പുതിയ സീരീസായ പേരുല്ലൂര്‍ പ്രീമിയര്‍ ലീഗിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയ നിഖില വിമലും വിജയരാഘവും സ്ത്രീധനത്തെക്കുറിച്ച് പങ്ക് വച്ച കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.തന്റെ വീട്ടിലേക്ക് സ്ത്രീധനം ചോദിച്ച് വരാനുള്ള ധൈര്യം ആര്‍ക്കും ഉണ്ടാകില്ലെന്നും ഇപ്പോള്‍ വിവാഹം ആലോചിച്ച് തന്റെ വീട്ടിലേക്ക് വരുന്നവരോട് കടക്കൂ പുറത്തെന്ന് പറയുമെന്നും നിഖില അഭിമുഖത്തില്‍ പറഞ്ഞു. തനിക്ക് ഒരു പങ്കാളി വേണമെന്ന് എപ്പോള്‍ തോന്നുന്നുവോ അപ്പോള്‍ വിവാഹം കഴിക്കുമെന്നും നിഖില പറഞ്ഞു. വീട്ടില്‍ നിന്ന് അമ്മയടക്കമുള്ളവര്‍ വിവാഹത്തിന് നിര്‍ബന്ധിക്കാറുള്ള കാര്യവും നിഖില പറയുന്നുണ്ട്.
എന്റെ വീട്ടില്‍ വിവാഹ ആലോചനയുമായി വരുന്നവരോട് ഞാന്‍ കടക്കൂ പുറത്തെന്ന് പറയും. എനിക്ക് എപ്പോഴാണ് പാര്‍ട്ണര്‍ വേണമെന്ന് തോന്നുന്നത്, എനിക്ക് ഒരു കല്യാണം കഴിക്കണം എന്നൊക്കെ തോന്നുന്ന സമയത്ത് മാത്രമേ ഞാന്‍ കല്യാണം കഴിക്കൂ. സാധാരണ അമ്മമാര്‍ പറുന്നത് പോലെ വീട്ടില്‍ നിന്ന് പറയാറുണ്ട്. അമ്മയ്ക്ക് വയസായി, എന്തെങ്കിലും പറ്റിപ്പോയാലോ എന്നൊക്കെ. അത് കേട്ട ഞാന്‍ അമ്മയോട് പറയുന്നത്, ഒന്നും സംഭവിക്കില്ല എന്നാണ്' -നിഖില പറഞ്ഞു.
'ഏത് മക്കളെ കണ്ടാലും കല്യാണം കഴിപ്പിക്കണമെന്ന ആഗ്രഹമായിരുന്നു എന്റെ അച്ഛന്റെ അമ്മയ്ക്ക്. മരിക്കുന്നതിന് മുമ്പ് മക്കളുടെ കല്യാണം കാണണമെന്നാണ് അമ്മൂമ്മ പറയാറുള്ളത്. എന്റെ കാര്യം വന്നപ്പോള്‍, അതൊരു ആക്രാന്തമാണെന്നും ഇനി അത് പറ്റുമെന്ന് തോന്നില്ല എന്നാണ് ഞാന്‍ പറഞ്ഞത്. അതുകൊണ്ട് നമ്മളാണ് നമ്മുടെ ലൈഫ് ഡിസൈഡ് ചെയ്യേണ്ടത്. നാളെ എന്തെങ്കിലും വന്നാല്‍ ഇവരാരും കൂടെയുണ്ടാകില്ല. നിന്റെ ജീവിതമാണ്, നീ അല്ലേ കല്യാണം കഴിച്ചത് എന്നാണ് എല്ലാവരും പറയുക'-
എന്റെ ലൈഫില്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കും ഞാനാണ് ഉത്തരവാദി. അതില്‍ എനിക്ക് എന്റെ അമ്മയെയും ചേച്ചിയെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കുറ്റപ്പെടുത്താനും പാടില്ല. പിന്നെ, എന്റെ വീട്ടില്‍ സ്ത്രീധനം ചോദിച്ച് വരാന്‍ ആരും ധൈര്യപ്പെടുമെന്ന് തോന്നുന്നില്ല. ചേച്ചിയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. സ്ത്രീധനം കൊടുത്തൊന്നും അവള്‍ കല്യാണം കഴിക്കില്ല. കല്യാണം കഴിക്കുന്നതിനെ പറ്റിയേ അവള്‍ ചിന്തിക്കുന്നില്ല'- നിഖില പറഞ്ഞു.
