ബോഗയ്ന്‍വില്ലയിലെ പ്രമോ ഗാനത്തിനെതിരെ ക്രൈസ്തവ വിശ്വാസികള്‍ രംഗത്ത്. 'കര്‍ത്താവിനു സ്തുതി' എന്നു തുടങ്ങുന്ന പ്രൊമോ സോങ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. യുട്യൂബില്‍ തരംഗമായ പാട്ടിനെ ഡീ കോഡ് ചെയ്തവര്‍ 'കര്‍ത്താവിനു സ്തുതി പാടുന്ന ചെകുത്താന്‍മാര്‍' എന്നതാണ് ടൈറ്റില്‍ സോങ്ങിന്റെ പ്ലോട്ടില്‍ നിന്ന് മനസിലാകുന്നതെന്ന് വിലയിരുത്തി. ഇതാണ് വിവാദത്തിന് കാരണം. പശ്ചാത്തലത്തില്‍ ഇരുട്ടില്‍ നിറഞ്ഞ സെമിത്തേരിയും ചെകുത്താന്മാരും എന്നാല്‍ വരികള്‍ കര്‍ത്താവിനെ കുറിച്ചും. ബ്രേക്ക് ഡാന്‍സുമായി ഈ പാട്ടില്‍ കുഞ്ചാക്കോ ബോബനും ജ്യോതിര്‍മയിയും. ഇതെല്ലാം വിശ്വാസ അവഹേളനമാണെന്നാണ് വാദം.
അമല്‍ നീരദിന്റെ സിനിമയിലെ ഗാനത്തിനെതിരെ ക്രൈസ്തവ വിശ്വാസികള്‍ രംഗത്ത് എത്തുമ്പോള്‍ 'മട്ടാഞ്ചേരി മാഫിയ' എന്ന പ്രയോഗവും അവര്‍ ചര്‍ച്ചയാക്കുന്നു. ക്രൈസ്തവ സഭകള്‍ നേതൃത്വം നല്‍കുന്നതെന്ന് വലിയിരുത്തപ്പെടുന്ന യുട്യൂബ് ചാനലുകളില്‍ വലിയ വിമര്‍ശനമാണ് ഈ പാട്ടിലെ കുറിച്ച് ഉയരുന്നത്. സത്താന്‍സേവയുടെ പശ്ചാത്തലമാണ് ഈ പാട്ടിന് വേണ്ടി സൃഷ്ടിച്ചതെന്നാണ് ആക്ഷേപം. മട്ടാഞ്ചേരി മാഫിയ പലപ്പോഴും ക്രൈസ്തവ വിശ്വാസങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അതാണ് ഇവിടേയും കാണുന്നതെന്നും ഷെക്കീനാ ചാനല്‍ ആരോപിക്കുന്നു.
കര്‍ത്താവിനെ അവഹേളിക്കുന്ന സാത്താനിക ഗാനവുമായി വീണ്ടും അമല്‍നീരദും കുഞ്ചോക്കോ ബോബനും എന്ന തലക്കെട്ടിലാണ് അവര്‍ വിമര്‍ശനം ഉന്നയിക്കുന്നത്. മട്ടാഞ്ചേരി മാഫിയയെ പേരു പറഞ്ഞു തന്നെ കുറ്റപ്പെടുത്തുന്നു. വിശ്വാസങ്ങള്‍ക്കെതിരെ പോകുന്നവരെ എതിര്‍ത്തു തോല്‍പ്പിക്കുമെന്നും പറഞ്ഞു വയ്ക്കുന്നു. ക്രൈസ്തവ വിശ്വാസ ഗ്രൂപ്പുകളില്‍ ഈ ഗാനം വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. എന്നാല്‍ ആവിഷ്‌കാര സ്വാതന്ത്ര്യമാണ് ചിത്രമെന്നും പാട്ടിലും അതു മാത്രമേയുള്ളൂവെന്നുമാണ് അണിയറക്കാരുടെ നിലപാട്. ഏതായാലും ഭീഷ്മപര്‍വ്വത്തിനു ശേഷം അമല്‍ നീരദ് ഒരുക്കുന്ന ചിത്രം പുതിയ വിവാദത്തില്‍ ചെന്ന് വീഴുകയാണ്.
കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ബോഗയ്ന്‍വില്ല'യുടെ റിലീസ് തീയതി പുറത്തു വന്നു കഴിഞ്ഞു. പ്രൊമോ ഗാനമായ 'സ്തുതി' പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ വണ്‍ മില്യണിലേറെ കാഴ്ചക്കാരെ നേടിയിരിക്കുന്നതിനിടയിലാണ് റിലീസ് തീയതിയുമായി പുതിയ പോസ്റ്റര്‍ എത്തിയത്. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ജ്യോതിര്‍മയിയുമാണ് പോസ്റ്ററിലുള്ളത്. ഒക്ടോബര്‍ 17നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. വ്യാഴാഴ്ച പുറത്തിറങ്ങിയ 'സ്തുതി' ഗാന രംഗത്തില്‍ സുഷിന്‍ ശ്യാമും കുഞ്ചാക്കോ ബോബനും ജ്യോതിര്‍മയിയും ചടുലമായ ഈണവും ചുവടുകളുമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.
യൂ ട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഗാനം ഇതിനകം ഇടം നേടി കഴിഞ്ഞു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാം ഈണം നല്‍കിയിരിക്കുന്ന സ്തുതി എന്ന ഗാനം ആലപിച്ചിരിക്കുന്നത് മേരി ആന്‍ അലക്സാണ്ടറും സുഷിന്‍ ശ്യാമും ചേര്‍ന്നാണ്. സുഷിന്റെ അടുത്ത കാലത്തിറങ്ങിയ ഗാനങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായ ഗാനമാണ് 'സ്തുതി'. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ ജ്യോതിര്‍മയി എന്നിവരുടെ ഗെറ്റപ്പുകളുമായെത്തിയിരുന്ന സിനിമയുടെ ഒഫീഷ്യല്‍ പോസ്റ്ററിന് മുമ്പ് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. കൂടാതെ കറുപ്പിലും ചുവപ്പിലും എത്തിയിരുന്ന ക്യാരക്ടര്‍ പോസ്റ്ററുകളും വൈറലായിരുന്നു. സിനിമയുടെ പ്രൊമോ ഗാനവും നിമിഷ നേരത്തിനുള്ളില്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തത്. ഇതിന് പിന്നാലെയാണ് വിവാദവും വന്നത്.
കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തികച്ചും വേറിട്ട ലുക്കിലാണ് ചിത്രത്തില്‍ ജ്യോതിര്‍മയിയുള്ളത്. ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'ഭീഷ്മപര്‍വ്വം' സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് 'ബോഗയ്ന്‍വില്ലയുടേയും ഛായാഗ്രാഹകന്‍. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റേയും ഉദയ പിക്ചേഴ്സിന്റേയും ബാനറില്‍ ജ്യോതിര്‍മയിയും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.