നടി തൃഷയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതില്‍ നടന്‍ മന്‍സൂര്‍ അലി ഖാന് ഒരു ലക്ഷം രൂപ പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി. പിഴത്തുക അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 14 ദിവസങ്ങള്‍ക്കുളളില്‍ നല്‍കാനും കോടതി ഉത്തരവിട്ടു. നടന്‍ ചിരഞ്ജീവി, നടിമാരായ തൃഷ, ഖുശ്ബു എന്നിവര്‍ക്കെതിരെ നല്‍കിയ മാനനഷ്ടക്കേസിലാണ് മന്‍സൂര്‍ അലി ഖാന് തിരിച്ചടി നേരിട്ടത്.
താരങ്ങള്‍ക്കെതിരെ മന്‍സൂര്‍ സമര്‍പ്പിച്ച മാനനഷ്ടക്കേസ് കോടതി തളളി. ഒരു കോടി രൂപയാണ് മന്‍സൂര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. അതേസമയം, പ്രശസ്തിക്കുവേണ്ടിയാണ് നടന്‍ കേസുമായി സമീപിച്ചതെന്നു ഹൈക്കോടതി വിമര്‍ശിച്ചു.നടന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കേസ് നല്‍കേണ്ടത് തൃഷയാണെന്നും പൊതുവേദിയില്‍ എങ്ങനെ പെരുമാറണമെന്ന് നടന്‍ പഠിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഒക്ടോബറില്‍ തീയേറ്ററുകളില്‍ എത്തിയ വിജയ് ചിത്രം 'ലിയോ' സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ തൃഷയെക്കുറിച്ച് മന്‍സൂര്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ നടന്‍ മാപ്പ് പറഞ്ഞിരുന്നു. മാപ്പ് തൃഷ സ്വീകരിക്കുകയും ചെയ്തു.
സംഭവത്തില്‍ സ്വമേധയാ ഇടപെട്ട വനിതാ കമ്മിഷന്‍ കേസെടുക്കാന്‍ പൊലീസിനോട് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന് തൃഷ അറിയിക്കുകയായിരുന്നു. വിഷയം അവസാനിച്ചെന്ന് കരുതിയപ്പോഴാണ് മാനനഷ്ടക്കേസുമായി മന്‍സൂര്‍ കോടതിയെ സമീപിച്ചത്.