മലയാളത്തിന് പിന്നാലെ തമിഴും തെലുങ്കും കടന്ന് ബോളിവുഡില്‍ എത്തി നില്‍ക്കുകയാണ് ദുല്‍ഖറിന്റെ ഖ്യാതി. മലയാളത്തില്‍ നിന്ന് അടുത്തകാലത്തായി ഒരു നടനും എത്താത്ത ഉയര്‍ച്ചകളിലേക്കാണ് മലയാളികളുടെ കുഞ്ഞിക്ക എത്തിയിരിക്കുന്നത്. ഇന്ത്യയൊട്ടാകെ വലിയ ആരാധകവൃന്ദമാണ് താരത്തിന് ഉള്ളത്.
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനായാണ് സിനിമയിലെത്തിയതെങ്കിലും തുടക്കം മുതല്‍ തന്നെ സ്വന്തമായൊരു പാത സൃഷ്ടിച്ചെടുക്കാന്‍ ദുല്‍ഖറിന് സാധിച്ചിരുന്നു. ഇന്ന് മലയാള സിനിമയില്‍ സ്വന്തമായൊരു ഇടമുണ്ട് ദുല്‍ഖറിന്. അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നടന് വാപ്പച്ചിയുടെ സൗന്ദര്യത്തെക്കുറിച്ച് പങ്ക് വച്ചതാണ് ശ്രദ്ധേയമാകുന്നത്.
''വാപ്പച്ചി വളരെ സുന്ദരനാണ്. എന്നാല്‍ അതിനേക്കാള്‍ സുന്ദരനായിരുന്നു എന്റെ മുത്തച്ഛന്. ശരിക്കുമൊരു പേര്‍ഷ്യന്‍ നായകന്റെ ഛായ ഉണ്ടായിരുന്നു അദ്ദേഹത്തിന്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ അവര്‍ രണ്ടുപേരുമായിട്ടും എന്നെ ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയില്ല. ഞാന്‍ അത്രത്തോളം സുന്ദരനാണെന്ന് എനിക്ക് തോന്നിയിട്ടില്ല''.ദുല്‍ഖറിന്റെ ഭംഗി തന്റെ ജോലിയെ മറികടക്കുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് നടന്റെ പ്രതികരണം.
ഞാന്‍ എന്നെ വളരെ സുന്ദരനായി കണക്കാക്കുന്നില്ല. അതൊരു പ്രശ്നമായി ഞാന്‍ കാണുന്നതുമില്ല. പക്ഷെ ശരിയാണ്, അഭിനേതാക്കള്‍ സ്വതന്ത്രമായി ജോലി ചെയ്യുമ്പോള്‍ സൗന്ദര്യത്തെ കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യാറുണ്ട്. അഭിനയത്തിനാണ് കൈയ്യടി കൊടുക്കേണ്ടത്. ഞാന്‍ ചെയ്യുന്ന ഒരു സിനിമ കൊണ്ട് ആ വര്‍ഷം എനിക്ക് നല്ലതാവണമെന്നില്ല. അത് എനിക്ക് മറ്റൊന്ന് ചെയ്യാനുള്ള ആത്മവിശ്വാസമാണ് കൂട്ടുക, ദുല്‍ഖര്‍ പ്രതികരിച്ചു.
ഞാന്‍ എന്റെ അച്ഛന്റെ മകനാണെന്നതില്‍ ആത്മാര്‍ത്ഥമായി അഭിമാനിക്കുന്നയാളാണ്. എന്നിരുന്നാലും, ഞാന്‍ എന്റേതായ പേര് ഉണ്ടാക്കുന്നത് അല്‍പ്പം ബുദ്ധിമുട്ടാണ്, കാരണം എനിക്ക് പിന്നില്‍ ഇത്രയും വലിയ ഒരു പേര് ഉണ്ട്. അതിനാല്‍, എങ്ങനെയും ആ പേരില്‍ നിന്ന് പുറത്ത് വരാന്‍ ശ്രമിക്കുന്നത് വാപ്പിച്ചിയുടെ മകന് എന്ന പേരിനോടുള്ള ബഹുമാനമാണ്. 'അവന്റെ അച്ഛന് ശരിക്കും അഭിമാനിക്കും' എന്ന് ആരെങ്കിലും പറയുന്നത് തന്നെ എന്നെ സന്തോഷിപ്പിക്കുന്ന കാര്യമാണ്, ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
ചുപ് എന്ന ഹിന്ദി ചിത്രമാണ് ദുല്‍ഖറിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. അതിന് മുന്‍പ് ഇറങ്ങി തെലുങ്കില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രം സീതാരാമവും ഗംഭീര വിജയമായിരുന്നു. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കിംഗ് ഓഫ് കൊത്തയിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ദുല്‍ഖര്‍ നായകനാകുന്ന ചിത്രത്തില്‍ ഗോകുല്‍ സുരേഷ്, ഐഷ്വര്യ ലക്ഷ്മി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ദുല്‍ഖറിന്റെ വേഫറെര്‍ ഫിലിംസ് ആണ് നിര്‍മ്മാണം.