കമല്‍ഹാസന്‍ നായകനായ 'തേവര്‍ മകന്‍' ചിത്രത്തെ കുറിച്ച് സംവിധായകന്‍ മാരി സെല്‍വരാജ് പറഞ്ഞ വാക്കുകള്‍ വിവാദമാകുന്നു. 'മാമന്നന്‍' സിനിമയുടെ ട്രെയ്ലര്‍ ലോഞ്ചിനിടെ മാരി സെല്‍വരാജ് പറഞ്ഞ കാര്യങ്ങളിലാണ് വിമര്‍ശനം ഉയരുന്നത്. കമല്‍ഹാസനും വേദിയില്‍ ഉള്ളപ്പോഴായിരുന്നു സംവിധായകന്റെ പ്രതികരണം
'മാമന്നന്‍ ചെയ്യാന്‍ തേവര്‍ മകനും ഒരു കാരണമായി. കര്‍ണന്‍ ചെയ്യുന്നതിന് മുമ്പും പരിയേരും പെരുമാള്‍ ചെയ്യുന്നതിന് മുമ്പും മാമന്നന്‍ ചെയ്യുന്നതിന് മുമ്പും തേവര്‍ മകന്‍ കണ്ടു. ഇന്ന് തേവര്‍ മകന്‍ ഒരു മാസ്റ്റര്‍പീസ് ആയി കണക്കാക്കപ്പെടുന്നു.'
'എല്ലാ സംവിധായകരും അവരുടെ സിനിമകള്‍ ചെയ്യുന്നതിന് മുമ്പ് ഈ ചിത്രം കാണുമായിരുന്നു. ഞാനും അതുതന്നെ ചെയ്തു. ആദ്യം സിനിമ കണ്ടപ്പോള്‍ ഞാന്‍ ധര്‍മ്മസങ്കടത്തിലായി. സിനിമ ശരിയോ തെറ്റോ എന്ന് എനിക്ക് മനസിലായില്ല'' എന്നാണ് മാരി സെല്‍വരാജ് പറയുന്നത്.
ഈ വാക്കുകള്‍ക്കെതിരെയാണ് ചിലര്‍ രംഗത്തെത്തുന്നത്. കമല്‍ ഹാസന്‍ തിരക്കഥയും നിര്‍മ്മാണവും നിര്‍വഹിച്ച തേവര്‍ മകന്‍ 1992ല്‍ ആണ് പുറത്തിറങ്ങിയത്. ഭരതനാണ് ചിത്രം സംവിധാനം ചെയ്തത്. നേരത്തെയും തേവര്‍ നകനെ കുറിച്ച് മാരി സെല്‍വരാജ് സംസാരിച്ചിരുന്നു.
2018ല്‍ പരിയേറും പെരുമാള്‍ എന്ന സിനിമ ഇറങ്ങിയപ്പോള്‍, പുരോഗമനപരമായ രാഷ്ട്രീയ നിലപാടുകള്‍ അവഗണിച്ചുകൊണ്ട് ജാതി അതിക്രമങ്ങളെയും ജാതീയ ആചാരങ്ങളെയും മഹത്വവല്‍ക്കരിക്കുന്ന തേവര്‍ മകന്‍ പോലൊരു സിനിമ എന്തുകൊണ്ട് കമല്‍ഹാസന്‍ ചെയ്തുവെന്ന് മാരി സെല്‍വരാജ് കത്തിലൂടെ അദ്ദേഹത്തോട് ചോദിച്ചിരുന്നു