തമിഴ്നാട്ടില്‍ ആരാധകരുടെ കാത്തിരിപ്പിനും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് സ്വന്തം രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ 'തമിഴക വെട്രി കഴകം'ത്തിന്റെ ആദ്യ രാഷ്ട്രീയ ലക്ഷ്യവും വെളിപ്പെടുത്തി നടന്‍ വിജയ്. തനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനം ഹോബിയല്ലെന്നും ഇതുവരെ കരാറായിരിക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കിയശേഷം അഭിനയം ഉപേക്ഷിക്കുമെന്നും വിജയ് അറിയിച്ചു. ജാതിമത ഭിന്നതയും അഴിമതിയും നിലനില്‍ക്കുന്ന അവസ്ഥയെ പൂര്‍ണമായും തന്റെ പാര്‍ട്ടി ഇല്ലാതാക്കുമെന്നും വിജയ് വ്യക്തമാക്കി.
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയുടെ രാഷ്ട്രീയ പാര്‍ട്ടി മത്സരിക്കില്ല. ഈ തെരഞ്ഞെടുപ്പില്‍ ആരെയും പിന്തുണക്കില്ലെന്ന് പറഞ്ഞ വിജയ് രണ്ട് വര്‍ഷത്തിന് ശേഷം തമിഴ്നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച് ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി. പാര്‍ട്ടിയുടെ ആദ്യ യോഗം ശനിയാഴ്ച നടക്കും. ശനിയാഴ്ച ജില്ലാ സെക്രട്ടറിമാരുമായി വിജയ് കൂടിക്കാഴ്ച നടത്തും. 49-ആം വയസ്സിലാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനം.
ജനുവരി 26 ന് തന്റെ വീട്ടില്‍ വിളിച്ചു ചേര്‍ത്ത പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ തന്നെ വിജയ് തന്റെ നിലപാട് പ്രഖ്യാപിച്ചിരുന്നു. ആരാധക കൂട്ടായ്മ ആയ വിജയ് മക്കള്‍ ഇയക്കത്തിന്റെ യോഗത്തില്‍ വച്ചാണ് സ്വന്തം പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തീരുമാനം വിജയ് അറിയിച്ചത്. വിജയ് മക്കള്‍ ഇയക്കത്തിന്റെ ജനറല്‍ സെക്രട്ടറി ബുസി ആനന്ദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ ഓഫിസിലെത്തി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടി അംഗങ്ങള്‍ സംസ്ഥാന വ്യാപകമായി വന്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.
കഴിഞ്ഞ ദിവസം ചെന്നൈയില്‍ ചേര്‍ന്ന വിജയ് മക്കള്‍ ഇയക്കത്തിന്റെ യോഗത്തില്‍ താരം മൂന്ന് മണിക്കൂറിലേറെ പങ്കെടുത്തിരുന്നു. യോഗത്തില്‍ ആരാധക കൂട്ടായ്മയുടെ നേതൃത്വത്തിലെ പ്രമുഖര്‍ ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്നെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചിരുന്നെങ്കിലും 2026ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാവണം പ്രവര്‍ത്തനമെന്ന് വിജയ് നിര്‍ദ്ദേശിക്കുകയായിരുന്നു. പാര്‍ട്ടി പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ തമിഴ്നാട്ടിലെ പൗരപ്രമുഖരുമായി വിജയ് കൂടിക്കാഴ്ച നടത്തുമെന്നും വിവരമുണ്ട്.
ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം അംഗങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ മുന്‍കൈ എടുത്തത്. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്. പാര്‍ട്ടി ആരംഭിക്കുന്നതിനോടൊപ്പം തന്നെ ഒരു മൊബൈല്‍ ആപ്പും പാര്‍ട്ടി പുറത്തിറക്കും. ഈ ആപ്പിലൂടെ ജനങ്ങള്‍ക്ക് പാര്‍ട്ടി അംഗമാവാന്‍ സാധിക്കും. ഒരു കോടി ആളുകളെ പാര്‍ട്ടി അംഗമാക്കാനാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. വരുന്ന ഏപ്രിലില്‍ സമ്മേളനം നടത്തും.
തെരഞ്ഞെടുപ്പില്‍ മറ്റൊരു പാര്‍ട്ടിയേയും പിന്തുണക്കില്ലെന്നാണ് സൂചന. 2026ല്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിയുടെ പാര്‍ട്ടി മത്സരിക്കും.പതിറ്റാണ്ടുകളായി തമിഴ് സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന വിജയ് രാഷ്ട്രീയപ്രവേശനം നടത്തുമെന്ന് വര്‍ഷങ്ങളായി അഭ്യൂഹമുണ്ട്.
68 ചലച്ചിത്രങ്ങളില്‍ അഭിനയിച്ച വിജയ് തന്റെ ആരാധക കൂട്ടായ്മകള്‍ സജീവമായി നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍, സൗജന്യ ഭക്ഷ്യവിതരണം, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം, വായനശാലകള്‍, സായാഹ്ന ട്യൂഷന്‍, നിയമസഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് വിജയ് ഫാന്‍സ് തമിഴ്നാട്ടിലുടനീളം ചെയ്തുകൊണ്ടിരിക്കുന്നത്.