Latest News

കന്നിമാസത്തിലെ ആയില്യത്തില്‍ ജനിച്ചവന്‍; സ്‌കൂളില്‍ ചേര്‍ക്കും വരെ മുസ്ലീം;രഹസ്യം വെളിപ്പെടുത്തി നടന്‍ സലീം കുമാര്‍

Malayalilife
 കന്നിമാസത്തിലെ ആയില്യത്തില്‍ ജനിച്ചവന്‍; സ്‌കൂളില്‍ ചേര്‍ക്കും വരെ മുസ്ലീം;രഹസ്യം വെളിപ്പെടുത്തി നടന്‍ സലീം കുമാര്‍

ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് സലീം കുമാര്‍. നടന്‍ എന്നതിലുപരി സംവിധായകനും മിമിക്രിതാരവുമൊക്കെയായ താരം മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് എന്നാണ് അറിയപ്പെടുന്നതും. ഏതു വേഷം ചെയ്താലും എല്ലാം ഒന്നിനൊന്നു മികച്ചതാക്കുന്ന സലീം കുമാറിനെ കുറിച്ച് മലയാളികള്‍ക്കുള്ള ഏറ്റവും വലിയ സംശയമാണ് നടന്റെ പേരിനു പിന്നിലെ കഥ. സലീം എന്ന മുസ്ലീം പേരും കുമാര്‍ എന്ന ഹിന്ദു പേരും എങ്ങനെ ഒരുമിച്ച് വന്നു? ശരിക്കും ഈ നടന്‍ ഹിന്ദുവാണോ മുസ്ലീമാണോ? അതോ മതം മാറിയതാണോ എന്നതാണ് ആ സംശയം. ഇപ്പോഴിതാ, ആരോഗ്യപരമായി ഒട്ടേറെ അവശതകള്‍ നേരിടുന്നതിനിടയിലും തന്റെ പേരിനു പിന്നില്‍ വര്‍ഷങ്ങള്‍ക്കു മുന്നേ സംഭവിച്ചത് എന്താണെന്ന് നടന്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലാണ് സലീം കുമാര്‍ ജനിച്ചത്. നിരീശ്വരവാദിയും കേരളത്തിലെ സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ ഒരാളായിരുന്ന സഹോദരന്‍ അയ്യപ്പന്റെ അനുയായിയും കൂടിയായിരുന്ന ഗംഗാധരന്റെയും കൗസല്യയുടെയും എട്ട് മക്കളില്‍ ഏറ്റവും ഇളയ മകനായിട്ടാണ് നടന്‍ ജനിച്ചത്. അന്നത്തെ കാലത്ത് ചെറുപ്പക്കാരെല്ലാം സഹോദരന്‍ അയ്യപ്പന്റെ ജാതിപരവും വിപ്ലവാത്മകമായിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായിരുന്നു. അങ്ങനെ സഹോദരന്‍ അയ്യപ്പന്റെ ആശയങ്ങള്‍ ഉള്‍ക്കൊണ്ട മാതാപിതാക്കളും മക്കള്‍ക്ക് ജാതി തിരിച്ചറിയാത്ത പേരുകള്‍ ഇടാന്‍ തുടങ്ങി. ഉദാഹരണത്തിന് ജലീല്‍, ജമാല്‍, നൗഷാദ് എന്നീ പേരുകളൊക്കെ ഈഴവരായിട്ടുള്ള ഹിന്ദു കുട്ടികള്‍ക്ക് ഇടാന്‍ തുടങ്ങി. അങ്ങനെയാണ് സലീമിനും മാതാപിതാക്കള്‍ ഈ പേരിട്ടത്.

എന്നാല്‍ പേരിനൊപ്പം കുമാര്‍ എന്നു ചേര്‍ത്തതിന് പിന്നില്‍ മറ്റൊരു കഥയുണ്ട്. ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂളിലായിരുന്നു ആദ്യം പഠിച്ചത്. അവിടെ നിന്നും ഈ സലീം എന്ന പേരുംകൊണ്ട് ചിറ്റാട്ടുകര നോര്‍ത്ത് പറവൂര്‍ സ്‌കൂളിലേക്ക് മാറ്റി ചേര്‍ക്കാന്‍ പോയി. അവിടെ വച്ച് സലീം എന്ന പേര് കേട്ടപ്പോള്‍ ഇത് മുസ്ലീം കുട്ടിയുടെ പേര് ആണെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. അച്ഛനും അന്ന് ഇതേ കുറിച്ച് ധാരണ ഉണ്ടായിരുന്നില്ല. അന്ന് അധ്യാപകരാണ് പേരിനൊപ്പം കുമാര്‍ എന്ന് കൂടി ചേര്‍ത്താല്‍ മതിയെന്ന് പറഞ്ഞു നല്‍കിയത്. അങ്ങനെ സലീമിനൊപ്പം കുമാര്‍ എന്നു കൂടി ചേര്‍ത്ത് ഹിന്ദുവാക്കി. അഞ്ചാം ക്ലാസ് വരെ മുസ്ലീമായിരുന്നു. എന്നാല്‍ അഞ്ചാം ക്ലാസിന് ശേഷം ഞാന്‍ വിശാല ഹിന്ദുവായെന്നാണ് നടന്‍ തമാശരൂപേണ പറയുന്നത്.

