തന്റെ 16-ാം ശസ്ത്രക്രിയക്ക് മുമ്പ് മോഹന്‍ലാലിനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച കുഞ്ഞ് ആരാധകന് സര്‍പ്രൈസ് കോളുമായി മോഹന്‍ലാല്‍. നിരണം സ്വദേശി ശ്രീഹരിയെ ആണ് ലാലേട്ടന് സര്‍പ്രൈസായി ഫോണില്‍ വിളിച്ചത്. തന്റെ 16-ാമത് ശസ്ത്രക്രിയക്ക് മുമ്പായി മോഹന്‍ലാലിനെ ഒരുനോക്ക് കാണണം, അതായിരുന്നു നിരണം സ്വദേശിയായ ശ്രീഹരിയുടെ ആഗ്രഹം. പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ ഇക്കാര്യം ലാലേട്ടനെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിക്കുകയായിരുന്നു. ഇതറിഞ്ഞ മോഹന്‍ലാല്‍ പിന്നെ ഒട്ടും അമാന്തിക്കാതെ ഫോണ്‍ ചെയ്യുകയായിരുന്നു.
ആദ്യം ഫോണ്‍ എടുത്തത് ശ്രീഹരിയുടെ അമ്മ ആയിരുന്നു. മറുതലയ്ക്കല്‍ മോഹന്‍ലാലിന്റെ ശബ്ദം കേട്ടതും ശ്രീഹരിയുടെ അമ്മയ്ക്ക് വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. ഒരു നോക്ക് കാണാനെങ്കിലും പറ്റുമോ എന്നായി അമ്മയുടെ ചോദ്യം. പക്ഷെ കൊവിഡ് കാലമായതിനാല്‍ അക്കാര്യം സാധ്യമാവാത്തതിനെക്കുറിച്ച് മോഹന്‍ലാല്‍ വിശദമാക്കി. എങ്കില്‍ ഒരു വീഡിയോ കോള്‍ എങ്കിലും നടക്കുമോ എന്നായി. ഇപ്പോള്‍ താന്‍ ചികിത്സയില്‍ തുടരുന്നതിനാല്‍, കൃത്യമായ സമയം കണ്ടെത്തി പിന്നീട് വിളിക്കാമെന്നും താരം ഉറപ്പുനല്‍കുകയായിരുന്നു. പിന്നാലെ ശ്രീഹരിയോടും മോഹന്‍ലാല്‍ സംസാരിച്ചു.
ബ്ലാഡ്ഡറില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്നാണ് ശ്രീഹരിയ്ക്ക് ശസ്ത്രക്രിയക്ക് നടത്തുന്നത്. ബ്ലാഡറില്‍ ഉണ്ടാവുന്ന പ്രയാസങ്ങള്‍ ശരീരത്തെയും ബാധിക്കുന്നുവെന്നും ശ്രീഹരിയുടെ അമ്മ പറയുന്നു.