മലയാളികളെ കുടുകുടാ പൊട്ടിച്ചിരിപ്പിച്ച കുതിരവട്ടം പപ്പുവിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 23 വയസ്സ്.നടന്‍ ഓര്‍മ്മയായിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും മലയാളികളുടെ മനസ്സില്‍ ആ ചിരി ഇന്നും മായാതെ കിടപ്പുണ്ട്. തന്റേതായ ശൈലി കൊണ്ടും സംഭാഷണം കൊണ്ടും ജനഹൃദയങ്ങളില്‍ വളരെപെട്ടന്ന് കയറിക്കൂടിയ കലാകാരനാണ് കുതിരവട്ടം പപ്പു. ഈ അവസരത്തില്‍ മകന്‍ ബിനു പപ്പു കുറിച്ച ഹൃദ്യമായ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്
'അച്ഛാ.. എനിക്ക് നിങ്ങളോട് സംസാരിക്കാനും എന്റെ ദിവസത്തെ കുറിച്ച് പറയാനും കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നു. ഞാന്‍ നിങ്ങളെ എല്ലാ ദിവസവും മിസ് ചെയ്യുന്നു, ഞാന്‍ നിങ്ങളെ വളരെയധികം സ്‌നേഹിക്കുന്നു', എന്നാണ് ബിനു പപ്പു കുറിച്ചത്. പിന്നാലെ നിരവധി പേര്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ പങ്കുവച്ച് കമന്റ് ചെയ്തു.
മൂടുപടം എന്ന ചിത്രത്തിലൂടെ ആണ് കുതിരവട്ടം പപ്പു സിനിമയില്‍ എത്തുന്നത്. ഭാര്‍ഗവി നിലയം എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ പദ്മദളാക്ഷന്‍ എന്ന പേര്, കുതിരവട്ടം പപ്പു എന്നായി. കുതിരവട്ടം പപ്പു എന്നായിരുന്നു ഭാര്‍ഗ്ഗവി നിലയത്തില്‍ പത്മദളാക്ഷന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. കോമഡി റോളുകളായിരുന്നു പപ്പു ചെയ്തിരുന്നവയില്‍ ഭൂരിഭാഗവും. മലയാളസിനിമ അതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച കൊമേഡിയനായി പപ്പു മാറി.
കോഴിക്കോടന്‍ ശൈലിയിലുള്ള പപ്പുവിന്റെ സംഭാഷണം സിനിമാ പ്രേക്ഷകര്‍ക്ക് അദ്ദേഹത്തോടുള്ള പ്രിയം വര്‍ദ്ധിപ്പിക്കാന്‍ സഹായകരമായി. കാലമെത്ര കഴിഞ്ഞാലും ആ അതുല്യപ്രതിഭയെ ഇന്നും ആദരവോടെ നോക്കി കാണുകയാണ് മലയാളികള്‍.
ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹം ആയിരുന്നു പപ്പു അഭിനയിച്ച അവസാനത്തെ ചിത്രം. 2000 ഫെബ്രുവരി 25 ന് വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ പപ്പു മരണത്തിനു കീഴടങ്ങിയെങ്കിലും അദ്ദേഹത്തിന്റെ സിനിമകളില്‍ നിന്നുള്ള ഡയലോഗുകളും അദ്ദേഹത്തിന്റെ പലവിധ ഭാവ വിശേഷങ്ങളും ട്രോളുകളിലൂടെ ഇന്നും സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. കാലാതിവര്‍ത്തിയായ അദ്ദേഹത്തിന്റെ സംഭാഷണങ്ങള്‍ക്ക് പോകെപ്പോകെ മിഴിവേറി വരുന്നതേ ഉള്ളൂ.