ഹോളിവുഡ് സംവിധായകന്‍ ജെ ജെ പെറിയോടൊപ്പം റോക്കി ഭായ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
ഇന്ത്യന്‍ ചലച്ചിത്ര ലോകത്തില്‍ റോക്കി ഭായ് സൃഷ്ടിച്ച തരംഗം ചലച്ചിത്ര പ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാകില്ല. പാന്‍ ഇന്ത്യന്‍ ചലച്ചിത്രമായ കെജിഎഫ്, യഷിന്റെ കരിയറില്‍ വന്‍ ബ്രേക്കാണ് നല്‍കിയത്. കെജിഎഫ് 3-ക്കായി ആരാധകര്‍ കാത്തിരിക്കുമ്പോഴാണ് മലയാളികളുടെ സ്വന്തം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ യഷ് എത്തുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ചലച്ചിത്ര ലോകത്തില്‍ നിന്നും ഔദ്യോഗിക പ്രതികരണങ്ങള്‍ ഇതുവരെയുണ്ടായിട്ടില്ല. ഇതിനിടയിലാണ് യഷിന്റെ പുതിയ ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
ഹോളിവുഡ് നടനും, സംവിധായകനും, ആക്ഷന്‍ കൊറിയോഗ്രാഫറുമായ ജെ ജെ പെറിക്കൊപ്പമുള്ള യഷിന്റെ പുതിയ ചിത്രങ്ങളാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. പുതിയ ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്കും ലുക്ക് ടെസ്റ്റിനുമായി ലണ്ടനിലാണ് യഷ് ഇപ്പോള്‍ താമസിക്കുന്നത്.
ഇവിടെ വെച്ചാണ് പെറിയെ കണ്ടുമുട്ടിയിരിക്കുന്നത്. ഈ കൂടിക്കാഴ്ചയ്ക്കു പിന്നില്‍ കന്നട സൂപ്പര്‍ താരം ഹോളിവുഡിലേക്ക് ചേക്കേറുകയാണോ എന്നും യഷിന്റെ അടുത്ത ചിത്രത്തിനായി ആക്ഷന്‍ സീനുകള്‍ കൊറിയോഗ്രാഫ് ചെയ്യാനായി പെറി എത്തുമോ എന്നുള്ള ചര്‍ച്ചകളുമാണ് ആരാധകര്‍ക്കിടയില്‍ സജീവമാകുന്നത്. അതേസമയം ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'യഷ് 19' എന്നാണ് താത്കാലികമായി പേരിട്ടിരിക്കുന്നത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.