Latest News

ഒടിവിദ്യയില്‍ മാമാങ്കം വീണ്ടുമെത്തും; സിനിമയുടെ ചിത്രീകരണ പ്രതിസന്ധി ഒഴിവാക്കാന്‍ സജീവ് പിള്ളക്കൊപ്പം പത്മകുമാറും അണിനിരക്കും; വള്ളുവകോനാതിരിയുടേയും സാമൂതിരിയുടേയും യുദ്ധകഥ പറയാന്‍ ചിത്രം വീണ്ടും ട്രാക്കില്‍ 

Malayalilife
  ഒടിവിദ്യയില്‍ മാമാങ്കം വീണ്ടുമെത്തും; സിനിമയുടെ ചിത്രീകരണ പ്രതിസന്ധി ഒഴിവാക്കാന്‍ സജീവ് പിള്ളക്കൊപ്പം പത്മകുമാറും അണിനിരക്കും;  വള്ളുവകോനാതിരിയുടേയും സാമൂതിരിയുടേയും യുദ്ധകഥ പറയാന്‍ ചിത്രം വീണ്ടും ട്രാക്കില്‍ 

മമ്മൂട്ടിയുടെ മാമാങ്കത്തില്‍ അനിശ്ചിതത്വങ്ങള്‍ തീരുന്നു. സജീവ് പിള്ള തന്നെയാകും മാമാങ്കത്തിന്റെ സംവിധായകന്‍. ഒടിയന്‍ ചിത്രത്തിന് സമാനമായി ചീഫ് കോ ഓര്‍ഡിനേറ്റിങ് ഡയറക്ടറായി എം പത്മകുമാറും. സിനിമയുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങള്‍ക്കും ഇതോടെ വിരമമാവുകയാണ്. അടുത്ത മാസം ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും. വര്‍ഷങ്ങളോളം നീണ്ടുനിന്ന തന്റെ പ്രയത്‌നമാണ് മാമാങ്കം എന്നും ചിത്രം പൂര്‍ത്തീകരിക്കുക താന്‍ തന്നെ ആയിരിക്കുമെന്നും എം പത്മകുമാര്‍ അടക്കമുള്ളവര്‍ പലരും ചിത്രീകരണത്തിന് ആവശ്യമായ മേല്‍നോട്ടത്തിനായി കൂടെയുണ്ടാകുമെന്നും സംവിധായകന്‍ സജീവ് പിള്ള മറുനാടനോട് വിശദീകരിച്ചു.

ഒടിയന്‍ സിനിമയുടെ ആദ്യ ഭാഗ ചിത്രീകരണത്തിന് ശേഷമാണ് പത്മകുമാറിനെ ചിത്രത്തിന്റെ ചീഫ് കോഓര്‍ഡിനേറ്ററാക്കിയത്. ഇത് ഏറെ ഗുണം ചെയ്തുവെന്ന് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ വിലയിരുത്തി. ഇത് തന്നെയാണ് മാമാങ്കത്തിലെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാന്‍ മമ്മൂട്ടിയും കണ്ടെത്തുന്ന മാര്‍ഗ്ഗം. സിനിമയിലെ ഓരോ കാര്യവും ചെയ്യാനും നിരീക്ഷിക്കാനും പത്മകുമാര്‍ മുഴുവന്‍ സമയം ഷൂട്ടിങ് ലൊക്കേഷനിലുണ്ടാകും. ഇത് മാമാങ്കത്തിന്റെ മെയ്ക്കിംഗിനേയും സ്വാധീനിക്കുമെന്നാണ് അണിയറക്കാരുടേയും വിലയിരുത്തല്‍.

അതിനിടെ ധ്രവുവനെ ചിത്രത്തില്‍ നിന്നും മാറ്റിയത് എന്റെ താല്‍പര്യപ്രകാരമല്ലെന്നും മറുനാടനോട് സജീവ് പിള്ള പ്രതികരിച്ചു. വിചിത്രമായ കാരണമാണ് ഇതിനുപിന്നിലുള്ളത്. അത് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല. ചിത്രത്തിനായി അവന്‍ ഒരുപാട് കഷ്ടപ്പെട്ടത് എനിക്ക് നേരില്‍ അറിയാം. അതിരാവിലെ മുതല്‍ അര്‍ത്ഥരാത്രിയില്‍ പോലും അവന്‍ കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി പാടുപെട്ടിട്ടുണ്ട്. അവന്‍ നല്ല പെര്‍ഫോമറുമാണ്. ധ്രുവന്റെ കാര്യത്തില്‍ എല്ലാത്തരത്തിലും ഞാന്‍ പൂര്‍ണ്ണ സംതൃപ്നായിരുന്നു. അവനെ ചിത്രത്തില്‍ നിന്നും മാറ്റിയതിന് പലരും എന്നെ ചീത്തപറയുന്നുണ്ട്-അദ്ദേഹം വിശദമാക്കി.

