മിഖായേല്‍ എന്ന ചിത്രത്തില്‍ നിവിന്‍പോളിയുടെ അനിയത്തിയായി വേഷമിട്ടതിന്റെ സന്തോഷത്തിലാണ് നവനി ദേവാനന്ദ്. കോഴിക്കോട് ദേവഗിരി സിഎംഐ പബ്‌ളിക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ നവനി ഒാടിഷന്‍ വഴിയാണ് സിനിമയിലെത്തുന്നത്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സ്‌നേഹവീട് എന്ന സിനിമയില്‍ ബിജുമേനോന്‍ അങ്കിളിന്റെ മകളായിട്ടാണു സിനിമയിലെ തുടക്കം. പിന്നീടു വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന പടത്തില്‍ ശ്യാമിലിയുടെ ചെറുപ്പകാലം അഭിനയിച്ചു. മിഖായേലില്‍ കഥയെ മുന്നോട്ടു നയിക്കുന്ന ക്ലൈമാക്‌സ് വരെ നിറഞ്ഞുനില്‍ക്കുന്ന കാരക്ടര്‍ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മലയാളി ലൈഫിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ നവനി പറഞ്ഞു.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, ഓട്ടന്‍തുള്ളല്‍ തുടങ്ങിയവയൊക്കെ ചെയ്യാറുണ്ട്. സംസ്ഥാനതലത്തില്‍ വരെ സമ്മാനങ്ങളും കിട്ടിയിട്ടുണ്ട്. ഡാന്‍സാണു പാഷന്‍. വെസ്റ്റേണും ബെല്ലി ഡാന്‍സും ഉള്‍പ്പെടെ ട്രൈ ചെയ്യാറുണ്ട്. എട്ടാം ക്ലാസ് വരെ പാട്ടും പഠിച്ചിരുന്നു. ഇതെല്ലാം പാഷനാണെങ്കിലും തനിക്ക് ജീവിതത്തില്‍ ഒരു ഡോക്ടര്‍ ആവാന്‍ ആഗ്രഹമെന്നും നവനി മലയാളി ലൈഫിനോട് പറഞ്ഞു. ജെനിയുടെ കാരക്ടറിന് എന്റെ കാരക്ടറുമായി നല്ല വ്യത്യാസമുണ്ട്. എനിക്ക് അടി, ഇടി എന്നിവയിലൊന്നും യാതൊരു താത്പര്യവുമില്ല. ഒരാളെ കണ്ടയുടന്‍ ഇടതടവില്ലാതെ സംസാരിക്കുന്ന രീതിയല്ല എന്റേത്. പിന്നീടു പരിചയത്തിലാകുമ്പോള്‍ സംസാരിക്കും. നോ പറയുന്ന കൂട്ടത്തില്‍ ആണ് ഞാന്‍. ആദ്യം സംവിധായകന്‍ ഫോട്ടോ വേണം എന്നൊക്കെ പറഞ്ഞപ്പോള്‍ അയക്കണോ എന്നു മാതാപിതാക്കളോട് ചോദിച്ചു. അവരാണ് ഏറ്റവും കൂടുതല്‍ താല്‍പര്യം കാണിച്ചതും സിനിമയിലേക്ക് വരുന്നതിനു വേണ്ടി എല്ലാ പിന്തുണയും നല്‍ക്കുന്നത് എന്നും നവനി പറഞ്ഞു.
സെറ്റില്‍ എല്ലാവരും ഇരുന്നു സംസാരിക്കുമ്പോള്‍ രാത്രി ഏറെ വൈകി. ഞാന്‍ ഉറക്കം തൂങ്ങാന്‍ തുടങ്ങിയപ്പോള്‍ എല്ലാവരും കാര്യം തിരക്കി. പരീക്ഷയായിരുന്നു പഠിക്കാന്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും പറഞ്ഞു ഇനി സിനിമയില്ലേ.. പഠിക്കുക ഒന്നും വേണ്ട എന്നു. അപ്പോഴാണ് മഞ്ജിമ ചേച്ചി പറഞ്ഞത് ഇവര്‍ ഇതെല്ലാം പറയും പോകും.. നമ്മള്‍ പരീക്ഷക്ക് പോകുമ്പോള്‍ പെട്ട് പോകും, എനിക്ക് ശരിക്കും അനുഭവം ഉണ്ട് എന്നും മഞ്ജിമ ചേച്ചി പറഞ്ഞു. ഇത്തരത്തില്‍ ഒരോ ആളുകളുടെ അനുഭവത്തില്‍ നിന്നും നമ്മുക്ക് പുതിയ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കുമെന്നും നവനി പറഞ്ഞു.