യേശുദാസിന്റെ മകന്‍ എന്നതിലുപരി സംഗീത ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ഗായകനാണ് വിജയ് യേശുദാസ്. 'മില്ലേനിയം സ്റ്റാര്‍സ്' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചുകൊണ്ടാണ് വിജയ് പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. പിന്നീട് ഒരുപിടി നല്ല ഗാനങ്ങള്‍ പാടിയ വിജയ് നടനായും വെള്ളിത്തിരയില്‍ തിളങ്ങി.മനോഹരമായ പാട്ടുകള്‍ക്കൊപ്പം വിജയ് യേശുദാസ് വിവാദങ്ങളുടെ കളിത്തോഴനാണ്.
വിവാഹമോചനക്കാര്യം പോലും എവിടെയും പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലാത്ത താരത്തിന്റെ വിവാഹ മോചനം അടുത്തിടെയാണ് നേടിയത്. എന്നാല്‍ ഇതേക്കുറിച്ച് വിജയ് യേശുദാസ് പ്രതികരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. ഇപ്പോഴിതാ വിവാഹ മോചനത്തെക്കുറിച്ചടക്കം ഇനി അങ്ങോട്ടുള്ള ജീവിതത്തെക്കുറിച്ചും മനസുതുറന്നിരിക്കുകയാണ് വിജയ്.മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ എന്ന അഭിമുഖ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സെലിബ്രിറ്റിയായതുകൊണ്ട് മാത്രം വിവാഹമോചനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വന്നിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
വിവാഹ മോചനം അധികം ആരേയും വിഷമിപ്പിക്കാതെയാണ് പൂര്‍ത്തിയാക്കിയതെന്നും പിള്ളേര്‍ക്ക് വേണ്ടി വിവാഹ മോചന സമയത്ത് കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറിയെന്നുമാണ് ഇതേക്കുറിച്ച് വിജയ് യേശുദാസ് ഇപ്പോള്‍ വ്യക്തമാക്കുന്നത്.
എന്നേക്കാള്‍ കൂടുതല്‍ വിവാഹ മോചനത്തിന്റെ വിഷമം അനുഭവിച്ചത് കുടുംബക്കാരായിരിക്കും. എന്തൊക്കെ നടന്നാലും ഇല്ലെങ്കിലും ഒരു കുടുംബം എന്ന നിലയില്‍ ഞങ്ങള്‍ക്ക് സന്തോഷം സൃഷ്ടിക്കാന്‍ സാധിക്കുന്നുണ്ട്. എന്റെ മകള്‍ അമയ തന്നെ എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. മകളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ സന്തോഷമാണ്. അവളുടെ അമ്മയും വളരെ സഹായകമാണ്. മോശം കാര്യങ്ങള്‍ നോക്കാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് ജീവിതത്തിന്റെ സൗന്ദര്യം എന്ന് വിജയ് പങ്ക് വച്ചു.
എല്ലാം നമ്മള്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ ചെയ്യണമെന്നേ ഉള്ളൂ. എല്ലാവരെയും പ്രത്യേകിച്ച് ഞങ്ങളുടെ കുടുംബത്തിലുള്ള ആരെയും വിഷമിപ്പിക്കാതെയാണ് എല്ലാം അവസാനിപ്പിച്ചത്. കുട്ടികള്‍ക്ക് വേണ്ടി നല്ല മാതാപിതാക്കളാകാന്‍ ശ്രദ്ധിച്ചിരുന്നു. അത് അതിന്റേതായ രീതിയില്‍ നടന്നുപോയിക്കൊണ്ടിരിക്കുകയാണ്. പിന്നെ വിവാഹ മോചനമെന്ന ട്രോമ ഫീല്‍ ചെയ്യാനുള്ള സമയമൊന്നും എനിക്കില്ലെന്നും വിജയ് പറയുന്നു.