സ്ത്രീധനം നല്‍കുന്നവരെയും വാങ്ങുന്നവരെയും നടന്‍ വിജയരാഘവനും വിമര്‍ശിച്ചു. സ്ത്രീധനം വാങ്ങുന്നത് പോലുള്ള ഏറ്റവും വലിയ തെണ്ടിത്തരം ലോകത്തില്ലെന്നാണ് വിജയരാഘവന്‍ പറയുന്നത്. ആണത്വമുള്ളവന്‍ ഒരിക്കലും സ്ത്രീധനം വാങ്ങില്ലെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
ഇത്രയും വലിയ തെണ്ടിത്തരം ലോകത്തില്ല. ഞാന്‍ സ്ത്രീധനം വാങ്ങിച്ചിട്ടില്ല, എന്റെ അച്ഛന്‍ സ്ത്രീധനം വാങ്ങിച്ചിട്ടില്ല. എന്റെ മക്കള്‍ക്ക് സ്ത്രീധനം കൊടുത്തിട്ടില്ല, ഞാന്‍ ചോദിച്ചിട്ടുമില്ല. സ്ത്രീധനം ചോദിക്കുന്നത് ഏറ്റവും വലിയ ചെറ്റത്തരമായിട്ടാണ് ഞാന്‍ കാണുന്നത്. ചോദിച്ചാല്‍ തിരിച്ച് ചോദിക്കാനുള്ള തന്റേടം പെണ്‍പിള്ളേര്‍ക്ക് വേണം. സ്ത്രീധനം ചോദിച്ചാല്‍ ഒരിക്കല്‍ പോലും കല്യാണം കഴിക്കരുത്'
'എന്ത് കിട്ടും, എന്തുണ്ട് എന്ന് ചോദിച്ചാല്‍ അവനെ ഒരിക്കലും കല്യാണം കഴിക്കരുത്. അവനെ വിശ്വസിക്കാനേ കൊള്ളില്ല. ഞാന്‍ എന്റെ രണ്ട് മക്കളുടെയും കാര്യം അന്വേഷിച്ചിട്ടുമില്ല, ചോദിച്ചിട്ടുമില്ല. ഇന്നും അവരുടെ സ്വത്തുക്കളൊന്നും മേടിച്ചിട്ടുമില്ല. എന്റെ മൂത്തമകന്‍ കല്യാണം കഴിച്ചിട്ട് പത്ത് പതിമൂന്ന് വര്‍ഷമായി. ഒരിക്കലും അങ്ങനെ ഉണ്ടായിട്ടില്ല. ഞങ്ങളുടെ വീട്ടുകാരും അവരുടെ വീട്ടുകാരും തമ്മില്‍ നല്ല ബന്ധമാണ്. അപ്പോള്‍ എന്തിനാണ് ആവശ്യമില്ലാത്ത കാര്യം അന്വേഷിക്കാന്‍ പോകുന്നത്'- വിജയരാഘവന്‍ പറഞ്ഞു.
'സ്ത്രീധനം കൊടുക്കുന്നവരും കുറ്റക്കാരാണ്. എന്തിനാണ് സ്ത്രീധനം കൊടുക്കുന്നത്. കുഞ്ഞിനെ കൊലയ്ക്ക് കൊടുക്കുകയല്ലേ അത്. ചില പെണ്‍കുട്ടികളും സ്ത്രീധനത്തിന് കാരണക്കാരാണ്. ഞാന്‍ വീട്ടില്‍ നിന്ന് പോകുകയല്ലേ, എന്ത് കിട്ടും വീട്ടില്‍ നിന്ന് എന്ന് ചോദിക്കുന്നവരുണ്ട്. ഞാന്‍ കയറിച്ചെല്ലുന്ന വീട്ടില്‍ എനിക്ക് വിലവേണം എന്നൊക്കെയാണ് അവര്‍ പറയാറുള്ളത്. ഈ ഒരു ബോധം പെണ്‍കുട്ടികള്‍ക്കുണ്ട്. അത് പാടില്ല'- വിജയരാഘവന്‍ വ്യക്തമാക്കി.