മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി ഒരുക്കിയ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥ രചിച്ചത് ലിജോയും തിരക്കഥ രചിച്ചത് എസ് ഹരീഷുമാണ്.പ്രേക്ഷകരും നിരൂപകരും കയ്യടിയോടെ സ്വീകരിച്ച ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്, ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ മേക്കിങ് നിലവാരവും മമ്മൂട്ടി എന്ന നടന്റെ അഭിനയത്തികവുമാണ്. ഇപ്പോഴിതാ അത് രണ്ടും നമ്മുക്ക് കാണിച്ചു തരുന്ന ഈ ചിത്രത്തിലെ ഒരു രംഗത്തിന്റെ മേക്കിങ് വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്.
ചിത്രത്തിലെ ഏറെ ശ്രദ്ധ നടിയ സീനുകളുടെ മേക്കിംഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് മമ്മൂട്ടി കമ്പനി. വീഡിയോ യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റിലും ഇടം പിടിച്ചു കഴിഞ്ഞു.സീന്‍ വിശദമായി പറഞ്ഞു നല്‍കുന്ന ലിജോയെയും വീണ്ടും വീണ്ടും സംശയം ചോദിക്കുന്ന മമ്മൂട്ടിയെയും വീഡിയോയില്‍ കാണാം. കണ്ണിന് നല്‍കേണ്ട ഭാവ മാറ്റത്തെ കുറിച്ച് വരെ വിശദമായി ഇരുവരും സംസാരിക്കുന്നു. രണ്ട്, മൂന്ന് ടേക്കുകള്‍ക്ക് ശേഷമാണ് അടുത്ത ടേക്കില്‍ മമ്മൂട്ടി സീന്‍ ഓക്കെയാക്കുന്നത്.
ഷോട്ട് ഓക്കെ എന്ന് ലിജോ എന്ന് പറയുമ്പോള്‍ 'അങ്ങനെയത് ഓകെയായി' എന്ന് നെടുവീര്‍പ്പിടുന്ന താരത്തിന്റെ ശബ്ദവും വിഡിയോയില്‍ കേള്‍ക്കാം. സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നത് പോലെ ഈ വീഡിയോക്കും നല്ല പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
മമ്മൂട്ടി അവതരിപ്പിക്കുന്ന ജെയിംസ് എന്ന കഥാപാത്രം അഭിനയത്തിന്റെ വിസ്മയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് തീര്‍ത്തും വേറിട്ട ഒരു ചലച്ചിത്ര അനുഭവമാണ് സമ്മാനിച്ചിരിക്കുന്നത്. മമ്മൂക്കയുടെ കരിയറിലെ ഏറ്റവും മികച്ച അഞ്ച് കഥാപാത്രങ്ങളെ തിരഞ്ഞെടുത്താല്‍ അതില്‍ ഒന്ന് നന്‍പകല്‍ നേരത്ത് മയക്കത്തിലെ ജയിംസ് എന്ന കഥാപാത്രവും തീര്‍ച്ചയായും ഇടംപിടിക്കും. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ആദ്യ ചിത്രം നന്‍പകല്‍ നേരത്ത് മയക്കം തിയേറ്ററിലെത്തിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ്. ട്രൂത്ത് ഫിലിംസാണ് ഓവര്‍സീസ് റിലീസ് നടത്തുന്നത്.
രമ്യാ പാണ്ട്യന്‍, അശോകന്‍, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് - ദീപു എസ്സ് ജോസഫ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ്സ് ഹരീഷാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് - വിഷ്ണു സുഗതന്‍, അനൂപ് സുന്ദരന്‍, പി.ആര്‍.ഒ. - പ്രതീഷ് ശേഖര്‍.