ഇന്നും കാണുമ്പോല്‍ അറിയാതെ പ്രേക്ഷകന്റെ കണ്ണില്‍ നനവ് പടര്‍ത്തുന്ന ചിത്രമാണ് കിരീടം.സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സേതുമാധവന്‍ ഇന്നും ഒരു വിങ്ങലായി ആരാധകരുടെ ഉള്ളിലുണ്ട്. ആ വേദന പിറവിയെടുത്തിട്ട് ഇന്നേക്ക് 31 വര്‍ഷം തികയുകയാണ്.മോഹന്‍ലാല്‍-സിബി മലയില്‍-ലോഹിതദാസ് കൂട്ടുകെട്ടില്‍ പിറന്ന, തിലകനും മോഹന്‍ലാലും മത്സരിച്ചഭിനയിച്ച സിനിമയാണ് കിരീടം. ചിത്രമിറങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും അതിലെ രംഗങ്ങളും ഗാനങ്ങളും സംഭാഷണങ്ങളുമൊക്കെ ആരാധകര്‍ക്ക് കാണാപാഠമായിരിക്കും. ലോഹിതദാസിന്റെ മകന്‍ വിജയ് ശങ്കര്‍ ലോഹിതദാസ് സേതുവിനെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഒരു മകനായും സഹോദരനായും കാമുകനായും ജീവിതവേഷങ്ങള്‍ പൂര്‍ണതയില്‍ നിറഞ്ഞാടിയ ഒരു പാവമായിരുന്നു അയാള്‍. സ്‌നേഹനിധിയായ അച്ഛനെ നടുതെരിവിലിട്ടു ആളുകള്‍ നോക്കിനില്‍ക്കേ മര്‍ദിക്കുന്നതു കണ്ട് മുന്‍പിന്‍ ചിന്തകളില്ലാതെ പ്രതികരിച്ചുപോയ ഒരു മകന്‍, അവിടെ മാറിമറയുകയായിരുന്നു അയാളുടെ ജീവിതം. നാടും നാട്ടുകാരും അജയ്യനെന്നു കരുതിയ അസുരനെ വീഴ്ത്തിയ ആ രാജകുമാരന് ഒരു കിരീടം ചാര്‍ത്തികൊടുത്തു..
രാമപുരം സേതു..
സ്വപ്നങ്ങളുടെ കടല്‍ താണ്ടാന്‍ കൊതിച്ചവന് നീന്തിക്കടകന്‍ വിധിക്കപ്പെട്ടത് വൈതരണി ആയിരുന്നു. ആ വേദന പിറവിയെടുത്തിട്ടു ഇന്നേക്ക് 31 വര്‍ഷം.1989 ജൂലൈ ഏഴിനായിരുന്നു 'കിരീട'ത്തിന്റെ പിറവി. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് മോഹന്‍ ലാല്‍ നായകനായി അഭിനയിച്ച ചിത്രത്തിന് 1989-ല്‍ മോഹന്‍ലാലിന് ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചിരുന്നു. 1989-ല്‍ ഈ സിനിമയിലെ 'കണ്ണീര്‍ പൂവിന്റെ' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചതിന് എം.ജി ശ്രീകുമാറിന് മികച്ച പിന്നണിഗായകനുള്ള കേരള സര്‍ക്കാറിന്റെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.