മലയാള സിനിമ സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ് മഞ്ജു പിള്ള. തട്ടീം മുട്ടീം സീരിയലിലെ മോഹനവല്ലിയായി പ്രേക്ഷകരെ ചിരിപ്പിക്കുന്ന മഞ്ജു പിള്ള ഇപ്പോള്‍ 'ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി എന്ന ജനപ്രിയ റിയാലിറ്റി ഷോയിലൂടെയും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവനാണ് മഞ്ജുപിള്ളയുടെ ഭര്‍ത്താവ്. വിദേശത്ത് പഠിക്കുന്ന ദയ എന്ന ഒരു മകളും ദമ്പതികള്‍ക്കുണ്ട്. സിനിമയിലും മിനിസ്‌ക്രീനുമെല്ലാമായി തിളങ്ങി നില്‍ക്കുന്ന മഞ്ജുപിള്ളയ്ക്ക് തിരുവനന്തപുരം ആറ്റിങ്ങലില്‍ സ്വന്തമായി ഒരു പോത്ത് ഫാമും ഉണ്ട്.
കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴും സ്വകാര്യജീവിതം അതിമനോഹരമായി മുന്നോട്ടു കൊണ്ടു പോകുന്ന മഞ്ജുപിള്ള ഒരു കാലത്ത് ഏറെ സങ്കടങ്ങളും ബുദ്ധിമുട്ടുകളും അനുഭവിച്ചിട്ടുണ്ട്. മഞ്ജു പിള്ളയും സീരിയല്‍ നടന്‍ മുകുന്ദന്‍ മേനോനും സിനിമയിലും സീരിയലിലും തിളങ്ങി നില്‍ക്കുന്ന സമയത്താണ് മഞ്ജു വിവാഹിതരായത്. സീരിയല്‍ മേഖലയിലൂടെയുള്ള പരിചയത്തിന് ശേഷം ആയിരുന്നു ഇരുവരും തമ്മില്‍ വിവാഹം ചെയ്തത്. ഈ താര വിവാഹം അന്നും ഏറെ വാര്‍ത്തകളായി മാറിയിരുന്നു. എന്നാല്‍ ഏറെ വൈകാതെ തന്നെ ഇരുവരും വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചു. അതവരുടെ വിവാഹമോചനമായിരുന്നു. വിവാഹം കഴിഞ്ഞ് അധികനാളുകള്‍ കഴിയും മുന്നേ ആയിരുന്നു ഈ വേര്‍പിരിയല്‍.
അഭിപ്രായവ്യത്യാസങ്ങളായിരുന്നു ഇരുവര്‍ക്കുമിടയിലെ വേര്‍പിരിയലിനു കാരണമായത്. ഏറെ സങ്കടത്തോടെയാണ് ആഗ്രഹിച്ചു കഴിച്ച വിവാഹം മഞ്ജു പിള്ള വേര്‍പെടുത്തിയത്. അന്ന് സാമ്പത്തികമായി പോലും ഒരു നിലയിലും എത്താതിരുന്ന മഞ്ജുവിന് വളരെയേറെ ദുര്‍ഘടം പിടിച്ച കാലഘട്ടമായിരുന്നു അത്. വിവാഹമോചന കേസു നടത്താന്‍ പോലും കയ്യില്‍ കാശില്ലാതിരുന്ന മഞ്ജുപിള്ളയാണ് അന്ന് ഉണ്ടായിരുന്നത് എന്നതാണ് സത്യം. ഒരു തരി സ്വര്‍ണമോ ചില്ലിക്കാശോ പോലും ഇല്ലാതെ വെറും കയ്യുമായാണ് നടന്റെ ജീവിതത്തില്‍ നിന്നും മഞ്ജുപിള്ള പടിയിറങ്ങി വന്നത്. ഒടുക്കം സ്വന്തം അമ്മയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമായ ഊരിവിറ്റാണ് വിവാഹമോചനത്തിനുള്ള കാശ് മഞ്ജുപിള്ള നല്‍കിയത്.
