മാമന്നനിലെ വില്ലന്‍ രത്‌നവേലിന് കൈയ്യടിച്ച് ആരാധകര്‍; ചിത്രം ഒടിടിയിലെത്തിയതോടെ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി നടന്‍ ഫഹദ്; തമിഴനാട്ടിലും ചര്‍ച്ചയായി രത്‌നവേല്‍

Malayalilife
മാമന്നനിലെ വില്ലന്‍ രത്‌നവേലിന് കൈയ്യടിച്ച് ആരാധകര്‍; ചിത്രം ഒടിടിയിലെത്തിയതോടെ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി നടന്‍ ഫഹദ്; തമിഴനാട്ടിലും ചര്‍ച്ചയായി രത്‌നവേല്‍

മാരി സെല്‍വരാജ് ചിത്രം 'മാമന്നന്‍' ഒടിടിയിലെത്തിയതു മുതല്‍ പ്രതിനായകനായ ഫഹദ് ഫാസിലിന്റെ രത്‌നവേലുവാണ് ചര്‍ച്ചാവിഷയം. കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മിയെ കേരളത്തില്‍ ചിലര്‍ ഏറ്റെടുത്തതു പോലെ രത്‌നവേലുവിനെ ഒരുവിഭാഗം ആഘോഷിക്കുന്ന കാഴ്ചയാണ് തമിഴ്നാട്ടില്‍. ഫഹദ് ഫാസില്‍ എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്.

'മാമന്നന്‍' തിയേറ്ററില്‍ എത്തിയപ്പോള്‍ വടിവേലുവിനെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ പടം ഒ.ടി.ടിയില്‍ എത്തിയപ്പോള്‍ നായകനേക്കാളും കയ്യടി വില്ലന് ലഭിക്കുകയാണ്. സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ പക്കാ ടെറര്‍ ഫീലില്‍ ഒരു പ്രതിനായക വേഷം. എത്രത്തോളം ഗംഭീരമാക്കാന്‍ കഴിയുമോ അതിന്റെ അവസാനം വരെ ഫഹദ് സിനിമയ്ക്ക് വേണ്ടി ചെയ്തിട്ടുണ്ട്.

ചിത്രത്തിലൂടെ സംവിധായകന്‍ മാരി സെല്‍വരാജ് എന്ത് സന്ദേശമാണോ പ്രേക്ഷകന് നല്‍കാന്‍ ആഗ്രഹിച്ചത്, അതിന് നേര്‍ വിപരീതമാണ് ഇവിടെ സംഭവിക്കുന്നതെന്നാണ് കൂടുതല്‍പേരും അഭിപ്രായപ്പെടുന്നത്. കമല്‍ ഹാസന്‍ ചിത്രം 'തേവര്‍ മകനെ' വിമര്‍ശിച്ചു കൊണ്ടുള്ള മാരി സെല്‍വരാജിന്റെ പ്രതികരണം തമിഴകത്ത് വലിയ ചര്‍ച്ചയായിരുന്നു.

പുരോഗമനപരമായ രാഷ്ട്രീയ നിലപാടുകള്‍ അവഗണിച്ചു കൊണ്ട് ജാതി അതിക്രമങ്ങളെയും ജാതീയ ആചാരങ്ങളെയും മഹത്വവല്‍ക്കരിക്കുന്ന തേവര്‍ മകന്‍ പോലൊരു സിനിമ എന്തുകൊണ്ട് കമല്‍ ഹാസന്‍ ചെയ്തു എന്നായിരുന്നു സംവിധായകന്‍ ചോദിച്ചത്. മാമന്നന്‍ സിനിമ ചെയ്യാന്‍ തേവര്‍ മകനും ഒരു കാരണമായെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

ഇപ്പോള്‍ ഇതേ സാഹചര്യമാണ് മാരി സെല്‍വരാജിനും സംഭവിച്ചിരിക്കുന്നത്. പരിയേറും പെരുമാള്‍ കഴിഞ്ഞാല്‍ മാരിയുടെ സിനിമകളിലെ അതിക്രൂരനായ വില്ലന്‍ കഥാപാത്രമാണ് ഫഹദ് ഫാസില്‍ അവതരിപ്പിച്ച രത്നവേല്‍. ആളുകളെ ജാതിയുടെ വലുപ്പം വച്ച് മാത്രം കാണുന്ന ആളാണ് സിനിമയിലെ വില്ലനായ രത്നവേല്‍.

താന്‍ വളര്‍ത്തുന്ന രാജപാളയം നായ്ക്കളെ പോലെ തന്റെ കൂടെ നില്‍ക്കുന്നവരും വാലാട്ടി കുമ്പിട്ടു നില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ക്രൂരനായ നേതാവ്. സങ്കീര്‍ണതകള്‍ ഏറെ നിറഞ്ഞ ഈ കഥാപാത്രത്തെ ഫഹദ് തന്റെ പ്രകടനം കൊണ്ട് മറ്റൊരു തലത്തില്‍ എത്തിച്ചിട്ടുമുണ്ട്.

മാരി സെല്‍വരാജ് ഒരുക്കിയ മാമന്നനില്‍ ഫഹദ് അവതരിപ്പിച്ച രത്നവേല്‍ എന്ന കഥാപാത്രത്തെയാണ് തമിഴര്‍ ആഘോഷമാക്കുകയാണ്. രത്നവേല്‍ ഒരു ജാതി വെറിയന്‍ ആണെങ്കിലും പടം എടുത്തു വന്നപ്പോള്‍ അയാള്‍ക്ക് കുറച്ച് മാസ്സ് പരിവേഷവും ക്ലോസപ്പ് ഷോട്ടുകളും കൂടിപ്പോയി. പോരാത്തതിന് നായകനായി എതിരെ നിന്ന ഉദയാനിധിയെ ഫഹദ് അഭിനയിച്ചു അസ്തമിപ്പിച്ചു കളഞ്ഞതും ഒരു കാരണമായി.

അടുത്ത കാലത്തൊന്നും ഇത്രയും നായക പരിവേഷം ലഭിച്ച മറ്റൊരു വില്ലന്‍ കഥാപാത്രം കോളിവുഡില്‍ ഉണ്ടായിട്ടില്ല. തമിഴ്നാട്ടില്‍ പലയിടങ്ങളിലും ഫഹദ് ഫാസില്‍ ചിത്രവുമായി ഫ്ളക്സുകള്‍ ഉയര്‍ന്നു കഴിഞ്ഞു. ട്വിറ്ററില്‍ മീമുകളായും മാമന്നനിലെ രംഗങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളായുമെല്ലാം തമിഴര്‍ ഫഹദ് ഫാസിലിന്റെ പ്രകടനത്തെ വാഴ്ത്തി കൊണ്ടിരിക്കുകയാണ്.

Read more topics: # മാമന്നന്‍
Fahadh Faasils impressive role in Maamannan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES