തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയുടെ പോസ്‌ററുകളും ടീസറുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു.മണി രത്‌നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം സെപ്റ്റംബര്‍ 30ആം തീയതി റിലീസ് ചെയ്യും
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ ജയറാമും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.ആഴ്വാര്‍ കടിയന്‍ നമ്പിയെന്ന കഥാപാത്രമായാണ് ജയറാം എത്തുന്നത്. തന്റെ കഥാപാത്രത്തിനായി ജയറാം ഉയരം കുറച്ചുവെന്ന കാര്‍ത്തിയുടെ വാക്കുകളാണ് പ്രേക്ഷകര്‍ക്കിടയില്‍ ഇപ്പോള്‍ ഏറെ ചര്‍ച്ചയാവുന്നത്.സിനിമയിലെ 'പൊന്നി നദി പാക്കണുമെ' എന്ന ഗാനത്തിന്റെ ലോഞ്ചിങ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ച് നടന്നിരുന്നു. പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു കാര്‍ത്തിയുടെ വാക്കുകള്‍.
കഥാപാത്രത്തിനായി ആറര അടിയുണ്ടായിരുന്ന ഉയരം അഞ്ചരയടിയായി കുറച്ചുവെന്നാണ് കാര്‍ത്തി പറഞ്ഞത്. 'അവിശ്വസനീയമായ കാര്യമാണ് കഥാപാത്രത്തിന്റെ ഉയരത്തിലേക്ക് എത്താനായി അദ്ദേഹം ചെയ്തത്. എന്നാല്‍ അതെന്താണെന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല,' കാര്‍ത്തി പറഞ്ഞു.
'പൊന്നിയിന്‍ സെല്‍വന്റെ ചിത്രീകരണം ഏറെ സാഹസികത നിഞ്ഞതായിരുന്നു. ജയറാം സാറിന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യമായാണ് ഞാന്‍ കാണുന്നത്. ഞങ്ങള്‍ തമ്മിലായിരുന്നു കൂടുതല്‍ രംഗങ്ങല്‍ ഉണ്ടായിരുന്നത്,' കാര്‍ത്തി പറഞ്ഞു.
ഒരു കാര്യത്തിന്റെ ഫലം കിട്ടാന്‍ എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കുന്ന ആളാണ് മണിരത്നമെന്ന് ജയറാം പറഞ്ഞിരുന്നു. കഥാപാത്രത്തെക്കുറിച്ച് തന്നോട് ആദ്യമായി പറയുമ്പോള്‍ വലിയ വയറ് വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവെന്നും പിന്നീട് ചിത്രീകരണ സമയത്ത് അദ്ദേഹം തന്റെ മുഖത്ത് നോക്കില്ലായിരുന്നുവെന്നും വയറിന് വ്യത്യാസം വന്നോ എന്ന് മാത്രമാണ് ശ്രദ്ധിക്കുക എന്നും പരിപാടിയില്‍വെച്ച് ജയറാം പറഞ്ഞിരുന്നു.
രണ്ട് ഭാഗങ്ങളിലായി ഒരുക്കുന്ന പൊന്നിയില്‍ സെല്‍വന്റെ ആദ്യഭാഗം 2022 സെപ്തംബര്‍ 30 നാണ് തീയേറ്ററുകളിലെത്തുക.ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളുടെയും ഡിജിറ്റല്‍ അവകാശങ്ങള്‍ ആമസോണ്‍ പ്രൈം വീഡിയോ സ്വന്തമാക്കിയതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെതന്നെ പുറത്ത് വന്നിരുന്നു.
ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ 125 കോടി രൂപയ്ക്കാണ് ആമസോണ്‍ പ്രൈം വീഡിയോ സ്വന്തമാക്കിയത്. മണിരത്‌നത്തിന്റെ തന്നെ മഡ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
തമിഴിലെ തന്നെ ഏറ്റവും മഹത്തരമായ ചരിത്രനോവലായിട്ടാണ് പൊന്നിയിന്‍ സെല്‍വനെ കരുതുന്നത്. കല്‍ക്കിയുടെ മികച്ച കലസൃഷ്ടിയെ ബിഗ് സ്‌ക്രീനിലേക്ക് മണിരത്‌നം എത്തിക്കുമ്പോള്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്.ചിയാന്‍ വിക്രം, ജയം രവി, ഐശ്വര്യ റായ് ബച്ചന്‍, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, കാര്‍ത്തി, പ്രകാശ് രാജ്, ഖിഷോര്‍, ശോഭിത ധുലിപാല, ശരത് കുമാര്‍, സത്യരാജ്, നാസര്‍, ലാല്‍, പ്രഭു തുടങ്ങി നിരവധി പേര്‍ സിനിമയില്‍ അണിനിരക്കുന്നുണ്ട്.