എന്നെക്കാള്‍ കൂടുതല്‍ എന്റെ കുടുംബത്തിലുള്ളവരാണ് ഈ ട്രോമ ഫീല്‍ ചെയ്തതെന്ന് പറയാം. അതുകൊണ്ട് എനിക്ക് കൂടുതല്‍ ഉത്തരവാദിത്തം ഉണ്ടായെന്ന് പറയാം. ഞാന്‍ അതുമായി പൊരുത്തപ്പെടണം. പിന്നെ ഭാര്യയില്‍ നിന്ന് പിരിഞ്ഞു എന്നത് കൊണ്ട് ജീവിതം നിര്‍ത്താന്‍ പറ്റുമോ? ' വിജയ് ചോദിച്ചു.
ഞങ്ങള്‍ക്കിടെയില്‍ എന്തൊക്കെ നടന്നാലും കുടുംബത്തില്‍ സന്തോഷം കണ്ടെത്താന്‍ ഞങ്ങള്‍ രണ്ടാള്‍ക്കും സാധിക്കുന്നുണ്ടെന്ന് വിജയ് പറഞ്ഞു. 'അത് വലിയ കാര്യമാണ്. പിന്നെ മകള്‍ അമേയയില്‍ നിന്ന് ഞങ്ങള്‍ വലിയൊരു പാഠം പഠിച്ചു, അവരുള്ളത് കൊണ്ടാണ് നമ്മളും മുന്നോട്ടുപോയിരിക്കുന്നത്'- വിജയ് പറഞ്ഞു.
എന്റെ മകള്‍ക്ക് പതിനഞ്ച് വയസായി. ഇത്രയും പ്രായമുള്ള കുട്ടിയുടെ പിതാവാണെന്ന് പൊരുത്തപ്പെടാന്‍ എനിക്കും കഴിഞ്ഞിട്ടില്ല. അവളുടെ സുഹൃത്തുക്കള്‍ വരുമ്പോള്‍ അവരുടെ കൂടെ പോയി ചില്ല് ചെയ്യാറുണ്ടെങ്കിലും അവര്‍ക്കുള്ള സ്പേസ് കൊടുക്കാന്‍ ശ്രമിക്കാറുണ്ട്. അച്ഛനെന്ന ഉത്തരവാദിത്തം അവര്‍ ജനിച്ചത് തൊട്ടേയുണ്ട്.
മക്കളുടെ പ്രസവത്തിന്റെ സമയത്ത് ഞാനും ലേബര്‍ റൂമില്‍ ഉണ്ടായിരുന്നു. അവര്‍ പുറത്തേക്ക് വരുമ്പോള്‍ പോലും ഞാനൊപ്പമുണ്ട്. അത് മുതല്‍ മക്കളുമായി ഞാന്‍ കണക്ടാണ്. ഇപ്പോള്‍ അവരുടെ ജീവിതത്തില്‍ പാട്ടിനോ സ്പോര്‍ട്സിനോ എന്തിനാണോ ആഗ്രഹമുള്ളത് അതിനൊക്കെ കൂടെ ഞാനുമുണ്ടെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.
തുടക്ക കാലത്ത് ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേ ഉള്ളോ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്. അമേരിക്കയില്‍ നിന്ന് ആ സമയത്ത് വന്നേ ഉണ്ടായിരുന്നുള്ളു. അത് ഒരു എക്സ്‌ക്യൂസ് ഒന്നുമല്ല. പക്ഷെ ആ സമയത്താണ് മില്ലേനിയം സ്റ്റാര്‍സിലേക്ക് കോള്‍ വരുന്നതും അതില്‍ പാടന്നതും. അങ്ങനെ ഒരു തുടക്കം കിട്ടുന്നത് വലിയ ഭാഗ്യമാണ്,' വിജയ് യേശുദാസ് പറയുന്നു.
യേശുദാസിന്റെ മകനായതുകൊണ്ട് പൊക്കി പിടിക്കേണ്ട എന്ന തരത്തിലുള്ള വര്‍ത്തമാനങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. പക്ഷെ എന്നെ ആരും പൊക്കിപ്പിടിച്ചിട്ടില്ല. ഇനി അങ്ങനെ അല്ലാതെ പറഞ്ഞവരെ പോലും ഞാന്‍ അങ്ങനെ ചിന്തിച്ചിട്ടില്ല. എവിടെ നിന്നാണ് അങ്ങനെ ഒരു മാനസിക നില എനിക്ക് കിട്ടിയതെന്ന് അറിയില്ല. ചിലപ്പോള്‍ അപ്പയുടെ അടുത്ത് നിന്ന് തന്നെയാകണം.
