Latest News

കേസ് നടത്താന്‍ കെല്‍പ്പില്ലാത്ത ഒരു പട്ടിണി പാവം അല്ല ദിലീപ്; ഏത് അറ്റം വരെ പോകാനുള്ള പണവും സ്വാധീനവും കാര്യപ്രാപ്തിയും ബുദ്ധിയും മിടുക്കും ദിലീപിനുണ്ട്; വൈറലായി കുറിപ്പ്

Malayalilife
കേസ് നടത്താന്‍ കെല്‍പ്പില്ലാത്ത ഒരു പട്ടിണി പാവം അല്ല ദിലീപ്; ഏത് അറ്റം വരെ പോകാനുള്ള പണവും സ്വാധീനവും കാര്യപ്രാപ്തിയും ബുദ്ധിയും മിടുക്കും ദിലീപിനുണ്ട്; വൈറലായി കുറിപ്പ്

സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ നടിയെ ആക്രമിച്ച കേസ് പുതിയ വഴിത്തിരിവുകളിലൂടെ കടന്ന് പോവുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും ദിലീപ് പ്രതി ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. ഈ കേസില്‍ ക്രൈംബ്രാഞ്ച് മൂന്ന് ദിവസം ദിലീപിനെ ചോദ്യം ചെയ്തു. എന്നാല്‍ നാല് വര്‍ഷത്തോളം എന്തുകൊണ്ട് ബാലചന്ദ്രകുമാര്‍ ഇതൊന്നും തുറന്ന് പറഞ്ഞില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് മൂന്നാര്‍ ദൗത്യത്തിന് നേതൃത്വം നല്‍കിയ കെ സുരേഷ് കുമാര്‍ ഐഎഎസിന്റെ മകന്‍ അനന്തു സുരേഷ് കുമാര്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാണ്. 

അനന്തു സുരേഷ് കുമാറിന്റെ കുറിപ്പ്:

 ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്ന് പറയാന്‍ ഞാന്‍ ആളല്ല. പക്ഷെ ബാലചന്ദ്രകുമാര്‍ ഇത്ര വൈകി ചില വെളിപ്പെടത്തലുകള്‍ നടത്തിയത് അയാള്‍ ഒരു ഫ്രോഡ് ആയത് കൊണ്ടല്ലേ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ എനിക്ക് വളരെ ചെറിയ ഒരു അവകാശമുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. നക്‌സലൈറ്റ് വര്‍ഗ്ഗീസ് കൊലക്കേസില്‍ കുറ്റക്കാരന്‍ എന്ന് കണ്ടെത്തി സംഭവം നടന്ന് 40 വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച മുന്‍ ഐ.ജി കെ ലക്ഷ്മണ എന്റെ മുത്തച്ഛനാണ്, അമ്മയുടെ അച്ഛന്‍.

അദ്ദേഹത്തിന് ശിക്ഷ ലഭിക്കാന്‍ വഴിത്തിരിവായത് സംഭവം നടന്ന് 28 വര്‍ഷങ്ങള്‍ക്ക് ശേഷം രാമചന്ദ്രന്‍ നായര്‍ എന്ന പോലീസ് കോണ്‍സ്റ്റബിള്‍ ആയിരുന്ന ഒരു വ്യക്തിയുടെ വെളിപ്പെടുത്തലുകളുടെയും ശക്തമായ മൊഴിയുടെയും അടിസ്ഥാനത്തില്‍ ആയിരുന്നു. രാമചന്ദ്രന്‍ നായരുടെ മരണത്തിന് ശേഷവും ഹനീഫ് എന്ന മറ്റൊരു സാദാ പോലീസ്‌കാരന്‍ അദ്ദേഹത്തിന്റെ മൊഴിയില്‍ വര്‍ഷങ്ങളോളം അടിയുറച്ച് നിന്നത് കൊണ്ടാണ് ഐ ജി ആയിരുന്ന ലക്ഷമണ ശിക്ഷിക്കപ്പെട്ടതും മൂന്നര കൊല്ലത്തോളം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിടന്നതും. കൊലപാതകത്തിന്റെ ജീവിച്ചിരിക്കുന്ന ഏക ദൃക്സാക്ഷി ആയിരുന്നു ഹനീഫ്.

