ബ്രോ ഡാഡി' എന്ന സിനിമാ സെറ്റില്‍ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് അറസ്റ്റില്‍. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ കുക്കട്പള്ളി കോടതിയില്‍ മന്‍സൂര്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
2021 ഓഗസ്റ്റ് 8ന് ഹൈദരാബാദില്‍ സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് സംഭവം.വിവാഹ സീന്‍ ഷൂട്ട് ചെയ്യുന്നതിന് അവിടെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അഭിനയിക്കാന്‍ ആളെ തേടിയത്. അസോസിയേഷന്റെ നിര്‍ദേശ പ്രകാരമാണ് ഇവര്‍ അഭിനയിക്കാനെത്തിയത്. വീണ്ടും സീനില്‍ അവസരം തരാമെന്നു പറഞ്ഞ് മല്‍സൂര്‍ റഷീദ് വരാല്‍ ആവശ്യപ്പെട്ടു.
ഇത് അനുസരിച്ച് ഷൂട്ടിംഗ് സംഘം താമസിക്കുന്നിടത്ത് തന്നെ മുറിയെടുത്തു. മന്‍സൂര്‍ റഷീദ് മുറിയിലെത്തി കുടിക്കാന്‍ പെപ്സി കൊടുത്തുവെന്നും ഇതിന് ശേഷം തനിക്ക് ബോധം നഷ്ടപ്പെട്ടുവെന്നും പിന്നീട് ബോധം വന്നപ്പോഴാണ് താന്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് ബോധ്യമായത് എന്നായിരുന്നു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പറഞ്ഞത്.
രാവിലെ നടിയുടെ നഗ്നചിത്രം ഈ അസിസ്റ്റന്റ് ഡയറക്ടര്‍ നടിക്ക് തന്നെ അയച്ചു കൊടുത്ത് പണം ആവശ്യപ്പെട്ടു. പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഹൈദരാബാദില്‍ ഗച്ചിബൗളി സ്റ്റേഷനില്‍ ബലാല്‍സംഗത്തിന് കേസ് എടുത്തു. എന്നാല്‍ പിന്നീട് ഒന്നുമായില്ല എന്നായിരുന്നു നടി പറഞ്ഞത്.
തന്റെ സംഭവം അറിഞ്ഞിട്ടും അണിയറ പ്രവര്‍ത്തകര്‍ മന്‍സൂറിനെ എമ്പുരാന്റെ ഭാഗമാക്കി എന്നും യുവതി ആരോപിച്ചിരുന്നു. ശേഷം ഇയാളെ സിനിമയില്‍ നിന്നും പുറത്താക്കിയതായി അറിഞ്ഞുവെന്നും യുവതി കൂട്ടിച്ചേര്‍ത്തിരുന്നു. തനിക്കും കുഞ്ഞിനുമെതിരെ മോശമായ രീതിയില്‍ പ്രാദേശിക പാര്‍ട്ടി നേതൃത്വത്തിന്റെ സഹായത്തോടെ ദുഷ്പ്രചാരണം നടത്തിയെന്നും പരാതി നല്‍കിയതിന്റെ പക വീട്ടാന്‍ മന്‍സൂര്‍ റഷീദ് തന്റെ കുടുംബജീവിതവും തകര്‍ത്തുവെന്നും യുവതി പറഞ്ഞു. ജീവഭയമുണ്ട്, ഒളിച്ചാണ് ജീവിക്കുന്നതെന്നും യുവതി പ്രതികരിച്ചിരുന്നു.
നിലവില്‍ സംഗറെഡ്ഡി ജില്ലയിലെ കണ്‍ടി ജയിലില്‍ ആണ് മന്‍സൂര്‍ റഷീദ് ഉള്ളത്. മന്‍സൂറിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് ഗച്ചിബൗളി പൊലിസ് അറിയിച്ചിട്ടുണ്ട്. കുക്കട്പള്ളി കോടതിയും തെലങ്കാന ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് മന്‍സൂര്‍ റഷീദ് ഒളിവില്‍ ആയിരുന്നു.