2018ല്‍ തെന്നിന്ത്യയില്‍ തകര്‍ത്തോടിയ ചിത്രമാണ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി -തൃഷ എന്നിവര്‍ ലീഡിങ് റോളിലെത്തിയ 96. പ്രണയവും വീണ്ടെടുക്കാന്‍ ശ്രമിക്കലും, വിരഹവുമൊക്കെയായിരുന്നു ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ വിജയത്തിലും രണ്ട് മലയാളികളുടെ കയ്യൊപ്പ് അടങ്ങിയിരുന്നു.

ഒന്ന് സംവിധായകന്‍ പ്രേം കുമാര്‍, മറ്റൊരാള്‍ സംഗീത സംവിധാനം ഒരുക്കിയ ഗോവിന്ദ് വസന്ദ എന്ന ഗോവിന്ദ് മേനോന്‍. തൈക്കുടം ബ്രാന്‍ഡിലൂടെ ശ്രദ്ധേയനായ ഗോവിന്ദ് വസന്ദയുടെ തമിഴിലെ എവര്‍ഗ്രീന്‍ ഹിറ്റായി ചിത്രത്തിലെ കാതലെ എന്ന പാട്ട് മാറുകയും ചെയ്തു. ഇപ്പോള്‍ ചിത്രം കന്നടയിലേക്ക് റീമേക്ക് ചെയ്ത് എത്തുമ്പോള്‍ വീണ്ടും മലയാളത്തിന് സന്തോഷം ഇരട്ടിക്കുകയാണ്.

തൃഷ അഭിനയിച്ച് വിസ്മയിപ്പിച്ച ജാനുവായി കന്നഡയിലെത്തുന്നത് മലയാളികളുടെ സ്വന്തം ഭാവനയാണ്. ഭാവനയുടെ വിവാഹശേഷമുള്ള ഗംഭര വരവായിരിക്കും ഈ ചിത്രമെന്നാണ് സൂചന നല്‍കുന്നത്. ജാനുവായി ഭാവനയും റാമായി ഗണേഷുമാണ് എത്തുന്നത്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.'99' എന്നാണ് ചിത്രത്തിന്റെ കന്നടയിലെ പേര്. തമിഴില്‍ പ്രേം കുമാറാണ് സംവിധാനം ഒരുക്കിയതെങ്കില്‍ പ്രീതം ഗുബ്ബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കന്നഡയില്‍ ഹിറ്റുകള്‍ സൃഷ്ടിച്ചിട്ടുള്ള ഭാവന ഗണേഷ് ജോഡി റോമിയോ എന്ന ചിത്രത്തിന് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. പ്രീതം ഒരു അവസരവുമായി വന്നപ്പോളേ എനിക്ക് താത്പര്യം ഉണ്ടായിരുന്നു.
കാരണം ഗണേശായിരുന്നു ചിത്രത്തിലെ നായകന്‍. ഗണേഷുമായി ഞാന്‍ നേരത്തേയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്, വളരെ അടുപ്പമുള്ള നടനാണ് അദ്ദേഹം. കൂടാതെ പ്രീതവും ഗണേഷും കൂടി ഒന്നിച്ചൊരു സിനിമ എന്നു പറയുമ്പോള്‍ അതൊരു മികച്ച പ്രൊജക്ട് ആയിരിക്കും എന്ന് തനിക്ക് വിശ്വാസമുണ്ടെന്നും ഭാവന പറയുന്നു.