റെക്കോര്‍ഡിംഗ് സ്റ്റുഡിയോയിലൊക്കെ ആണെങ്കിലും ചിലര്‍ എന്തെങ്കിലും പറഞ്ഞാലും അദ്ദേഹം അപ്പോള്‍ എന്തെങ്കിലും പറയുമെന്നല്ലാതെ ഒന്നും മനിസല്‍ വെച്ച് പെരുമാറാറില്ല. സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോഴും തനിക്ക് അതിന് ശേഷമുള്ള ഏഴ് വര്‍ഷം അവസരങ്ങള്‍ ലഭിക്കുന്നതിന് വലിയ ബുദ്ധിമുട്ടുകളുണ്ടായിരുന്നു എന്നും വിജയ് പറയുന്നു.
സംസ്ഥാന അവാര്‍ഡ് ലഭിച്ച് ഒന്നര വര്‍ഷം ഒക്കെ കഴിഞ്ഞപ്പോഴാണ് 'ഈ പുഴയും സന്ധ്യകളും' എന്ന ഗാനം ഒക്കെ എനിക്ക് കിട്ടിയത്. പക്ഷെ നമ്മളെ പ്രൂവ് ചെയ്യാതെ അവസരങ്ങള്‍ വരില്ല എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. തുടക്ക കാലത്ത് പൊളിഷ്ഡ് ആയി വരുന്നതേ ഉണ്ടായിരുന്നുള്ളു. ജോലിയെടുക്കാന്‍ പറ്റുന്നില്ലല്ലോ എന്ന ഫ്രസ്ട്രേഷന്‍ ആയിരുന്നു ആ സമയത്ത്. എന്നാല്‍ എന്റെ കഴിവില്‍ എനിക്ക് വിശ്വാസമുണ്ടായിരുന്നു. അപ്പയ്ക്ക് തുടക്ക കാലത്ത് ഒരു ക്രിസ്ത്യാനി എന്തിനാണ് പാട്ട് പാടുന്നത് എന്ന തരത്തിലുള്ള കാര്യങ്ങള്‍ കേട്ടിട്ടുണ്ട്. പക്ഷെ എനിക്ക് അത്തരത്തിലുള്ള കാര്യങ്ങളല്ല അനുഭവിക്കേണ്ടി വന്നിട്ടുള്ളത്. എന്നോട് ചോദിച്ചത് എന്തിനാണ് അച്ഛനെപ്പോലെ അനുകരിക്കുന്നത് എന്നാണ്. അത് ഞാന്‍ മനഃപൂര്‍വ്വം ചെയ്യുന്നതല്ല. അതുകൊണ്ട് തന്നെ വേറെ പോലെ പാടാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ ജന്മനാ അങ്ങനെ ഒന്ന് വരുന്നുണ്ട്. എനിക്ക് തോന്നുന്നത് ചെറുപ്പം തൊട്ട് ആ ശബ്ദം കേട്ട് വളര്‍ന്നതുകൊണ്ടാകാമെന്നും വിജയ് പങ്ക് വച്ചു.
ഇനി മലയാളത്തില്‍ പാടില്ലെന്ന് പറഞ്ഞത് ആരേയും കുറച്ച് കാണിക്കാനൊന്നും ആയിരുന്നില്ല. എന്റെ ഉള്ളിലുള്ള ഒരു ഫീലിങ് ഞാന്‍ ഷെയര്‍ ചെയ്തു. ചില ആളുകള്‍ അത് വേറെ ഒരു രീതിയില്‍ എടുത്തു. എന്നെക്കുറിച്ച് മാത്രമല്ല. എത്രയോ സംഗീത സംവിധായകര്‍ക്കും ഗായകര്‍ക്കും, നമ്മള്‍ ലെജന്‍ഡ്‌സ് എന്ന് കരുതുന്നവര്‍ക്കും അര്‍ഹമായ പ്രതിഫലം ലഭിക്കുന്നില്ല. നേരേ മറുവശത്ത് സംവിധായകരുടേയും നടന്മാരുടേയും കാര്യം അങ്ങനേയല്ലെന്നും താരം പങ്ക് വച്ചു.