മുന്‍ ഐജി ലക്ഷമണ കുറ്റക്കാരന്‍ ആണ് എന്ന സിബിഐ കോടതി വിധിക്കെതിരെ സുപ്രീം കോടതി വരെ കേസ് നടത്തിയിട്ടും അദ്ദേഹം കുറ്റക്കാരന്‍ തന്നെയാണ് എന്നതായിരുന്നു അവസാന വിധി. തടവ് ശിക്ഷ തുടങ്ങി മൂന്നര വര്‍ഷത്തിന് ശേഷം അദ്ദേഹം പുറത്ത് ഇറങ്ങിയത് ജീവപര്യന്തം തടവുശിക്ഷയില്‍ നിന്ന് കുറ്റവിമുക്തനായിട്ടല്ല, അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പ്രത്യേക താല്പര്യപ്രകാരം 75 വയസ്സിന് മുകളില്‍ പ്രായമുള്ള തടവുകാരെ വിട്ടയക്കാനുള്ള സര്‍ക്കാരിന്റെ പ്രത്യേക അധികാരങ്ങള്‍ ഉപയോഗിച്ചുള്ള പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു അത്.

ആ സര്‍ക്കാര്‍ ഉത്തരവിനെതിരെ രാഷ്ട്രീയ പ്രതിഷേധമോ പ്രതിരോധമോ ഉണ്ടാകില്ല എന്ന ഉറപ്പ് അന്ന് പ്രതിപക്ഷത്തായിരുന്ന ഇടത് മുന്നണിയുടെ ഏറ്റവും മുകള്‍ തട്ടിലെ സമുന്നതരായ നേതാക്കള്‍ നല്‍കിയിരുന്നു എന്ന യാഥാര്‍ഥ്യം എനിക്ക് വ്യക്തിപരമായി നേരിട്ട് ബോധ്യമുള്ള കാര്യമാണ്. ലക്ഷ്മണ കുറ്റകാരന്‍ ആണോ അല്ലയോ എന്ന് എന്നോട് ചോദിച്ചാല്‍, ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ കണ്ടുതുടങ്ങിയ എന്റെ മുത്തച്ഛന് ജയിലില്‍ കിടന്ന് മരിക്കേണ്ട ഗതികേട് ഉണ്ടായില്ലല്ലോ എന്ന് ഓര്‍ക്കുമ്‌ബോള്‍ ഒരു ചെറിയ ആശ്വാസം ഉള്ളില്‍ ഉണ്ടെങ്കിലും, അദ്ദേഹം വര്‍ഗ്ഗീസ് കൊലക്കേസില്‍ നിരപരാധിയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല എന്നത് തന്നെയാണ് ഉത്തരം.

ഇനി ദിലീപ് വിഷയം. കേസ് നടത്താന്‍ കെല്‍പ്പില്ലാത്ത ഒരു പട്ടിണി പാവം അല്ല ദിലീപ്. അദ്ദേഹം നിരപരാധി ആണെങ്കില്‍ അത് തെളിയിക്കാന്‍ ഏത് അറ്റവും വരെ പോകാനുള്ള പണവും സ്വാധീനവും കാര്യപ്രാപ്തിയും ബുദ്ധിയും മിടുക്കും ദിലീപിനുണ്ട് എന്ന് കേരളത്തിന് മുഴുവന്‍ അറിയാം. നടക്കുന്ന നിയമ പോരാട്ടങ്ങളെ മറ്റെല്ലാ മലയാളികളെയും പോലെ ഞാനും സസൂക്ഷ്മം നോക്കി കാണുന്നു. വരാന്‍ പോകുന്ന കോടതി വിധി ദിലീപ് കുറ്റക്കാരന്‍ ആണെന്നോ അല്ലായെന്നോ ആണെങ്കിലും ഈ ക്രൂരമായ കുറ്റകൃത്യം നടന്നതിന് ശേഷം ദിലീപില്‍ നിന്ന് നേരിട്ടും അദ്ദേഹത്തിന്റെ അനുയായികളിലില്‍ നിന്നും ഉണ്ടായ പല പ്രതികരണങ്ങളും പ്രവര്‍ത്തികളും ശുദ്ധ ആഭാസമായിരുന്നു എന്ന അഭിപ്രായമാണ് എനിക്ക് ഉള്ളത്.

