മിനിസ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരായി പിന്നാലെ ബിഗ്ബോസിലെത്തി പ്രണയത്തിലായ ജോഡികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. കഴിഞ്ഞ മേയില്‍ വിവാഹിതരായി ഇവര്‍ ഇപ്പോള്‍ ഒരു കുഞ്ഞതിഥിക്കായി കാത്തിരിക്കയാണ്. അഞ്ചു മാസം ഗര്‍ഭിണിയാണ് ഇപ്പോള്‍ പേളി മാണി. മാര്‍ച്ചിലാണ് കുഞ്ഞെത്തുന്നതെന്നും കുഞ്ഞിന്റെ വിശേഷങ്ങളും പങ്കുവച്ച് പേളി എത്തിയിരുന്നു. അച്ഛനാകാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് ശ്രീനിഷ് അരവിന്ദ്. പേളി ഗര്‍ഭിണിയായപ്പോള്‍ മുതല്‍ തന്നിലെ അച്ഛനും ജനിച്ചുവെന്നായിരുന്നു ശ്രിനിഷ് പറഞ്ഞത്. ഇപ്പോള്‍ പേളി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് മുതലുളള വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ശ്രീനിഷ് അരവിന്ദ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം അച്ഛനാകാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷവും വിശേഷങ്ങളും പങ്കുവച്ചത്.
ഭക്ഷണം കഴിക്കാനോ പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യാനോയൊന്നും താല്‍പര്യമില്ലാത്ത പോലെയായിരുന്നു പേളി മാണി. ആ സമയത്താണ് ഗര്‍ഭിണിയുടെ ലക്ഷണങ്ങളെക്കുറിച്ച് ഗൂഗിളില്‍ തപ്പിയത്. ലക്ഷണങ്ങള്‍ കണ്ടപ്പോഴേ പേളി ഗര്‍ഭിണിയാണെന്ന് ഉറപ്പിച്ചിരുന്നു. ടെസ്റ്റ് ചെയ്ത് രണ്ട് വര കൂടി കണ്ടപ്പോള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. അതിന് ശേഷമായാണ് ആശുപത്രിയില്‍ പോയത്. നിരവധി ടെസ്റ്റുകളായിരുന്നു അവര്‍ നടത്തിയത്. ജീവിതത്തിലെ വലിയൊരു പരീക്ഷയുടെ റിസല്‍ട്ട് അറിയാനായി കാത്തിരിക്കുന്ന അവസ്ഥയായിരുന്നു അത്.
മൂന്നാമത്തെ മാസം ശരിക്കും കഷ്ടപ്പാടായിരുന്നുവെന്ന് ശ്രീനിഷ് പറയുന്നു. രാവിലെ എഴുന്നേല്‍ക്കുമ്പോഴേ പേളി ഛര്‍ദ്ദിക്കാന്‍ തുടങ്ങും. പുറംതടവിക്കൊടുക്കലായിരുന്നു എന്റെ പണി. ജ്യൂസും ഉണ്ടാക്കിക്കൊടുക്കാറുണ്ടായിരുന്നു താനെന്നും ശ്രിനിഷ് അരവിന്ദ് പറയുന്നു. ഗര്‍ഭിണിയായതോടെ വൈകി ഭക്ഷണം കഴിക്കുന്ന ശീലം ഞങ്ങള്‍ നിര്‍ത്തിയിരുന്നു. പാനിപൂരിയുടെ കാര്യത്തില്‍ മാത്രം ഇളവ് വരുത്തിയിരുന്നു. സദ്യയും പേളിക്ക് ഇപ്പോള്‍ വലിയ ഇഷ്ടമാണ്. ഐസ്‌ക്രീമും ചോക്ലേറ്റുമൊന്നും ഇപ്പോള്‍ അത്ര താല്‍പര്യമില്ലെന്നും ശ്രിനിഷ് പറയുന്നു. പേളിക്ക് ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. മുന്‍പ് മുട്ടയും പാലുമൊന്നും കഴിക്കാത്തയാള്‍ ഇപ്പോള്‍ അതൊക്കെ സന്തോഷത്തോടെ കഴിക്കുന്നുണ്ട്. കുഞ്ഞിനായാണ് അതൊക്കെ ചെയ്യുന്നത്. തനിക്ക് നെഗറ്റീവ് എനര്‍ജി ഇല്ലാതിരിക്കാനുള്ള ശ്രമങ്ങളും പേളി നടത്തുന്നുണ്ട്. എപ്പോഴും പോസിറ്റീവാണ്. വാര്‍ത്തകളൊന്നും കാണാറില്ലെന്നും ശ്രിനിഷ് പറയുന്നു.
ലൊക്കേഷനില്‍ ആരുമായും താന്‍ അങ്ങനെ ഇടപെടാറില്ല. മുന്‍കരുതലുകളെല്ലാമെടുത്താണ് പോവുന്നത്. ഷൂട്ട് കഴിഞ്ഞാല്‍ ഭാര്യയ്ക്ക് അരികിലേക്ക് ഓടിയെത്തുമെന്നും ശ്രിനിഷ് പറയുന്നു. കുഞ്ഞ് ആദ്യമായി അനങ്ങിയ സമയത്ത് താന്‍ പേളിക്കൊപ്പമുണ്ടായിരുന്നില്ല. ഷൂട്ടിങ്ങിലായിരുന്നു. ആ സമയത്ത് കൂടെയില്ലാതിരുന്നതില്‍ സങ്കടം തോന്നിയിരുന്നു. ഓരോ ഷെഡ്യൂള്‍ കഴിയുമ്പോഴും വീട്ടിലേക്ക് ഓടുമായിരുന്നു. തനിക്കും കുഞ്ഞ് അനങ്ങുന്നത് അറിയാനായിരുന്നു. അവള്‍ ചോക്ലേറ്റ് കഴിക്കുമ്പോള്‍ കുഞ്ഞ് അനങ്ങുന്നത് അറിയാനാവും. ആ സമയത്ത് വല്ലാത്ത സന്തോഷം തോന്നുമെന്നും എങ്ങനെയാണ് അതേക്കുറിച്ച് പറയേണ്ടതെന്നറിയില്ലെന്നും ശ്രീനിഷ് പറയുന്നു.