മലയാളി പ്രേക്ഷകര്‍ക്കിടയിലെ പ്രിയ താരമാണ് ഉണ്ണി മുകുന്ദന്. ചിത്രങ്ങളില്‍ മികച്ച അഭിനയം കാഴ്ചവച്ച് സിനിമ പ്രേമികളില്‍ ഇടംപിടിക്കാന്‍ ഉണ്ണി മുകുന്ദനു സാധിച്ചു. സിനിമ വിശേഷവും മറ്റും സമൂഹ മാധ്യമത്തിലൂടെ പങ്കുവയ്ക്കാന്‍ താരം മടിക്കാറില്ല. അത്തരത്തിലുള്ള ഒരു സന്തോഷ വാര്‍ത്തയാണ് താരം പങ്കുവച്ചിട്ടുള്ളത്. ഉലകനായകന് കമല്‍ ഹാസനുമായുള്ള കൂടികാഴ്ചയെ കുറിച്ചാണ് താരം വെളിപെടുത്തിയത്ഉലകനായകനെ കണ്ട സന്തോഷത്തില്‍ അഞ്ചു നിമിഷത്തേക്ക് താന്‍ ശ്വാസമടക്കി നിന്നെന്നും താരം കുറിച്ചിട്ടുണ്ട്.
കുറിപ്പ് ഇങ്ങനെ:
''എന്നെ വിശ്വസിക്കൂ, യഥാര്‍ഥ ഉലകനായകനാണ് തൊട്ടടുത്ത് നില്ക്കുന്നതെന്ന ബോധ്യത്തില്‍ അഞ്ച് നിമിഷം ഞാന്‍ ശ്വാസമടക്കി അവിടെ നിന്നു. ഒരു ഹാന്‍ഡ്ഷേക്കും ഹഗും എനിക്ക് കിട്ടി. പക്ഷേ അത് തെളിയിക്കാനുള്ള ചിത്രങ്ങള്‍ എന്റെ പക്കല്‍ ഇല്ല...'' എന്നാണ് ചിത്രം പങ്കിട്ട് താരം കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ദുബൈയില്‍ നടന്ന സൈമ അവാര്‍ഡ്സ് വേദിയില്‍ വച്ചാണ് ഉണ്ണി മുകുന്ദന് കമല്‍ ഹാസനെ കണ്ടത്.
വിക്രത്തിലെ പ്രകടനത്തിന് തമിഴിലെ ഇത്തവണത്തെ മികച്ച നടനുള്ള പുരസ്കാരം സ്വീകരിക്കാനാണ് കമല്‍ എത്തിയത്. മികച്ച നവാഗത നിര്‍മ്മാതാവിനുള്ള പുരസ്കാരം ഉണ്ണി മുകുന്ദന് നിര്‍മ്മിച്ച മേപ്പടിയാന് എന്ന ചിത്രത്തിനു കിട്ടിയിരുന്നു, അത് സ്വീകരിക്കാനാണ് ഉണ്ണി മുകുന്ദന് എത്തിയത്.
ഗന്ധര്‍വ്വ ജൂനിയര്‍, ജയ് ഗണേഷ് അടക്കം ഒരുപിടി ശ്രദ്ധേയ ചിത്രങ്ങളാണ് ഉണ്ണി മുകുന്ദന്റേതായി വരാനിരിക്കുന്നത്. അതേസമയം വിക്രത്തിന്റെ വന്‍ വിജയത്തിന് ശേഷം ഒരുപിടി ശ്രദ്ധേയ പ്രോജക്റ്റുകളാണ് കമലിന്റേതായി എത്താനിരിക്കുന്നത്. ഷങ്കറിന്റെ ഇന്ത്യന്‍ 2, എച്ച് വിനോദിന്റെയും മണി രത്നത്തിന്റെയും സംവിധാനത്തിലെത്തുന്ന പേരിട്ടിട്ടില്ലാത്ത ചിത്രങ്ങള്‍ എന്നിവയ്ക്കൊപ്പം പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം കല്‍ക്കി 2898 എഡിയിലും കമല്‍ ഹാസന് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.