പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് മാരി സെല്‍വരാജ് സംവിധാനത്തിലൊരുങ്ങിയ മാമന്നന്‍. ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ രണ്ടു ദിവസം മുന്‍പാണ് ചിത്രം തിയേറ്റുകളിലെത്തിയത്. ഇപ്പോളിതാ മാമന്നന്റെ വന്‍ വിജയത്തിന് ശേഷം സംവിധായകന്‍ മാരിസെല്‍വരാജിന് മിനി കൂപ്പര്‍ കാര്‍ സമ്മാനമായി നല്‍കിയിരിക്കുകയാണ് ഉദയനിധി സ്റ്റാലിന്‍.
ഉദയനിധി സ്റ്റാലിന്‍, വടിവേലു, ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. റെഡ് ജയന്റ് മൂവീസാണ് നിര്‍മ്മാണം. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ആദ്യ ദിനം 9 കോടിയിലധികം കളക്ഷന്‍ ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ട്. വന്‍ വാണിജ്യ വിജയം ചിത്രം സമ്മാനിച്ചതില്‍ മാരിസെല്‍വരാജിന് മിനി കൂപ്പര്‍ കാര്‍ സമ്മാനിക്കാന്‍ സാധിച്ചതില്‍ റെഡ് ജയന്റ് സന്തോഷം രേഖപ്പെടുത്തി.
മാമന്നന് ലോകം ചുറ്റാന്‍ ചിറകുകള്‍ നല്‍കിയ എന്റെ മാരി സെല്‍വരാജിന് നന്ദി എന്ന് ഉദയനിധി സ്റ്റാലിന്‍ തന്റെ സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു. സംഗീതം - എ. ആര്‍. റഹ്മാന്‍. ഛായാഗ്രഹണം - തേനി ഈശ്വര്‍. റിയാ ഷിബുവിന്റെ എച്ച് ആര്‍ പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണം. പി. ആര്‍. ഒ - പ്രതീഷ് ശേഖര്‍.