കേരളാ സര്‍ക്കാരിന്റെ അഭിമാനപരിപാടിയായ കേരളീയത്തിന് വിമര്‍ശനവുമായി ബാലചന്ദ്രമേനോന്‍. കേരളീയം പരിപാടിയോടൊപ്പം നടത്തുന്ന ചലച്ചിത്രോത്സവത്തെയാണ് ബാലചന്ദ്രമേനോന്‍ വിമര്‍ശിച്ചത്. മലയാള സിനിമയില്‍ 45 വര്‍ഷം പിന്നിടുന്ന തന്റെ ഒരു ചിത്രം പോലും ചലച്ചിത്രോത്സവത്തില്‍ ഉള്‍പ്പെടുത്തതാണ് മേനോനെ ചൊടിപ്പിച്ചത്.
'തീയറ്റര്‍ കാണാത്ത സിനിമകള്‍ പോലും മലയാള സിനിമയുടെ പരിച്ഛേദമായി ഈ മേളയില്‍ കാണിക്കുന്നുണ്ട്. ചില സംവിധായകരുടെ രണ്ടു ചിത്രങ്ങള്‍ കാണിക്കുന്നുണ്ട്. എന്നാല്‍ ബാലചന്ദ്രമേനോന്റെ ഒരു സിനിമ പോലും കാണിക്കുന്നില്ല. സ്ത്രീപക്ഷ സിനിമയായ അച്ചുവേട്ടന്റെ വീട് ഉണ്ട്, ഹാസ്യ ചിത്രം എന്ന നിലയില്‍ ചിരിയോ ചിരിയുണ്ട്. ചിരിയോ ചിരി മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്റര്‍ ആയിരുന്നു. അതിനു ശേഷമാണ് നാടോടിക്കറ്റ് ഉള്‍പ്പെടെയുള്ള ഹാസ്യചിത്രങ്ങള്‍ വരുന്നത്. ഏപ്രില്‍ 18 പോലെയുള്ള ജനപ്രീതിയുള്ള സിനിമകളുണ്ട്. ഇതൊന്നും യോഗ്യതയുള്ള സിനിമകള്‍ അല്ലേ. അങ്ങിനെ തീരുമാനമെടുത്തത് ആരാണ്''. ഇത് നീതിക്കു നിരക്കാത്ത പ്രവര്‍ത്തിയാണെന്ന് ബാലചന്ദ്രമേനോന്‍ വിമര്‍ശിച്ചു.
''കെ എസ് എഫ് ഡി സി, ചിത്രാഞ്ജലി എന്നീ സര്‍ക്കാര്‍ സംരംഭങ്ങളോട് ഏറ്റവും കൂടുതല്‍ സഹകരിച്ച ഒരു നടനാണ് താന്‍. ചിത്രാഞ്ജലിയിലാണ് സമാന്തരങ്ങള്‍ എടുത്തത്. അവിടെ നിന്ന് പോയിട്ടാണ് അത് ദേശീയ അവാര്‍ഡ് നേടിയത്. ആ സിനിമയില്‍ താന്‍ പത്ത് ഡിപ്പാര്‍ട്മെന്റാണ് നോക്കിയത്. അത് ലോക സിനിമയുടെ ചരിത്രത്തില്‍ തന്നെ ഒരു റെക്കോര്‍ഡാണ്. ആ സമാന്തരങ്ങള്‍ പോലും ഈ ചലച്ചിത്രമേളയില്‍ ഇല്ല. എന്തുകൊണ്ട് അതിനെ ഇതില്‍ ഉള്‍പ്പെടുത്തിയില്ല. അത് ചിത്രാഞ്ജലിയുടെ ഒരു പ്രസ്റ്റീജ് ചിത്രമല്ലേ. അത് അവിടെ കാണിക്കാന്‍ കൊള്ളരുതാത്ത ചിത്രമാണോ .? സര്‍ക്കാര്‍ ഉത്തരം തരണം.
ഞങ്ങള്‍ എന്തും അങ്ങ് ചെയ്യുമെന്ന് പറഞ്ഞേക്കരുത്, ജനാധിപത്യമാണ്.റെയില്‍വേ എന്നത് ഒരു രാജ്യത്തിന്റെ ഞരമ്പുകളാണ്. അതിലെ രക്ത ഓട്ടം നിലക്കാന്‍ പാടില്ല എന്ന് ഞാന്‍ പറഞ്ഞതാണോ തെറ്റ്. ദേശീയത കൊണ്ടുവന്നതാണോ തെറ്റ്. കുടുംബമാണ് എല്ലാത്തിന്റെയും ആധാരം കുടുംബം നന്നായി സൂക്ഷിക്കണം എന്ന് എന്റെ സിനിമകളില്‍ കൂടി പ്രചരിപ്പിച്ചതാണോ ഞാന്‍ ചെയ്ത തെറ്റ്''- ബാലചന്ദ്ര മേനോന്‍ ചോദിച്ചു.