Latest News

നുണകള്‍ കൊണ്ട് ആരുടെയെങ്കിലും ജീവിതം തകര്‍ത്താല്‍ പലിശ സഹിതം തിരിച്ചു കിട്ടും; നിയമപോരാട്ടം തുടരുന്നതിനിടെ പുതിയ പ്രതികരണവുമായി നയന്‍താര; ഒളിയമ്പ് ധനുഷിനെതിരെയെന്ന് ചര്‍ച്ചകള്‍; ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചത് സ്വകാര്യ ശേഖരത്തിലുള്ള ദൃശ്യങ്ങളെന്ന് നടിയുടെ അഭിഭാഷകന്‍

Malayalilife
 നുണകള്‍ കൊണ്ട് ആരുടെയെങ്കിലും ജീവിതം തകര്‍ത്താല്‍ പലിശ സഹിതം തിരിച്ചു കിട്ടും; നിയമപോരാട്ടം തുടരുന്നതിനിടെ പുതിയ പ്രതികരണവുമായി നയന്‍താര; ഒളിയമ്പ് ധനുഷിനെതിരെയെന്ന് ചര്‍ച്ചകള്‍; ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചത് സ്വകാര്യ ശേഖരത്തിലുള്ള ദൃശ്യങ്ങളെന്ന് നടിയുടെ അഭിഭാഷകന്‍

കര്‍പ്പവകാശ കേസുമായി ബന്ധപ്പെട്ട് നിയമപോരാട്ടം തുടരുന്നതിനിടെ താരങ്ങള്‍ തമ്മിലുള്ള വാക്‌പോര് തുടരുന്നു.ധനുഷ് വിഷയത്തില്‍ ഇതുവരെ നേരിട്ട് പ്രതികരിച്ചില്ലെങ്കിലും ധനുഷിനെതിരെയെന്ന് തോന്നിപ്പിക്കുന്ന ഒളിയമ്പുകള്‍ നയന്‍താരയുടെ ഭാഗത്ത് നിന്ന് തുടരുകയാണ്.നടി സമൂഹമാധ്യമത്തില്‍ പങ്കുവെക്കുന്ന പോസ്റ്റുകളും സ്റ്റോറികളും ധനുഷിനെ തന്നെ ലക്ഷ്യംവച്ചുള്ളതാണെന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ചകളും സജീവമാണ്.ധനുഷിനെതിരെ നിയമപോരാട്ടം ആരംഭിച്ചതിന് പിന്നാലെ നയന്‍താര പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് വിവാദങ്ങള്‍ക്ക് വഴിവെയ്ക്കുന്നത്. 

കര്‍മയെക്കുറിച്ച് പറഞ്ഞുകൊണ്ടുള്ളതാണ് നടിയുടെ പോസ്റ്റ്.'നുണകള്‍ കൊണ്ട് നിങ്ങള്‍ ആരുടെയെങ്കിലും ജീവിതം തകര്‍ത്താല്‍ അതൊരു വായ്പയായി കണക്കാക്കണം.ഇത് പലിശ സഹിതം നിങ്ങള്‍ക്ക് തന്നെ തിരികെ ലഭിക്കും'- എന്ന് പറയുന്ന പോസ്റ്ററാണ് നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്കുവച്ചത്.പേരെടുത്ത് പറയുന്നില്ലെങ്കിലും നയന്‍സ് ലക്ഷ്യം വെക്കുന്നത് ധനുഷിനെയാണ് എന്നാണ് ആരാധകരുടെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസമാണ് നയന്‍താരയ്ക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.നയന്‍താര; ബിയോണ്ട് ദ ഫെയറി ടെയില്‍ എന്ന ഡോക്യുമെന്ററിയില്‍ ' നാനും റൗഡി താന്‍' എന്ന സിനിമയുടെ ചിത്രീകരണവീഡിയോ ഉപയോഗിച്ചുവെന്ന് ആരോപിച്ചായിരുന്നു നയന്‍താരയ്ക്കും ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും എതിരേ ധനുഷിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണക്കമ്പനിയായ വണ്ടര്‍ബാര്‍ നിയമനടപടി സ്വീകരിച്ചത്. 

