അതിരു കടന്ന ആരാധകരുടെ ആരാധനയില്‍ പ്രതികരണവുമായി നടന് സല്മാന് ഖാന്. 'ടൈഗര്‍ 3' എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് തിയേറ്ററിനുള്ളില്‍ അപകടമാംവിധം സല്മാന് ആരാധകര്‍ കരിമരുന്ന് പ്രയോഗം നടത്തിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ വിഡിയോ വൈറലായതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.
സല്മാന് ഖാന് നായകനായ 'ടൈഗര്‍ 3' എന്ന ചിത്രം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. കത്രീന കൈഫ് നായികയായ ചിത്രം മനീഷ് ശര്‍മയാണ് സംവിധാനം ചെയ്തത്. ഇന്നലെ ചിത്രത്തിന്റെ ഷോയ്ക്കിടെ ആരാധകര്‍ തിയേറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ചിരുന്നു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ മാലേഗാവിലെ മോഹന്‍ സിനിമാസ് എന്ന തിയേറ്ററിലാണ് സംഭവം നടക്കുന്നത്.
ഇതിന്റെ വീഡിയോ വലിയ രീതിയില്‍ പ്രചരിക്കുകയും ചര്‍ച്ചയാകുകയും ചെയ്തു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സല്മാന് ഖാന്. തന്റെ എക്സ് പേജിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്.
'ടൈഗര്‍ 3 സിനിമയുടെ പ്രദര്‍ശനത്തിനിടെ തിയേറ്ററിനുള്ളില്‍ പടക്കം പൊട്ടിച്ചതിനെക്കുറിച്ച് ഞാന്‍ കേട്ടു. ഇത് വളരെ അപകടകരമായ കാര്യമാണ്. മറ്റുള്ളവരെയും നമ്മെയും അപകടത്തിലാക്കാതെ സിനിമ ആസ്വദിക്കുക. സുരക്ഷിതമായിരിക്കുക.'എന്നാണ് അദ്ദേഹം കുറിച്ചത്.
അതേസമയം, വൈ ആര് എഫ് സ്പൈ യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമാണ് ടൈഗര്‍ 3. ചിത്രം ആദ്യ ദിനത്തില്‍ തന്നെ ഇന്ത്യന്‍ ബോക്സോഫീസില്‍ 44.50 കോടി നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. ഇന്ത്യയില്‍ 5,500 സക്രീനിലും വിദേശത്ത് 3400 സ്ക്രീനിലുമാണ് ടൈഗര്‍ 3 റിലീസ് ചെയ്തത്.