രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതിനു പിന്നാലെ ആദ്യമായി ആരാധകരുടെ മുന്നില്‍ എത്തി നടന് വിജയ്. പുതുച്ചേരിയില്‍ വച്ചാണ് താരം ആരാധകരെ കണ്ടത്. പുതിയ ചിത്രം ഗ്രേറ്റസ്റ്റ് ഓഫി ദി ഓള് ടൈംസിന്റെ ചിത്രീകരണത്തിനിടെയാണ് താരം ആരാധകരെ കാണാനെത്തിയത്. ആരാധകരെ അഭിവാദ്യമര്‍പ്പിക്കാനായി താരം നിര്‍ത്തിയിട്ടിരുന്ന ബസ്സിന് മുകളില്‍ കയറി. പുഷ്പ വൃഷ്ടി നടത്തിയാണ് ആരാധകര്‍ താരത്തെ സ്വീകരിച്ചത്.
ഷൂട്ടിംഗിനായി താരം എത്തിയത് അറിഞ്ഞ് പുതുച്ചേരിയിലെ ടെസ്ക്സറ്റയില്‍സ് കോംപ്ലക്സിന് മുമ്പില്‍ താരത്തെ കാണാനായി ആരാധകര്‍ തടിച്ചുകൂടുകയായിരുന്നു. ഇതോടെ താരം ആരാധകരെ കാണാനായി എത്തുകയായിരുന്നു. ക്ലീന്‍ ഷേവ് ലുക്കിലാണ് താരം എത്തിയത്.
തന്നെ കാണാനെത്തിയ ആരാധകര്‍ക്കൊപ്പം വിജയ് എടുത്ത സെല്‍ഫി വീഡിയോയാണ് ശ്രദ്ധ നേടുന്നത്. വിജയ് അഭിവാദ്യം ചെയ്ത സമയത്ത് ആയിരങ്ങളാണ് തടിച്ചുകൂടിയത്.
ബസ്സിന് മുകളിലേക്ക് താരം കയറിയതോടെ ആരാധകര്‍ ആവേശത്തിലായി. കയ്യില്‍ കരുതിയിരുന്ന പൂക്കള്‍ അവര്‍ താരത്തിന് മേലേക്ക് എറിഞ്ഞു. ആരാധകര്‍ക്കൊപ്പം സെല്‍ഫി വിഡിയോ പകര്‍ത്തിയതിന് ശേഷമാണ് താരം മടങ്ങിയത്. വിജയ് ആരാധകര്‍ തടിച്ചു കൂടിയതോടെ പുതുച്ചേരി കടലൂര്‍ റോഡില്‍ അര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
അതേസമയം വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടി മത്സരിക്കില്ല. ഈ തിരഞ്ഞെടുപ്പില്‍ ആരെയും പിന്തുണക്കില്ലെന്ന് പറഞ്ഞ വിജയ് രണ്ട് വര്‍ഷത്തിന് ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച് ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കിയിട്ടുണ്ട്.