ഒരു പക്ഷെ പലതും അവന് തുറന്നുപറയാനുണ്ടാവും .പ്രതികരിക്കാന്‍ ഇന്നത്തെ അവസ്ഥയില്‍ അവന്‍ അശക്തനായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. പുതുമുഖമായതിനാല്‍ ഭാവിയും അവന്‍ തന്നെ നോക്കണമല്ലോ-സജീവ് പിള്ള അഭിപ്രായപ്പെട്ടു. ഉണ്ണിമുകുന്ദന്‍ ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന കാര്യം ഞാന്‍ അറിഞ്ഞില്ല എന്ന് പറഞ്ഞത് വാസതവമാണ്. ഇന്നുവരെ ഇത് സംബന്ധിച്ച് ഞങ്ങള്‍ തമ്മില്‍ ഒരു കമ്മ്യൂണിക്കേഷനും ഇതുവരെ നടന്നിട്ടില്ല. മറ്റാരും ഇക്കാര്യം എന്നോട് ചര്‍ച്ച ചെയ്തിട്ടുമില്ല. നേരില്‍ ബോദ്ധ്യപ്പെടാത്ത കാര്യത്തില്‍ എനിക്ക് ഇതല്ലാതെ എന്താണ് പറയാന്‍ കഴിയുന്നത്-അദ്ദേഹം ചോദിച്ചു.

ചിത്രം മുന്നോട്ടുപോയപ്പോള്‍ ചിലപ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നു. ഇതൊക്കെ സിനിമ ഫീല്‍ഡില്‍ പതിവാണ്.ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസീയേനും മറ്റും ബന്ധപ്പെടുകയും ചെയ്തിരുന്നു. ഇത് ഇപ്പോള്‍ ഒട്ടൊക്കെ പരിഹരിച്ചു എന്നാണ് മനസ്സിലാക്കുന്നത്. ചിത്രത്തിനായി എല്ലാം ചെയ്തത് ഞാന്‍ തന്നെയാണ്. വര്‍ഷങ്ങളോളം ഇതാനായി രാവും പകലും പാടുപെട്ടു. കഥയും തിരക്കഥയും തയ്യാറാക്കി. നടിനടന്മാരുടെ ഡേറ്റുകളും വാങ്ങി. എന്റെ നേതൃത്വത്തിലാണ് ഇതുവരെ ചിത്രത്തിനുള്ള എല്ലാകാര്യങ്ങളും മുന്നോട്ട് പോയത്. ഇനിയും അങ്ങിനെ തന്നെയായിരിക്കുമെന്നാണ് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത്-സജീവ് പിള്ള നിലപാട് വ്യക്തമാക്കി.

ഫേസ്ബുക്ക് പേജിലൂടെയാണ് ഉണ്ണി മുകുന്ദന്‍ ഈ ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്യുന്ന വിവരം പ്രേക്ഷകരെ അറിയിച്ചത്.ഇന്നലെ മറുനാടനോടും ഇക്കാര്യം ഉണ്ണിമുകുന്ദന്‍ പങ്കുവച്ചിരുന്നു. തന്റെ അറവില്‍ ചിത്രത്തിന്റെ സംവിധായകന്‍ സജീവ് പിള്ളയാണെന്ന് ഉണ്ണിമുകനും അറിയിച്ചിരുന്നു. ഇതിനിന് പിന്നാലെയാണ് സജീവ് പിള്ള തന്നെ എം പത്മകുമാറും ചിത്രത്തിന്റെ ഭാഗമാവുമെന്ന് വെളിപ്പെടുത്തിയിട്ടുള്ളത്.ഈ ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിച്ചിട്ട് ഈ ഫെബ്രുവരി എത്തുമ്‌ബോള്‍ ഒരു വര്‍ഷം പിന്നിടും.മലയാളത്തിലെ കൂടിയമുതല്‍ മുടക്കുള്ള ചിത്രമായിരിക്കും മാമാങ്കമൈന്നാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുള്ള വിവരം. യുദ്ധരംഗങ്ങളില്‍ ആയിരം പേരെവരെ പങ്കെടുപ്പിക്കുന്നുണ്ടെന്നാണ് ഇക്കൂട്ടരുടെ വാദം.

mamankam movie mammoty issue padmakumar joint to location

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES