1980കളില്‍ മലയാള സിനിമയില്‍ തിളങ്ങി നിന്ന നടിയായ അമ്മ. മകള്‍ കേവലം 17 വയസില്‍ തന്നെ ചലച്ചിത്ര ലോകത്തു നായികയായി അരങ്ങേറ്റം കുറിച്ചു. ഇപ്പോള്‍ ഈ അമ്മയുടെയും മകളുടെയും ചിത്രമാണ് സോഷ്യല്‍മീഡിയയുടെ ശ്രദ്ധ നേടുന്നത്.
നടി അംബികയുടെ അനുജത്തി രാധയും മകള്‍ കാര്‍ത്തികയുമാണ് ചിത്രത്തില്‍. തമിഴില്‍ ഭാരതിരാജയുടെ സിനിമയിലൂടെയാണ് രാധയുടെ സിനിമാ പ്രവേശം. 'അലൈഗള്‍ ഒയ്വമില്ലൈ' എന്ന കന്നിചിത്രം തന്നെ സിനിമാ ലോകത്ത് കള്‍ട്ട് ക്ലാസിക് ആയി വാഴ്ത്തപ്പെട്ടു.
കാര്‍ത്തിക 2009ലെ തെലുങ്ക് ചിത്രം 'ജോഷിലൂടെ' സിനിമയിലേക്ക് പ്രവേശിച്ചു. നാഗ ചൈതന്യയായിരുന്നു ഈ സിനിമയിലെ നായകന്‍. അതിനു ശേഷം തമിഴിലേക്ക് ചുവടുവച്ചു. അതും കഴിഞ്ഞാണ് മലയാള സിനിമയില്‍ വേഷമിടുന്നത്. മലയാളത്തില്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത 'മകരമഞ്ഞ്' എന്ന സിനിമയില്‍ കാര്‍ത്തിക സന്തോഷ് ശിവന്റെ നായികയായി. സന്തോഷ് ശിവന്‍ കരിയറിലെ ആദ്യ നായകവേഷം ചെയ്ത ചിത്രമാണിത്.
പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പിന്റെ ഉടമയായ രാജശേഖരനെ വിവാഹം ചെയ്തതോടെ രാധ സിനിമയില്‍ നിന്നും പിന്‍വാങ്ങി. കാര്‍ത്തികയേ കൂടാതെ തുളസി എന്ന മകളും, വിഗ്‌നേഷ് എന്ന മകനുമുണ്ട്. ചുരുങ്ങിയ നാളുകള്‍ മാത്രം സിനിമയില്‍ നിന്ന ശേഷം കാര്‍ത്തിക അച്ഛന്റെ പാത പിന്തുടര്‍ന്ന് ബിസിനസ് കാര്യങ്ങള്‍ നോക്കിനടത്തുന്നതില്‍ വ്യാപൃതയായി. കരിയറില്‍ ആകെ ഒന്‍പത് സിനിമകളില്‍ കാര്‍ത്തിക അഭിനയിച്ചു.
ചുരുങ്ങിയ കാലത്തിനുള്ളില്‍ കാര്‍ത്തിക മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ അഭിനയിച്ചു കഴിഞ്ഞു. 2015ലാണ് കാര്‍ത്തിക ഏറ്റവും അവസാനമായി സിനിമയില്‍ അഭിനയിച്ചത്.