'ദ കശ്മീര്‍ ഫയല്‍സ്' എന്ന ചിത്രത്തിന് ശേഷം വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'വാക്‌സിന്‍ വാര്‍'. ഇന്ത്യയുടെ കോവിഡ് പോരാട്ടത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കോവിഡ് പോരാട്ടത്തില്‍ രാജ്യം നടത്തിയ ചെറുത്തുനില്‍പ്പിനെ കുറിച്ച് നിങ്ങള്‍ അറിയാതിരുന്ന അവിശ്വസനീയമായ കഥ എന്നാണ് വിവേക് അഗ്‌നിഹോത്രി നേരത്തെ പറഞ്ഞത്.
പല്ലവി ജോഷി, അനുപം ഖേര്‍, നാനാ പടേകര്‍, റെയ്മ സെന്‍, ഗിരിജ, നിവേദിത ഭട്ടാചാര്യ, സപ്തമി ഗൗഡ, മോഹന്‍ കൗപുര്‍ എന്നിവരടക്കമുള്ളവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, പഞ്ചാബി, ഭോജ്പുരി, ബംഗാളി, മറാഠി, തെലുഗു, തമിഴ്, കന്നഡ, ഉറുദു എന്നീ 11 ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. സെപ്തംബര്‍ 28ന് ചിത്രം തിയേറ്ററുകളിലെത്തും.
2023 ഓഗസ്റ്റ് 15ന് ചിത്രം വിവിധ ഭാഷകളില്‍ എത്തും എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. കൊവിഡ് 19നെ കുറിച്ചും രാജ്യത്തെ വാക്‌സിനേഷന്‍ പ്രക്രിയയെ കുറിച്ചും ആസ്പദമാക്കിയാണ് ചിത്രം. ഐ ആം ബുദ്ധ പ്രൊഡക്ഷന്‍സും അഭിഷേക് അഗര്‍വാളും ചേര്‍ന്ന് അഗര്‍വാള്‍ ആര്‍ട്ടിന്റെ ബാനറിലാണ് സിനിമ നിര്‍മിക്കുന്നത്.
നിരൂപക ശ്രദ്ധക്കൊപ്പം വിവാദങ്ങളിലും ഇടംപിടിച്ച കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറഞ്ഞ 'ദ കശ്മീര്‍ ഫയല്‍സ്' രാജ്യമൊട്ടാകെ 630 തിയറ്ററുകളില്‍ നിന്ന് 4.25 കോടി നേടിയിരുന്നു. അനുപം ഖേര്‍, മിഥുന്‍ ചക്രവര്‍ത്തി, ദര്‍ശന്‍ കുമാര്‍, പല്ലവി ജോഷി, ചിന്മയി മാണ്ട്‌ലേകര്‍, പുനീത് ഇസ്സര്‍, പ്രകാശ് ബേലവാടി, അതുല്‍ ശ്രീവാസ്തവ, മൃണാല്‍ കുല്‍ക്കര്‍ണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്..