അജിത്ത് നായകനായ സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം 'യെന്നൈ അറിന്താല്‍'ഹിന്ദി റീമേക്കിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സല്‍മാന്‍ ഖാന്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. യെന്നൈ അറിന്താല്‍ ഒരുക്കിയ ഗൗതം മേനോനെ ഈ റീമേക്ക് സംവിധാനം ചെയ്യുന്നതിനായി സല്‍മാന്‍ സമീപിച്ചതായും സൂചനകളുണ്ട്.
സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഒന്നും വന്നിട്ടില്ലെങ്കില്‍ പോലും സംവിധായകന്‍ ഗൗതം മേനോനുമായി സല്‍മാന്‍ ഖാന്‍ ഒന്നിക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും ഒന്നിക്കുന്നത് ഒരു പൊലീസ് ചിത്രത്തിനായിരിക്കുമെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അജിത്, തൃഷ, അനുഷ്‌ക ഷെട്ടി,അരുണ്‍ വിജയ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം 2014-ലാണ് റിലീസ് ചെയ്തത്. അതേസമയം ടൈഗര്‍ 3 യാണ് സല്‍മാന്റേതായി റിലീസിന് ഒരുങ്ങുന്ന അടുത്ത സിനിമ. യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിലെ അടുത്ത ചിത്രമാണ് ടൈഗര്‍ 3. ടൈഗര്‍ അവിനാഷ് റാത്തോഡ് എന്ന ഇന്ത്യന്‍ ഏജന്റായാണ് സല്‍മാന്‍ സിനിമയിലെത്തുന്നത്. കത്രീന കൈഫാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.ഇമ്രാന്‍ ഹാഷ്മിയാണ് ചിത്രത്തിലെ വില്ലന്‍.