അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ഗോള്‍ഡ്. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം അല്‍ഫോണ്‍സ് തിരിച്ചെത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. പൃഥ്വിരാജ്, നയന്‍താര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരനും അഭിനയിച്ചിരുന്നു. പൃഥ്വിരാജിന്റെ അമ്മയായിട്ടു തന്നെയാണ് മല്ലിക ചിത്രത്തില്‍ വേഷമിട്ടത്.
ഇപ്പോള്‍ ഗോള്‍ഡിന്റെ കാസ്റ്റിങ്ങിനെ പറ്റി പറഞ്ഞു കൊണ്ടുള്ള അല്‍ഫോണ്‍സിന്റെ കുറിപ്പാണ് വൈറലാകുന്നത്. ചിത്രത്തില്‍ ഇന്ദ്രജിത്തിനെ ഉള്‍പ്പെടുത്താന്‍ കഴിയാത്തതില്‍ തനിക്കു സങ്കടമുണ്ടെന്ന് അല്‍ഫോണ്‍സ് പറയുന്നു.
സിനിമയൊക്കെ കഴിയാറായപ്പോ എനിക്കെന്തോ മിസ്സിങ് തോന്നി. ആ മിസ്സിങ് ചേട്ടന്‍ തന്നെയാണ്.പൃഥ്വിരാജിനെയും മല്ലിക സുകുമാരനേയും ഗോള്‍ഡില്‍ അഭിനയിപ്പിച്ചപ്പോള്‍ ഇന്ദ്രജിത്തിനെ താന്‍ മറന്നു പോയെന്ന് അല്‍ഫോണ്‍സ് കുറിച്ചു. ഇനി എപ്പോഴെങ്കിലും കൂടെ വര്‍ക്ക് ചെയ്യണം എന്നുണ്ടെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.
അല്‍ഫോണ്‍സ് പുത്രന്റെ കുറിപ്പ്:
ദി മിസ്റ്ററി. ദി ഓപ്പണിംഗ് സീന്‍. ജോഷിയും അമ്മയുമായി ജീവിച്ചതിന് രണ്ടു പേര്‍ക്കും നന്ദി. സുകുമാരന്‍ സാറിന് എന്റെ ഭാഗത്ത് നിന്നും പ്രത്യേക നന്ദി. ഇന്ദ്രജിത്ത് ചേട്ടന്‍ എന്നോട് ക്ഷമിക്കണം. സുകുമാരന്‍ സാറിനേയും മാഡത്തിനേയും രാജുവിനേയും അഭിനയിപ്പിച്ചപ്പോ ചേട്ടനെ മറന്നു പോയി. ആരും ഓര്‍മിപ്പിച്ചില്ല.
പക്ഷേ സിനിമയൊക്കെ കഴിയാറായപ്പോ എനിക്കെന്തോ മിസ്സിങ് തോന്നി. ആ മിസ്സിങ് ചേട്ടന്‍ തന്നെയാണ്. ഇനി എപ്പോഴെങ്കിലും കൂടെ വര്‍ക്ക് ചെയ്യണം എന്നുണ്ട് ഇന്ദ്രജിത്ത് ചേട്ടാ. ഗോള്‍ഡിലെ ബി.ജി.എം., ജിംഗിള്‍സ്, പാട്ടുകള്‍ എല്ലാം ഒന്നൊന്നായി റിലീസ് ചെയ്യാന്‍ പോവുകയാണ്. ഒന്നും ക്രമത്തിലായിരിക്കില്ല. അത് ഉറപ്പാണ്.അല്‍ഫോണ്‍സ് കുറിച്ചു. കുറിപ്പിനൊപ്പം ഗോള്‍ഡിലെ ചില രംഗങ്ങളും പങ്കുവച്ചിട്ടുണ്ട്.
ഗോള്‍ഡിന്റെ റിലീസിനു ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. പാട്ടും റീലുമൊക്കെയായി നിറഞ്ഞു നില്‍ക്കുകയായിരുന്നു താരം. എന്നാല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ ബ്രേക്കെടുക്കുകയാണ് ചെയ്തത്. വീണ്ടും സോഷ്യല്‍ മീഡിയയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് അല്‍ഫോണ്‍സ്.