വിഘ്‌നേഷ് ശിവന്‍ സംവിധാനം നിര്‍വഹിച്ച നാനും റൗഡി താന്‍ ചിത്രത്തില്‍ നയന്‍താരയായിരുന്നു നായിക.ഡോക്യുമെന്ററിക്കായി ഈ ചിത്രത്തിലെ രംഗങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍മാതാവായ ധനുഷില്‍നിന്ന് അനുമതി തേടിയെങ്കിലും ലഭിച്ചില്ല.തുടര്‍ന്ന് ചിത്രത്തിലെ പാട്ടിന്റെ കുറച്ചുഭാഗവും ചിത്രീകരണവീഡിയോയും ഉപയോഗിച്ചു.തുടര്‍ന്ന് 10 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് നോട്ടീസ് നല്‍കി.24 മണിക്കൂറിനുള്ളില്‍ നയന്‍താര ഈ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ധനുഷിന്റെ അഭിഭാഷക സംഘം പ്രസ്താവനയിറക്കിയത്. 

ഇത് പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ നയന്‍താരയ്ക്കും നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയ്ക്കും എതിരെ 10 കോടി രൂപയുടെ നഷ്ടപരിഹാര ക്ലെയിം ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു മുന്നറിയിപ്പ്.മൂന്ന് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഉപയോഗിച്ചതിന് ഇത്ര വലിയ തുക ആവശ്യപ്പെടുന്നത് ചൂണ്ടിക്കാട്ടി സാമൂഹികമാധ്യമത്തിലൂടെ പുറത്തുവിട്ട കത്തില്‍ നയന്‍താര ധനുഷിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.ഇതോടെയാണ് താരപ്പോര് പരസ്യമായി ഉടലെടുക്കുന്നത്.നോട്ടീസ് വകവെക്കാതെ ഡോക്യുമെന്ററിയില്‍ വീഡിയോ ഉപയോഗിച്ചതോടെയാണ് ധനുഷ് കോടതിയെ സമീപിച്ചത്. 

പകര്‍പ്പവകാശ ലംഘനമില്ലെന്ന് നയന്‍താരയുടെ അഭിഭാഷകന്‍,വാദം ഡിസംബര്‍ 2 ന് വിഷയത്തില്‍ പകര്‍പ്പവകാശ ലംഘനം നടന്നിട്ടില്ലെന്നാണ് നയന്‍താരയുടെ അഭിഭാഷകന്‍ ധനുഷിന്റെ അഭിഭാഷകന് മറുപടി നല്‍കിയത്.ഈ ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ലൈബ്രറിയില്‍ നിന്നുള്ളതാണെന്നും സിനിമയുടെ മേക്കിങ് വിഡിയോയില്‍ നിന്നുള്ളതല്ലെന്നും അഭിഭാഷകന്‍ രാഹുല്‍ ധവാന്‍ വിശദീകരിച്ചു.''ഒരു ലംഘനവും ഇല്ലെന്നാണ് ഞങ്ങളുടെ പ്രതികരണം.കാരണം ഡോക്യു-സീരീസില്‍ ഞങ്ങള്‍ ഉപയോഗിച്ചത് തിരശ്ശീലയ്ക്ക് പിന്നിലെ (സിനിമയില്‍ നിന്ന്) ഭാഗമല്ല, അത് വ്യക്തിഗത ഭാഗമാണ്.അതിനാല്‍, ഇതൊരു ലംഘനമല്ല''നയന്‍താരയുടെ അഭിഭാഷകന്റെ മറുപടി. 

നയന്‍താരയെയും വിഘ്നേഷിനെയും പ്രൊഡക്ഷന്‍ ഹൗസായ റൗഡി പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെയും പ്രതിനിധീകരിച്ച് ലെക്സ് ചേമ്പേഴ്സിന്റെ മാനേജിങ് പാര്‍ട്ണര്‍ രാഹുല്‍ ധവാനാണ് മറുപടി നല്‍കിയത്.നവംബര്‍ 18നാണ് നെറ്റ്ഫ്‌ലിക്‌സ് നയന്‍താരയെക്കുറിച്ചുള്ള ഡോക്യുമെന്ററി റിലീസ് ചെയ്തത്.ധനുഷ് നിര്‍മിച്ച്, വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുകയും നയന്‍താര മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ മേക്കിങ് ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് ഉപയോഗിക്കാന്‍ ധനുഷിന്റെ അനുമതി ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് നയന്‍താര ചിത്രീകരണസമയത്ത് സ്വന്തം മൊബൈലില്‍ പകര്‍ത്തിയ ചില വിഡിയോയും ഡോക്യുമെന്ററിയില്‍ ചേര്‍ത്തിരുന്നു.പിന്നാലെയാണ് നിയമപോരാട്ടം തുടങ്ങിയത്.കേസില്‍ അടുത്ത വാദം മദ്രാസ് ഹൈക്കോടതിയില്‍ ഡിസംബര്‍ 2ന് നടക്കും.

Nayanthara shares cryptic Karma post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES