പവര്‍ പാണ്ടി എന്ന സിനിമയ്ക്ക് ശേഷം ധനുഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 'റായന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ധനുഷ് തന്നെയാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. ധനുഷിന്റെ അന്‍പതാമത് ചിത്രമായി പുറത്തിറങ്ങുന്ന റായന്‍ നിര്‍മിക്കുന്നത് സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന് ആണ്.
ചോരയൊലിക്കുന്ന ആയുധം കയ്യിലേന്തിയാണ് ധനുഷ് പോസ്റ്ററിലുള്ളത്. കൂടെ കത്തിയുമായി കാളിദാസ് ജയറാമും സന്ദീപ് കിഷനുമുണ്ട്. ആക്ഷന്‍- ത്രില്ലര്‍ ഴോണറില്‍ ആയിരിക്കും ചിത്രമെത്തുക എന്ന് ഇതിനോടകം ഉറപ്പായിട്ടുണ്ട്.
എ ആര് റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. നിത്യാ മേനോന്, അപര്‍ണ ബാലമുരളി, അനിഖ സുരേന്ദ്രന്, എസ് ജെ സൂര്യ, സെല്വരാഘവന്, വരലക്ഷ്മി ശരത്കുമാര് എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. ഓം പ്രകാശ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ജി കെ പ്രസന്ന കൈകാര്യം ചെയ്യുന്നു. ചിത്രം 2024 ല്‍ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ റിലീസിനെത്തും.
രാജ്കിരണ്, രേവതി, പ്രസന്ന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച പവര്‍ പാണ്ടിയാണ് ധനുഷ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഒരു ഫീല്‍ ഗുഡ് ഡ്രാമയായി ഒരുങ്ങിയ ചിത്രത്തിന്റെ തിരക്കഥയും നിര്‍മാണവും ധനുഷ് തന്നെ ആയിരുന്നു.