ലോക്ഡൗണ്‍ ആരംഭിച്ചതില്‍പിന്നെ നിരവധി നടീ നടന്‍മാരുടെ മരണങ്ങളാണ് ആരാധകരെ തേടിയെത്തി. ബോളിവുഡിലെ പ്രശസ്ത താരം സുശാന്ത് ഉള്‍പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ജോലിയും വരുമാനവും ഇല്ലാത്തതും അടച്ചിരിക്കുമ്പോഴുള്ള മടുപ്പുമാണ് പലപ്പോഴും ഇവരെ ആത്മഹത്യയിലേക്ക് നയിച്ചത്. ഇപ്പോള്‍ കന്നട നടനും ഫിറ്റ്നസ് ട്രയിനറുമായ സുശീല്‍ ഗൗഡയുടെ ആത്മഹത്യയാണ് സിനിമാലോകത്തെ നടുക്കിയിരിക്കുന്നത്. 30 വയസുള്ള പ്രശസ്ത കന്നഡ ടെലിവിഷന്‍ സീരിയല്‍ നടന്‍ സുശീല്‍ ഗൗഡയെ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. മാണ്ഡ്യയിലെ ഇന്ദുവലു ഗ്രാമത്തിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ലോക്ഡൗണിനെത്തുടര്‍ന്ന് കഴിഞ്ഞ മൂന്നുമാസമായി സ്വദേശമായ മാണ്ഡ്യയിലെ വി.വി. നഗര ഗ്രാമത്തില്‍ കഴിയുകയായിരുന്നു. ചൊവ്വാഴ്ച ഇന്ദുവലു ഗ്രാമത്തിലെ സുഹൃത്തിന്റെ വീട്ടില്‍ പോയതാണ്. അവിടെ തൂങ്ങിമരിച്ചനിലയില്‍ ബുധനാഴ്ച കണ്ടെത്തി. സംഭവത്തില്‍ മാണ്ഡ്യ റൂറല്‍ പോലീസ് കേസെടുത്തു. മൃതശരീരം പോസ്റ്റ്‌മോര്ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ബെംഗളൂരുവിലെ ജിംനേഷ്യത്തില്‍ പരിശീലകനായും പ്രവര്‍ത്തിച്ചിരുന്നു. ജനപ്രിയ ടെലിവിഷന്‍ സീരിയലായ 'അന്തഃപുര'യിലുള്‍പ്പെടെ ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ച നടനാണ് സുശീല്‍ ഗൗഡ. ഇറങ്ങാനിരിക്കുന്ന 'സാലഗ' എന്ന ചലച്ചിത്രത്തിലും അദ്ദേഹത്തിന് പ്രധാനവേഷമുണ്ടായിരുന്നു. സംവിധായകന്‍ ദുനിയ വിജയ്യുടെ ആദ്യചിത്രമാണ് സാലഗ. സംവിധായകന്‍ സുശീലിന്റെ ആക്‌സമിക നിര്യാണത്തില്‍ അനുശോചനമറിയിച്ചിട്ടുണ്ട്.