രജിനികാന്തിന്റെ ജയിലര്‍ സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്ത നടന്‍ മാരിമുത്തുവിന്റെ മരണവാര്‍ത്തയുടെ ഞെട്ടലിലാണ് തമിഴ് സിനിമാലോകം. സിനിമയ്ക്ക് പുറമെ മിനിസ്‌ക്രീനിലും, യൂടൂബിലും സജീവമായിരുന്നു മാരിമുത്തു. തമിഴ് സീരിയലിന്റെ ഡബിങ്ങിനിടെ കുഴഞ്ഞുവീഴുകയായിരുന്നു മാരിമുത്തു. ഉടന്‍ തെന്ന സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇപ്പോളിതാ അദ്ദേഹത്തെ അവസാനമായി കാണാന്‍ എത്തിയ സഹപ്രവര്‍ത്തകരുടെ വേദന നിറഞ്ഞ നിമിഷങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നടി കനിഹ ഉള്‍പ്പടെയുള്ളവര്‍ സങ്കടത്താല്‍ വിങ്ങിപ്പൊട്ടി.
മാരിമുത്തുവിനൊപ്പമുള്ള രണ്ട് ചിത്രങ്ങള്‍ പങ്കുവച്ച കനിഹ സോഷ്യല്‍മീഡിയ വഴിയും തന്റെ വിഷമം പങ്ക് വച്ചു്. 'എന്തിനാണ് സര്‍ ഇത്ര പെട്ടെന്ന് പോയത്. നിങ്ങളുടെ ചിരിയും സംസാരവും എല്ലാം ഇപ്പോഴും എന്റെ കാതുകളിലുണ്ട്. ഞങ്ങള്‍ എല്ലാം നിങ്ങളെ മിസ്സ് ചെയ്യും' എന്നാണ് പോസ്റ്റില്‍ കനിഹ കുറിച്ചത്. ഇതിന് പിന്നാലെ താരം വിഡിയോയും പങ്കുവച്ചു.
എന്നത്തെയും പോലെ രാവിലെ ഭര്‍ത്താവിനോടും മകനോടും ഷൂട്ടിങിന് പോയിട്ടു വരാം എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. അഭിനയിക്കുന്നതിനായി മേക്കപ്പ് ഇട്ടുകൊണ്ടിരിക്കെയാണ് മാരിമുത്തു സാര്‍ കുഴഞ്ഞു വീണുവെന്നും ആശുപത്രിയില്‍ കൊണ്ടു പോയെന്നും അറിഞ്ഞു. വ്യാജ വാര്‍ത്തയാകണേ എന്നായിരുന്നു പ്രാര്‍ത്ഥിച്ചതെന്നും കനിഹ പറയുന്നു.
രണ്ട് വര്‍ഷമായി ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. എതിര്‍നീച്ചല്‍ ടീം തങ്ങള്‍ക്ക് ഒരു കുടംബം പോലെയാണെന്നും മരണവാര്‍ത്ത വിശ്വസിക്കാനും ഉള്‍ക്കൊള്ളാനും സാധിച്ചില്ലെന്നാണ് കനിഹ പറയുന്നത്. ഏത് വിഷയത്തെക്കുറിച്ചും നല്ല അറിവുള്ള വ്യക്തിയായിരുന്നു അദ്ദേഹം. രാഷ്ട്രീയം, സിനിമ, പുസ്തകം തുടങ്ങി എല്ലാത്തിനേയും കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരുന്നുവെന്നും കനിഹ പറയുന്നു.
അദ്ദേഹത്തിന്റെ ചിരി തന്റെ കാതില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ടെന്നും കനിഹ പറയുന്നു. എപ്പോ കണ്ടാലും വീട്ടില്‍ എല്ലാവര്‍ക്കും സുഖമാണോ, മോന്‍ എന്ത് പറയുന്നു എന്നെക്കെ അദ്ദേഹം ചോദിക്കും. സ്ത്രീകളെ വളരെയധികം ബഹുമാനിക്കുകയും മാന്യമായി പെരുമാറുകയും ചെയ്യുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹമെന്നും കനിഹ വിഡിയോയില്‍ പറയുന്നു.
