്ട്. ഷൂട്ടിംഗിനും ഡബ്ബിംഗിനും ശേഷം, അവര്‍ ഏകദേശം ഒരു വര്‍ഷത്തോളം സിജിഐയ്ക്കായി (കമ്പ്യൂട്ടര്‍ ജനറേറ്റഡ് ഇമേജറി) ചെലവഴിച്ചു. ഈ സിനിമയൊരു വിഷ്വല്‍ ട്രീറ്റ് ആക്കി മാറ്റാന്‍ അവര്‍ നന്നായി കഷ്ടപ്പെട്ടു. ഷൂട്ടിംഗ് സമയത്ത് ഒരിക്കല്‍ പോലും അവര്‍ അഭിനേതാക്കള്‍ക്കോ അതുപോലെ സാങ്കേതിക വിദഗ്ധര്‍ക്കോ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. ഞങ്ങളുടെ കംഫാര്‍ട്ടായിരുന്നു അവര്‍ നോക്കിയത്, മധുബാല പറയുന്നു.
ഒരു സിനിമ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ആര്‍ക്കും മനസിലാക്കാന്‍ കഴിയില്ല. ശാകുന്തളം ഒരു പുരാണ കഥ എന്നതിനപ്പുറം അതില്‍ തെന്നിന്ത്യന്‍ സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളുമുണ്ടായിരുന്നു. ബാഹുബലി, ആര്‍ആര്‍ആര്‍ എന്നീ ചിത്രങ്ങള്‍ വിജയിച്ചു. ഒരു സിനിമയുടെ വിജയത്തിന് പിന്നില്‍ കൃത്യമായ കാരണങ്ങളൊന്നുമില്ല. ബാഹുബലി ഇത്രയും വലിയ ഹിറ്റാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ആ സിനിമ നല്ലതാണെങ്കില്‍ പോലും ഇത്രയും വലിയൊരു ഹിറ്റാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ശാകുന്തളം സിനിമ ബോക്‌സ് ഓഫീസില്‍ മോശം പ്രകടനം കാഴ്ചവെക്കുമെന്ന് ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഈ സിനിമയുടെ ഭാഗമായിരുന്ന ഓരോരുത്തരും നന്നായി കഠിനാധ്വാനം ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ചിത്രം പരാജയപ്പെട്ടതില്‍ ഞങ്ങള്‍ക്ക് വിഷമമുണ്ട്,താരം വ്യക്തമാക്കി.
യോദ്ധ' യിലെ അശ്വതി ആയി അഭിനയിച്ച മധുബാലയും മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നായികയാണ്. ബോളിവുഡിലും സൗത്തിന്ത്യയിലും സാന്നിധ്യം അറിയിച്ച താരത്തിന്റെ ' റോജ' എന്ന ചിത്രം ഇന്ത്യ മുഴുവന്‍ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ' ഒറ്റയാള്‍ പട്ടാളം', ' നീലഗിരി' തുടങ്ങിയവയാണ് മധുബാലയുടെ മറ്റ് മലയാള ചിത്രങ്ങള്‍.