ശ്രീനാരായണ മംഗലം കോളേജില്‍ നിന്നും പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ സലീം കുമാറിന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു ഗായകന്‍ ആകണമെന്നായിരുന്നു. എന്നാല്‍ മിടുക്ക് തെളിയിച്ചത് മിമിക്രിയിലും. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ബിഎ ബിരുദം നേടിയ അദ്ദേഹം മൂന്ന് തവണ യൂണിവേഴ്സിറ്റിയുടെ മിമിക്രി കിരീടം നേടിയ സലീം കുമാര്‍ കലാഭവനിലാണ് അരങ്ങേറ്റം കുറിച്ചത്. ഏഷ്യാനെറ്റിലെ കോമഡി പ്രോഗ്രാമായ കോമിക്കോളയിലും അദ്ദേഹം ഒരു അവതാരകനായിരുന്നു. ഏകദേശം നാല് വര്‍ഷത്തോളം കൊച്ചിയിലെ ആരതി തിയേറ്റേഴ്സില്‍ പ്രൊഫഷണല്‍ നാടകവുമായും പ്രവര്‍ത്തിച്ചു. അങ്ങനെയാണ് സിനിമയിലേക്ക് എത്തിയത്. ആദ്യ ചിത്രത്തില്‍ നിന്നും അഭിനയം ശരിയല്ലെന്ന് പറഞ്ഞ് ഇറക്കിവിടുകയും പിന്നീട് ആ വേഷം ഇന്ദ്രന്‍സിന് ലഭിക്കുകയും ചെയ്തിരുന്നു.

സലീം കുമാര്‍ മിമിക്രിയിലും സിനിമയിലും ശോഭിക്കുമെന്ന് അദ്ദേഹത്തിന്റെ ജാതകത്തിലും കുറിച്ചിരുന്നു. എട്ട് മക്കളില്‍ ഇളയവനായി ജനിച്ചതിനാല്‍ തന്നെ അന്നൊന്നും ജാതകം എഴുതിയിരുന്നില്ല ആര്‍ക്കും. കാരണം, അത്രയും പേര്‍ക്ക് എഴുതാന്‍ ഒത്തിരി കാശ് ആവും. മാത്രമല്ല, ജാതകം പോയിട്ട് മക്കള്‍ ജനിച്ച സമയം പോലും അമ്മയ്ക്ക് അറിയില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം മകന്‍ ആരോമലിന്റെ ജാതകം എഴുതിക്കവേയാണ് തനിക്കുമൊരു ജാതകം വേണമെന്ന് സലീം കുമാറിന് തോന്നിയത്. അങ്ങനെ അമ്മയോട് ജനനതീയ്യതി ചോദിച്ചപ്പോള്‍ കടയിലെ അമ്പിയുടെ അമ്പത്തിയാറിനാണ് നിന്നെ പ്രസവിച്ചതെന്നാണ് അമ്മയുടെ മറുപടി. അമ്പി എന്ന് പറഞ്ഞാല്‍ വീടിന്റെ അടുത്ത വീട്ടിലുള്ള പെണ്‍കുട്ടിയാണ്. അവളോട് പോയി ചോദിച്ചപ്പോള്‍ അവള്‍ക്കും അറിയില്ല. പിന്നെ കണക്കു കൂട്ടി കണ്ടെത്തി.

1969 ലാണ് ജനനം, കന്നി മാസമാണ്, ആയില്യമാണ് നാളെന്നും. അങ്ങനെയാണ്, കമ്പ്യൂട്ടര്‍ ജാതകം എഴുതിക്കുന്നയാളെ നടന്‍ ജനാര്‍ദ്ദനന്‍ വഴി കണ്ടെത്തിയത്. അതില്‍ കൃത്യമായി എഴുതിയിട്ടുണ്ട് സലീം കുമാര്‍ ഒരു മിമിക്രിക്കാരനാകുമെന്നും സിനിമാക്കാരനാകുമെന്നും ഒക്കെ. അതു കണ്ട് ശരിക്കും ഞെട്ടി പോയി. ജാതകത്തിന് ഇത്ര ശക്തിയുണ്ടോയെന്ന് വരെ വിചാരിച്ചു. എന്നാല്‍ മോന്റെ ജാതകത്തില്‍ എഴുതിയത് അവന്‍ ശാസ്ത്രക്രിയ ചെയ്യുന്ന ഡോക്ടറാവുമെന്ന്. അന്നത് കണ്ട് ഏറെ സന്തോഷമാവുകയും ചെയ്തു. എന്നാല്‍ അങ്ങനെ ഡോക്ടറാവുമെന്ന് പറഞ്ഞ മോനിപ്പോള്‍ എല്‍എല്‍ബിയ്ക്ക് പഠിക്കുകയാണ്.

അന്ന് എന്റെ ജാതകം എഴുതാന്‍ എളുപ്പമായിട്ടുണ്ടാവും. കാരണം സലീം കുമാറിനൊരു ജാതകം വേണമെന്ന് പറഞ്ഞപ്പോള്‍ ഗൂഗിളില്‍ നോക്കിയാല്‍ മതിയല്ലോ എന്നാണ് നടന്‍ തമാശരൂപേണ ഇതിനെ പറഞ്ഞു വച്ചത്.

Salim kumar says about his name

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക