തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും ഒന്നിച്ചുള്ള യാത്രകള്‍ ആരാധകര്‍ക്കും എന്നും വിരുന്നാണ്. ഇപ്പോഴിതാ തെന്നിന്ത്യയിലെ കാമുകീ കാമുകന്മാരൊരുമിച്ച് അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തിലെത്തി തൊഴുതുമടങ്ങുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്. ഇതോടെ ഇരുവരുടെയും വിവാഹം ഉടന്‍ ഉണ്ടാകുമെന്ന സൂചനകള്‍ ശക്തമായി.
ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയ ഇരുവരും ചടങ്ങുകളിലും പങ്കെടുത്തു. പിന്നീട് സന്ദര്‍ശകര്‍ക്കൊരുക്കിയിരിക്കുന്ന ലംഗാറില്‍(സൗജന്യ ഭക്ഷണം) പങ്കെടുത്തു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും വൈറലായി കഴിഞ്ഞു. ഇരുവരുമൊന്നിച്ച് സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ വിഘ്നേഷ് തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചത്
സെപ്റ്റംബര്‍ 18ന് വിഗ്നേഷ് ശിവന്റെ പിറന്നാളിന് മുന്നോടിയായാണ് ഇരുവരും സുവര്‍ണ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. മുന്‍പൊരു അവസരത്തിലും നയന്‍താര സുവര്‍ണ്ണ ക്ഷേത്രത്തില്‍ എത്തിയിരുന്നു.നയന്‍താര നായികയായി അഭിനയിച്ച അറം എന്ന ചിത്രത്തിന്റെയും നയന്‍സിന്റെ അടുത്ത സുഹൃത്തായ വിഗ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത താനാ സേര്‍ന്ത കൂട്ടത്തിന്റെയും വിജയത്തിന് നന്ദി പറയാനായിട്ടാണ് സുവര്‍ണ്ണ ക്ഷേത്രത്തില്‍ എത്തിയത് എന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ടുകള്‍.
കോളിവുഡിന്റെ പ്രിയപ്പെട്ട പ്രണയ ജോഡികളാണ് നയന്‍താരയും സംവിധായകന്‍ വിഗ്നേഷ് ശിവനും. തങ്ങള്‍ക്കിടയിലെ പ്രണയം ഇരുവരും പരസ്യമായി ഇതുവരെ വെളിപ്പെടുത്തിയി ട്ടില്ലെങ്കിലും പല സന്ദര്‍ഭങ്ങളിലായി പറയാതെ പറഞ്ഞിട്ടുണ്ട്. നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പ്രണയത്തിലായത്.