ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ അമ്മ മെഹ്‌റുന്നിസ സിദ്ദിഖി അദ്ദേഹത്തിന്റെ ഭാര്യ ആലിയയ്‌ക്കെതിരെ കേസുമായി രംഗത്ത്. വെര്‍സോവ പൊലീസില്‍ മെഹ്‌റുന്നിസ നല്‍കിയ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ ഇട്ടിട്ടുണ്ട്. ഐപിസി 452, 323, 504, 506 വകുപ്പുകള്‍ പ്രകാരമാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് വെര്‍സോവ പോലീസ് ആലിയയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നടന്റെ ഭാര്യയും അമ്മയും തമ്മില്‍ നേരത്തെ തര്‍ക്കവും വഴക്കും നിലനിന്നിരുന്നു. അതേ സമയം വീട്ടില്‍ തന്നെ ഉപദ്രവിക്കണം എന്ന ഉദ്ദേശത്തോടെ മകന്റെ ഭാര്യ എത്തുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് മെഹ്‌റുന്നിസ നല്‍കിയ പരാതി പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍.
വീട്ടില്‍ അതിക്രമിച്ചു കയറിയ സൈനബ താനുമായി വാക്കുതര്‍ക്കമുണ്ടാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് മെഹറുന്നിസ പരാതിയില്‍ പറയുന്നു. പരാതിയുമായി ബന്ധപ്പെട്ട് സൈനബയെ പോലീസ് ചോദ്യം ചെയ്തു.നവാസുദ്ദീന്‍ സിദ്ദിഖിയും ഭാര്യയും അമ്മയും ഉള്‍പ്പെട്ട സ്വത്തു തര്‍ക്കത്തിന്റെ ഭാഗമാണോ പരാതിയെന്നു അന്വേഷിക്കുമെന്നും മുംബൈ വെര്‍സോവ പൊലീസ് പറഞ്ഞു.
നവാസുദ്ദീന്റെ രണ്ടാം ഭാര്യയാണ് സൈനബ . 2010ലാണ് ഇരുവരും വിവാഹിതരായത്. ഭൂമിയുടെ കാര്യത്തില്‍ സൈനബയും നവാസുദ്ദീന്റെ അമ്മയും തമ്മില്‍ തര്‍ക്കമുണ്ട്. കൊറോണ ലോക്ക്ഡൗണ്‍ സമയത്തും സൈനബയും നവാസുദ്ദീനും തമ്മില്‍ ഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് നവാസുദ്ദീന്‍ തന്നെ ആക്രമിച്ചതായി സൈനബ ആരോപിച്ചു. ജൂലൈ 27 ന് തന്റെ ഭര്‍ത്താവ് നവാസുദ്ദീന്‍, സഹോദരന്‍ മിനാജുദ്ദീന്‍, ഫൈസുദ്ദീന്‍, അയാസുദ്ദീന്‍, മാതാവ് മെഹറുന്നിസ എന്നിവര്‍ക്കെതിരെ മുംബൈയിലെ വെര്‍സോവ പോലീസ് സ്റ്റേഷനില്‍ സൈനബ പരാതി നല്‍കി . ഈ പരാതിയില്‍ നവാസുദ്ദീന്റെ സഹോദരന്‍ മിന്‍ഹാജുദ്ദീനെ തന്നെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോ കാണിക്കുകയും ചെയ്തതായി സൈനബ ആരോപിച്ചിരുന്നു