നെഞ്ചുപൊട്ടി തകരുന്ന വേദനയിലും പ്രായമായി വരുന്ന അമ്മയെ നെഞ്ചോടു ചേര്‍ത്ത് കരുത്തോടെ മഞ്ജുപിള്ള എടുത്ത ആ തീരുമാനമാണ് ഇന്ന് നടിയെ ഈ പ്രശസ്തിയില്‍ എത്തിച്ചത്. കയ്യില്‍ ഒന്നും ഇല്ലാതെ ഇറങ്ങിപ്പോരാന്‍ കാണിച്ച ധൈര്യവും മുന്നോട്ടുള്ള ജീവിതം അഭിമാനത്തോടെ ജീവിച്ചു തീര്‍ക്കുമെന്ന നിശ്ചദാര്‍ഢ്യവുമാണ് ആകെ കൈമുതലായി മഞ്ജുപിള്ളയ്ക്ക് ഉണ്ടായിരുന്നത്. അതിസമ്പന്നനായ മുകുന്ദന്‍ മേനോനില്‍ നിന്നും ജീവനാംശം വാങ്ങിക്കാമായിരുന്നിട്ടും അതെല്ലാം വേണ്ടെന്നു വച്ചാണ് മഞ്ജുപിള്ള വിവാഹമോചന പത്രത്തില്‍ ഒപ്പുവച്ചത്. അന്ന് അമ്മയുടെ മാല വിറ്റ മഞ്ജുപിള്ള പിന്നീട് അമ്മയ്ക്ക് ഇഷ്ടമുള്ളതെല്ലാം വാങ്ങിച്ചു നല്‍കുന്ന അവസ്ഥയിലേക്ക് എത്തി. അമ്മയ്ക്ക് ഏറെ പ്രിയപ്പെട്ട പവിഴ മാലയും തുളസി മാലയും കെപിഎസി ലളിതയുടെ വീട്ടില്‍ രുദ്രാക്ഷ മാല കണ്ടപ്പോള്‍ അതും എല്ലാം മഞ്ജുപിള്ള ഇന്ന് അമ്മയ്ക്കു വാങ്ങി നല്‍കിയിട്ടുണ്ട്.
ആദ്യ വിവാഹമോചനം കഴിഞ്ഞ് ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് മഞ്ജു പിള്ള ഛായാഗ്രഹകനും പില്‍ക്കാലത്ത് സംവിധായകനുമായ സുജിത്ത് വാസുദേവിനെ വിവാഹം കഴിച്ചത്. രണ്ടുപേരുടെയും രണ്ടാമത്തെ വിവാഹമാണ് ഇത് എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. മുകുന്ദന്‍ മേനോന്‍ വിജയലക്ഷ്മിയെയും വിവാഹം കഴിച്ചു. ഇരുവരും ഇപ്പോഴും സിനിമ സീരിയല്‍ രംഗത്ത് സജീവമാണ്.
നിലവില്‍ കരിയറിന്റെ തിരക്കുകളില്‍ ആണ് മഞ്ജു പിള്ള. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ സിനിമകളില്‍ നല്ല അവസരങ്ങള്‍ മഞ്ജു പിള്ളയെ തേടി എത്തുന്നുണ്ട്. ഹോം, ടീച്ചര്‍, ജയ ജയ ഹേ തുടങ്ങിയ സിനിമകള്‍ ഇതിന് ഉദാഹരണമാണ്. മകളുടെ കാര്യങ്ങള്‍ നോക്കേണ്ടതിനാല്‍ തിരക്ക് പിടിച്ച് സിനിമകള്‍ ചെയ്യേണ്ട എന്ന തീരുമാനത്തില്‍ ആയിരുന്നു മഞ്ജു പിള്ള. മകള്‍ വിദേശത്തേക്ക് പഠിക്കാന്‍ പോയതോടെ ആണ് നടി സിനിമകളില്‍ സജീവമാവാന്‍ തുടങ്ങിയത്.
ടെലിവിഷനിലും ശ്രദ്ധേയ വേഷങ്ങള്‍ മഞ്ജു പിള്ളയെ തേടി വന്നിരുന്നു. തട്ടീം മുട്ടീം എന്ന പരമ്പരയില്‍ മാത്രമാണ് ഒടുവില്‍ മഞ്ജു പിള്ള ടെലിവിഷനില്‍ അഭിനയിച്ചത്. കല്‍പ്പന, കെപിഎസി ലളിത തുടങ്ങിയ കലാകാരികളുടെ വിയോഗം സിനിമാ ലോകത്തുണ്ടാക്കിയ വിടവ് നികത്താന്‍ പറ്റിയ നടി ആയാണ് മഞ്ജു പിള്ളയെ പ്രേക്ഷകര്‍ കാണുന്നത്. ഹോം എന്ന സിനിമയ്ക്ക് ശേഷമാണ് മഞ്ജു പിള്ളയുടെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നത്. ഇന്നും ഈ സിനിമയുടെ പേരില്‍ മഞ്ജുവിനെ തേടി പ്രശംസകള്‍ എത്തുന്നു. ഇന്ദ്രന്‍സ് ആയിരുന്നു സിനിമയിലെ കേന്ദ്ര കഥപാത്രം ചെയ്തത്. ടീച്ചര്‍ ആണ് മഞ്ജു പിള്ളയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അമല പോള്‍ ആയിരുന്നു സിനിമയിലെ നായിക. കെആര്‍ ഗൗരിയമ്മയുമായി സാദൃശ്യമുള്ള കഥാപാത്രത്തെ ആണ് മഞ്ജു പിള്ള ഈ സിനിമയില്‍ അവതരിപ്പിച്ചത്.