ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് നിഖില വിമല്‍. സിനിമയിലെ നിറസാനിധ്യമായ നിഖില സാമൂഹ്യ വിഷയങ്ങളിലും ശ്രദ്ധചലിപ്പിക്കാറുണ്ട്. തന്റെതായ നിലപാടില്‍ ഉറച്ചുനിന്ന നടി പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്
തന്റെ അച്ഛനെ കുറിച്ച് നിഖില പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
കൊവിഡ് ബാധിച്ച് ചികിത്സയില്‍ ഇരിക്കെ ആയിരുന്നു നിഖിലയുടെ അച്ഛന്‍ മരിക്കുന്നത്. ഒരു അപകടം പറ്റിയ അദ്ദേഹം വര്‍ഷങ്ങളോളം അതിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു. ആ വേളകളില്‍ താനും അമ്മയും ചേച്ചിയും ആണ് അച്ഛനെ നോക്കിയതെന്ന് നിഖില പറയുന്നു. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നിഖില തന്റെ പേഴ്‌സണല്‍ കാര്യങ്ങളെ കുറിച്ച് മനസുതുറന്നത്.
നിഖിലയുടെ വാക്കുകള്‍ ഇങ്ങനെ
അച്ഛന്‍ വലിയൊരു ആളാണ്. ആറടി പൊക്കം ഒക്കെയുള്ള വലിയൊരു മനുഷ്യന്‍. അദ്ദേഹത്തെ നോക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം ആയിരുന്നു. അപകട ശേഷം ഓര്‍മ കുറവായിരുന്നു. അതുകൊണ്ട് വാശിയും കൂടുതല്‍ ആണ്. അച്ഛന് ഏറ്റവും ഇഷ്ടം മധുരം ആണ്. മധുരം കഴിക്കാന്‍ വേണ്ടി എന്തെങ്കിലും കാരണം കണ്ടുപിടിക്കും. പഴത്തിനായി കുട്ടികളെ പോലെ വാശി പിടിക്കും. മരിച്ച് കഴിഞ്ഞ് കര്‍മം ചെയ്യുമ്പോള്‍ അച്ഛന് വേണ്ടി പഴം, പായസം, ഉന്നക്കായ് തുടങ്ങിയ സാധനങ്ങളാണ് വെച്ചത്.
പുറത്ത് നിന്ന് നോക്കുമ്പോള്‍, അച്ഛനെ നോക്കുന്നത് ബുദ്ധിമുട്ടാണല്ലോ എന്ന് പലര്‍ക്കും തോന്നാം. ഒരുപരിധിവരെ അച്ഛനെ നോക്കുന്നത് ബുദ്ധിമുട്ട് ആയിരുന്നു. കാരണം എന്ത് പറഞ്ഞാലും അച്ഛന്‍ അനുസരിക്കില്ല. എന്ത് ചെയ്യരുതെന്ന് പറയുന്നോ അതേ അച്ഛന്‍ ചെയ്യിള്ളൂ. പക്ഷേ അച്ഛന്‍ പറയുന്ന കാര്യങ്ങളൊക്കെ തമാശയായിട്ട് എടുത്ത് ഓരോന്നും ചെയ്യാന്‍ തുടങ്ങി. പതിനഞ്ച് വര്‍ഷത്തോളം അമ്മയ്ക്ക് അച്ഛനെ നോക്കേണ്ടി വന്നു. ഇന്ന് അമ്മ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് അച്ഛനെയാണ്. കാരണം ഇങ്ങനെ ഒക്കെ ആണെങ്കിലും ഒരു കൂട്ട് ഉണ്ടായിരുന്നല്ലോ എന്നതാണ്.
അച്ഛന്റെ വിയോ?ഗം ഏറ്റവും കൂടുതല്‍ ബാധിച്ചത് ചേച്ചി അഖിലയെ ആണ്. കാരണം അവള്‍ അച്ഛന്‍ കുട്ടി ആയിരുന്നു. അച്ഛന്റെ മരണം ഉള്‍ക്കൊള്ളാന്‍ കുറച്ചധികം സമയം എടുത്തു. എനിക്ക് അറിവാകുന്നതിന് മുന്നെ അച്ഛന് വയ്യാണ്ടായല്ലോ. അതുകൊണ്ട് അവളുടെ ലൈഫില്‍ ആണ് അച്ഛന്റെ ഇന്‍ഫ്‌ലുവന്‍സ് ഉള്ളത്.
അച്ഛന്‍ മരിച്ച സമയത്ത് ചേച്ചിക്കും അമ്മയ്ക്കും കൊവിഡ് ആയിരുന്നു. അച്ഛന് വയ്യാണ്ടായപ്പോള്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. അദ്ദേഹത്തിന് ന്യൂമോണിയ ഉണ്ടായിരുന്നു. ഇന്‍ഫെക്ഷന്‍ വന്നാണ് അച്ഛന്‍ മരിച്ചത്. അച്ഛന്‍ മരിക്കുമ്പോള്‍ ഞാനെ ഉള്ളൂ. ഭയങ്കര അവസ്ഥയായിരുന്നു അത്.
കൊവിഡ് ആണ് ആര്‍ക്കും വരാനോ സഹായിക്കാനോ പറ്റില്ല. പാര്‍ട്ടിയിലെ ചില ചേട്ടന്മാരും ഞാനും കൂടിയാണ് അച്ഛന്റെ ബോഡി എടുത്തത്. ഞാനാണ് മൃതദേഹം ദഹിപ്പിക്കുന്നത്. ചേച്ചിയാണ് ഇതൊക്കെ ചെയ്യേണ്ടത്. അഞ്ചാമത്തെ ദിവസം അസ്ഥി എടുക്കാന്‍ പോകുന്നതും ഞാനാണ്. ഇതൊക്കെ ചെയ്യാനായിട്ട് ആരെങ്കിലും വരുവോ എന്ന് ഞാന്‍ എല്ലാവരെയും വിളിച്ച് ചോദിക്കുന്നുണ്ട്. പക്ഷേ കൊവിഡ് ആയതിനാല്‍ ആരും വന്നില്ല.
അച്ഛന്‍ മരിച്ച ശേഷം ലൈഫില്‍ കുറേക്കാര്യങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞു. ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ആവശ്യമുള്ള സമയത്ത് ഇവരൊന്നും കൂടെ ഉണ്ടാവില്ല. കുടുംബം ഒപ്പം ഉണ്ടാകുമെന്ന് അമ്മ എപ്പോഴും പറയും. പക്ഷെ ആ സമയത്ത് കുടുംബവും ഉണ്ടായില്ല. ശേഷം ഞാന്‍ ആരുടെയും അനുവാദത്തിന് വേണ്ടി കാത്ത് നിന്നിട്ടില്ല. എന്റെ ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്തു.