ആദിമുത്തു ഗുണശേഖരന്‍ സംവിധാനം ചെയ്യുന്ന 'എതിര്‍ നീചല്‍' എന്ന ഹിറ്റ് തമിഴ് സീരിയലിന്റെ ഡബ്ബിങ് ചെയ്യുന്നതിനിടെയാണ് മാരിമുത്തു പെട്ടെന്ന് കുഴഞ്ഞുവീണത്. ഈ സീരിയലിനുവേണ്ടി ഡബ് ചെയ്യുമ്പോള്‍, അവസാനമായി പറഞ്ഞ ഡയലോഗ് എനിക്കെന്തോ സംഭവിക്കാന്‍ പോകുന്നു എന്നായിരുന്നു. ഇതിന് പിന്നാലെയാണ് താരം കുഴഞ്ഞുവീണത്.
ആദിമുത്തു ഗുണശേഖരന്‍ എന്ന കഥാപാത്രമായ ജി മാരിമുത്തു മറ്റൊരു കഥാപാത്രത്തോട് പറയുകയാണ്, 'എന്തോ മോശം സംഭവിക്കാന്‍ പോകുന്നുവെന്ന് തോന്നുന്നു. നെഞ്ചില്‍ ഒരു വേദന ഇടയ്ക്കിടയ്ക്ക് വരുന്നു. ശരിക്കുമുള്ള വേദനയാണോ അതോ എനിക്ക് തോന്നുന്നതോ എന്നറിയില്ല. ഇടയ്ക്കിടെ അത് വരും, മോശമായ എന്തോ സംഭവിക്കുന്നതായി എനിക്ക് തോന്നുന്നു'
മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ മാരിമുത്തുവിന്റെ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യൂട്യൂബ് ചാനലിലൂടെയും അദ്ദേഹം പ്രശസ്തനായിരുന്നു. യൂട്യൂബിലെ മാരിമുത്തുവിന്റെ വീഡിയോകള്‍ക്ക് വന്‍ പിന്തുണയാണുള്ളത്.
എതിര്‍ നീച്ചല്‍ എന്ന സീരിയലില്‍ മാരിമുത്തു അവതരിപ്പിച്ചിരുന്ന ഗുണ ശേഖരന്‍ എന്ന കഥാപാത്രം ടിവി പ്രേക്ഷകര്‍ക്കിടിയില്‍ ഏറെ പ്രചാരം നേടിയിരുന്നു.
1967ല്‍ തമിഴ്നാട്ടിലെ തേനിയിലാണ് ജനനം. സിനിമാ സ്വപ്നവുമായി 1990 ല്‍ ചെന്നൈയിലെത്തി. ഹോട്ടലില്‍ വെയിറ്ററായി വര്‍ഷങ്ങളോളം ജോലി ചെയ്തു. കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെ പരിചയപ്പെട്ടത് സിനിമയിലേക്കുള്ള ചവിട്ടുപടിയായി. 1999ല്‍ വാലി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി.
രണ്ട് സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 2008-ല്‍ കണ്ണും കണ്ണും എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തി. 2014ല്‍ പുലിവാല്‍ എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്. രാജ് കിരണിന്റെ സഹസംവിധായകനായി അരന്മനൈ കിളി, എല്ലാമേ എന്‍ റാസാദാനെ തുടങ്ങിയ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചു. ആദ്യ കാലത്ത് മണിരത്നം, വസന്ത്, സീമാന്‍, എസ്ജെ സൂര്യ എന്നിവരുടെ സഹസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഷൈലോക്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. ഹിന്ദി ചിത്രമായ അത്രന്‍ഗി രേയിലും അഭിനയിച്ചു. ഇന്ത്യന്‍ 2 വിലും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നതിനിടെയാണ് അപ്രതീക്ഷതമായ ഈ വിടവാങ്ങല്‍.