ജയിലില്‍ ആവുന്നതിന് തൊട്ടു മുന്‍പ് ദിലീപ് നല്‍കിയ അഭിമുഖങ്ങളില്‍ ആക്രമിക്കപ്പെട്ട നടിയെ വളരെ ക്രൂരമായി പരിഹസിക്കുന്നതും വ്യക്തിഹത്യ നടത്തി സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ശ്രമിച്ചതും ഇന്നും ആര്‍ക്ക് വേണമെങ്കിലും യൂട്യൂബില്‍ കാണാവുന്നതെ ഉള്ളു. അന്ന് മുതല്‍ ഇന്ന് വരെ ദിലീപ് അനുകൂലികള്‍ ആയ പല നടന്മാരും, നിര്‍മ്മാതാക്കളും, മറ്റ് സിനിമാക്കാരും രാഷ്രീയക്കാരും പറഞ്ഞ് കൂട്ടിയ മുഴുവന്‍ പുലഭ്യങ്ങളും കേരളം മുഴുവന്‍ കേട്ടിട്ടുള്ളതാണ്.

അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം, ദിലീപ് അറസ്റ്റില്‍ ആയപ്പോള്‍ ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടിയുള്ള ആത്മരോഷത്താല്‍ അദ്ദേഹത്തിന്റെ ഹോട്ടലും തീയേറ്ററും തല്ലി തകര്‍ക്കുകയും അദ്ദേഹത്തിന്റെ കോലം കത്തിക്കുകയും അതിനെയൊക്കെ രോമാഞ്ചത്തോടെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്ത കേരള മനസാക്ഷി കഴിഞ്ഞ ദിവസം നീട്ടി വലിച്ച് കോട്ടുവായ് ഇടുകയായിരുന്നു ശ്രീ പി സി ജോര്‍ജ് ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ തത്സമയം ഈ വിഷയത്തില്‍ സുഖം കിട്ടിയത് പള്‍സര്‍ സുനിക്കും ആ നടിക്കും മാത്രമാണ് എന്ന് പറഞ്ഞത് കേട്ടപ്പോഴും എന്നതാണ്.

അവളോടൊപ്പമാണ് എന്ന് വീണ്ടും വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന ഒരു സിനിമ-സാംസ്‌കാരിക-മാധ്യമ-സാമൂഹിക-രാഷ്ട്രീയ സൂപ്പര്‍ താരങ്ങളെയും കണ്ടില്ല പി സി ജോര്‍ജ് പറഞ്ഞ ആ തല്ലുകൊള്ളിത്തരത്തിനെതിരെ ഒരു വാക്ക് കൊണ്ടെങ്കിലും പ്രതിഷേധ ശബ്ദമുയര്‍ത്താന്‍. ഈ മൃഗീയ പൈശാചിക പിതൃശൂന്യ കുറ്റകൃത്യ കേസില്‍ അവനോടൊപ്പമാണോ അവളോടൊപ്പമാണോ എന്ന് ചോദിച്ചാല്‍ ഒരറ്റ ഉത്തരമേ ഉള്ളു. അവളോടൊപ്പം.. അവളോടൊപ്പം മാത്രം.

A facebook post goes viral in dileep case

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES