പരിയേറും പെരുമാള്‍, കര്ണന് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് എത്തുന്നത് വില്ലന്‍ ലുക്കിലെന്ന് സൂചന.മാമന്നന് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഉദയനിധി സ്റ്റാലിനാണ് നായകന്. ചിത്രത്തില്‍ കീര്‍ത്തി സുരേഷ് ആണ് നായിക.
ശക്തമായ കഥാപാത്രവുമായി വടിവേലുവും അഭിനയിക്കുന്നു. ചിത്രത്തിന്റെ സെറ്റില്‍ ഫഹദ് ജോയിന്‍ ചെയ്തതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നു.എ.ആര്. റഹ്മാന് ആണ് സംഗീതം. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുക.
2017-ല്‍ വേലൈക്കാരന് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ വര്‍ഷം അല്ലു അര്ജുന് ചിത്രം 'പുഷ്പ'യിലൂടെ താരം തെലുങ്കിലും അരങ്ങേറ്റം നടത്തിയിരുന്നു. ചിത്രത്തില്‍ പോലീസ് വേഷത്തിലെത്തിയ ഫഹദിന്റെ പ്രകടനം ഏറെ ജനശ്രദ്ധനേടിയിരുന്നു.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ മാര്‍ച്ചില്‍ പൂര്‍ത്തിയായിരുന്നു. ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്. ഭാര്യ നസ്രിയക്കൊപ്പം അവധിക്കാലം ആഘോഷിക്കുകയായിരുന്ന ഫഹദ് ജോലിയില്‍ തിരികെയെത്തിയിരിക്കുകയാണിപ്പോള്. പൂച്ചെണ്ട് നല്‍കിയാണ് മാമന്നന് ടീം ഫഹദിനെ സ്വീകരിച്ചത്. അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ഫഹദിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.